മുംബൈ: പീഡനത്തിന് കാരണം സ്ത്രീകളുടെ വേഷമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് പോയി പണി നോക്കാൻ പറയൂ എന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ബെംഗളൂരു സംഭവത്തിൽ ഇരയായവർക്ക് അനുകൂലമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്ഷയ് കുമാർ ഇങ്ങനെ പറഞ്ഞത്. മനുഷ്യന്റെ പരിണാമം പിന്നോട്ടാണോ എന്ന ചോദ്യവുമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൃഗങ്ങളാണ് മനുഷ്യരിലും ഭേദമെന്നും അക്ഷയ് കുമാർ പറയുന്നു. വൈറലായി മാറിയ വീഡിയോ 35 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

മനുഷ്യനെന്ന നിലയിൽ ലജ്ജ തോന്നുന്നു. എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു. കുടുംവുമൊത്ത് ഒരു യാത്രയ്ക്കു ശേഷം തിരികെ വരുമ്പോൾ വിമാനത്താവളത്തിൽവച്ചാണ് ബെംഗളൂരു സംഭവത്തേക്കുറിച്ചുള്ള വാർത്തകൾ കണ്ടത്. പൊതു വഴിയിൽ വച്ച് ചില അക്രമികൾ അഴിഞ്ഞാടി. നിങ്ങൾക്ക് അത് എങ്ങനെ തോന്നി എന്ന് അറിയില്ല. ഒരു പെൺകുട്ടിയുടെ പിതാവ് എന്ന നിലയിൽ എന്നെ അത് വല്ലാതെ ഉലച്ചു. അല്ലെങ്കിലും ഇപ്രകാരമല്ലാതെ എനിക്ക് പറയാൻ കഴിയില്ല. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കാത്ത സമൂഹം മനുഷ്യരുടേതാണ് എന്ന് പറയാനാവില്ല.

പെൺകുട്ടികളെ അപമാനിക്കുകയും കയറിപ്പിടിക്കുകയും ചെയ്തതിനെ ന്യായീകരിക്കാനും ചിലർ ഇറങ്ങിയിരിക്കുകയാണ്. പെൺകുട്ടികൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ എന്തിനാണ് ധരിച്ചത്, രാത്രിയിൽ എന്തിന് പുറത്തിറങ്ങി എന്നിങ്ങനെയാണ് ചോദ്യങ്ങൾ. നിങ്ങൾ ലജ്ജിക്കൂ, പെൺകുട്ടികളുടെ വസ്ത്രങ്ങളല്ല നിങ്ങളുടെ ചിന്തയാണ് ചെറുതാകുന്നത്. ബെംഗളൂരുവിൽ സംഭവിച്ചത് നിങ്ങളുടെ മകൾക്കോ സഹോദരിക്കോ സംഭവിക്കാതിരിക്കട്ടെ. പീഡിപ്പിക്കാൻ എത്തിയവർ മറ്റു ഗ്രഹങ്ങളിൽ നിന്നൊന്നുമല്ല, നമുക്കൊപ്പമുള്ളവർതന്നെയാണ്.

പെൺകുട്ടികൾ പുരുഷന്മാരേക്കാൾ ഒട്ടും പിന്നിൽ നിൽക്കുന്നവരല്ലെന്ന് മനസിലാക്കണം. സ്വന്തം സുരക്ഷയ്ക്കായി സ്വയം തയ്യാറാവണം. ശല്യം ചെയ്യാനെത്തുന്നവരെ നിലക്കുനിർത്താനുള്ള ചെറിയ പൊടിക്കൈകളുണ്ട്. നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ സ്പർളശിക്കാൻ ആർക്കും ധൈര്യമുണ്ടാവരുത്. ആരെയും നിങ്ങൾ ഭയക്കേണ്ടതില്ല. പകരം ജാഗ്രതയോടെ ഇരിക്കുക. ഇനി നിങ്ങളുടെ വസ്ത്രത്തേക്കുറിച്ച് ആരെങ്കിലും ഉപദേശവുമായി വന്നാൽ ആ ഉപദേശം കയ്യിൽ വെക്കാനും സ്വന്തം ജോലി നോക്കാനും പറയണമെന്നും അക്ഷയ് കുമാർ പെൺകുട്ടികളോട് പറയുന്നു.

 

.