മുംബയ്: പ്രിയദർശൻ ശരിക്കുമൊരു ജീനിയസ്സാണെന്നും തന്നെ ഹാസ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ച മഹാനാണെന്നും പ്രശസ്ത ബോളിവുഡ് നടൻ അക്ഷയ്കുമാർ. ആക്ഷൻ കിങ് എന്ന നിലിയിൽ ഒരുകാലത്ത് ഹിന്ദി ചലച്ചിത്ര ലോകത്ത് തിളങ്ങിനിന്ന അക്ഷയ്കുമാർ ആക്ഷൻ ചിത്രങ്ങൾക്ക് അപ്പുറത്ത് ഒരു വേഷം ചെയ്യുന്നത് പ്രിയദർശന്റെ പടങ്ങളിലൂടെയാണ്.

കരിയർ തുടങ്ങി ഏഴെട്ട് വർഷം പിന്നിട്ടിട്ടും ആക്ഷൻ സിനിമകൾ മാത്രമാണെന്ന് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. ആക്ഷൻ സിനികൾക്കപ്പുറം ഒരു വേഷം തനിക്ക് ഇണങ്ങുമോ എന്ന് മറ്റുള്ളവരും ചിന്തിച്ചില്ലെന്നും അതിന് മാറ്റം വരുത്തിയത് പ്രിയദർശനാണെന്നും അക്ഷയ് കുമാർ പറയുന്നു.

അടിയും ഇടിയും മാത്രമാണ് ചേരുന്നതെന്ന് പോലും ചിന്തിച്ചിരുന്നതെന്നും എന്നാൽ പിന്നീട് ഈ ചിന്തയിൽ മാറ്റം വരുത്തിയെന്നും താരം വ്യക്തമാക്കി. സ്ഥിരമായുള്ള ഈ ആക്ഷൻ ഇമേജിൽ ഇനി തുടരാനാകില്ലെന്നും പരീക്ഷണങ്ങൾ നടത്തണമെന്നും തീരുമാനമെടുത്തു. ഇതോടെയാണ് പ്രിയദർശനുമായി സംസാരിക്കുന്നത്. അതോടെ കാര്യങ്ങൾ മാറി. എന്നിലെ നടനെ കണ്ടെത്തിയത് അദ്ദേഹമാണ്. - അക്ഷയ് പറഞ്ഞു.

പ്രിയദർശൻ തന്നിൽ വിശ്വാസം അർപ്പിച്ചിരുന്നെന്നും ഹാസ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്നും അക്ഷയ് കുമാർ പറഞ്ഞു. പ്രിയദർശൻ വളരെ ബ്രല്യൻ ആണെന്നും മലയാളത്തിലും ഹിന്ദിയിലുമായി 74 സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും അതിൽ അറുപത്തെട്ടും ഹിറ്റാണെന്നും അക്ഷയ് പറഞ്ഞു. 30-40 ദിവസം കൊണ്ട് ഒരു സിനിമ പൂർത്തിയാക്കുന്ന അദ്ദേഹം ശരിക്കുമൊരു ജീനിയസ് അല്ലേയെന്നാണ് അക്ഷയ് ചോദിക്കുന്നത്.

പുതിയ ചിത്രമായ ജോണി എൽഎൽബി-2 ന്റെ പ്രചരണത്തിനിടെയാണ് അക്ഷയ് പ്രിയനെ പുകഴ്‌ത്തിയത്. ഏറ്റവുമൊടുവിൽ മിന്നാരം എന്ന 1994ലെ മോഹൻലാൽ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ബോളിവുഡിൽ പ്രിയൻ-അക്ഷയ് വിജയജോഡി കൈകോർക്കുന്നത്.

മിന്നാരം മലയാളത്തിലെ പല പ്രിയൻ പടങ്ങൾ പോലെയും ട്രാജിക് ക്‌ളൈമാക്‌സ് ആയിരുന്നു. പക്ഷേ, ഹിന്ദിയിൽ എത്തുമ്പോൾ സ്ഥിതി മാറും. മിന്നാരവും കൂടുതൽ കോമഡി ഉൾപ്പെടുത്തി ക്‌ളൈമാക്‌സും അത്തരത്തിലാക്കിയാണ് ഒരുക്കുന്നതെന്നാണ് വാർത്തകൾ.