ബെംഗളൂരു: മലയാള സിനിമാചിത്രീകരണത്തിനിടെ താമസിച്ച ഹോട്ടലിലെ ജീവനക്കാർ മോശമായി പെരുമാറിയതായി കന്നഡ നടി അക്ഷത ശ്രീധർ ശാസ്ത്രി. കേരള പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. ഇതോടെ നടി ബെംഗളൂരുവിലേക്ക് തിരിച്ചുവരികയായിരുന്നു.

'കൊച്ചിൻ ഷാദി അറ്റ് ചെന്നൈ 03' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ജീവനക്കാർ മോശമായി പെരുമാറിയെന്ന് കാണിച്ച് നടി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി. സുനിൽ കുമാറിന് പരാതി നൽകി. ചെന്നൈയിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ത്രാതക, ഉദ്ദീശ്യ, രാജണ്ണ മേഘ, രാജീവ തുടങ്ങിയ കന്നഡ സിനിമകളിൽ അക്ഷത പ്രധാന വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്.

ഹോട്ടൽമുറി വൃത്തിയാക്കാത്തത് ചോദ്യംചെയ്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. മുറി വൃത്തിയാക്കാൻ നിങ്ങൾ രാജകുമാരിയല്ലല്ലോയെന്നാണ് ഹോട്ടൽ റിസപ്ഷനിൽ ഇരുന്നയാൾ ചോദിച്ചത്. ഇതുവരെ താമസിച്ചതിന്റെ പണം നൽകിയില്ലെന്ന് പറഞ്ഞും അപമാനിച്ചു. ഇതോടെ സിനിമയുടെ അണിയറപ്രവർത്തകരുമായി ബന്ധപ്പെട്ടെങ്കിലും അവരും തന്റെ ഭാഗത്തുനിന്നില്ലെന്ന് നടി ആരോപിക്കുന്നു.