ചെന്നൈ: കമൽ ഹാസന്റെ മകൾ അക്ഷര ബുദ്ധമതം സ്വീകരിച്ചുവെന്ന വിവാദം ചർച്ചയാകുന്നതിനിടെ ഇതിന് മറുപടിയെന്നവണ്ണം അച്ഛനും മകളും ട്വിറ്ററിലൂടെ പ്രതികരിച്ചു. അക്ഷര ഹസ്സൻ മതം മാറിയോ എന്ന ചർച്ചയിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യൽ മീഡിയ. തന്റെ പുതിയ ചിത്രമായ 'വിവേകത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് മതം മാറ്റം സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ച് അക്ഷര സംസാരിച്ചത്. ബുദ്ധമതം തനിക്ക് ഇഷ്ടമാണെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങളിലേക്ക് തന്റെ മനസ്സ് ആകർഷിക്കപ്പെടുന്നുവെന്നും അക്ഷര പറഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട വിവാദത്തിനും തിരിതെളിഞ്ഞു. താൻ ബുദ്ധമതം സ്വീകരിച്ചുവെന്ന് അക്ഷര പറഞ്ഞതായും വാർത്തകൾ വന്നു.

ഇതോടെ വിഷയം സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തു. 'അക്ഷര മതം മാറി പക്ഷേ കമൽ പോലും അറിഞ്ഞില്ല' എന്ന രീതിയിൽ ചർച്ചകൾ ശക്്തമായി. നിരീശ്വരവാദിയായ കമലിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്നായിരുന്നു ട്വിറ്ററിൽ ഉയർന്ന പ്രധാന ചോദ്യം.

എന്തായാലും തനിക്ക് നേരിട്ടറിയാത്ത പ്രചരണങ്ങളെക്കുറിച്ച് അക്ഷരയോട് കമൽ ഹാസൻ ട്വീറ്റ് തന്നെ ചോദിച്ചു. 'നീ മതം മാറിയതായി ഞാൻ അറിഞ്ഞു. എങ്കിലും എനിക്ക് നിന്നോട് വലിയ സ്നേഹമാണ്. സ്നേഹത്തിന് പരിധികളില്ല. പക്ഷേ മതം അങ്ങനെയല്ല. ജീവിതം ആസ്വദിക്കൂ' എന്നായിരുന്നു ട്വീറ്റ്.

ഇല്ല ഞാൻ മതം മാറിയിട്ടില്ല എന്ന മറുപടിയുമായി അക്ഷര എത്തിയതോടെ വിവാദങ്ങൾ ഒഴിഞ്ഞു. ഞാൻ ഇപ്പോഴും നിരീശ്വരവാദി തന്നെയാണ്. പക്ഷേ ബുദ്ധമതം എന്നെ ആകർഷിക്കുന്നു. അതൊരു ജീവിത രീതിയാണ്. സ്നേഹത്തോടെ അക്ഷര. എന്തായാലും അക്ഷര അച്ഛന് നൽകിയ മറുപടി ട്വീറ്റ് കണ്ടതോടെ സംശയങ്ങൾക്ക് ഉത്തരം ലഭിച്ച ആശ്വാസത്തിലാണ് സോഷ്യൽ മീഡിയ.

ശിവ സംവിധാനം ചെയ്യുന്ന വിവേകം എന്ന കമൽഹാസന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് അക്ഷര ഹാസന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അജിത്തിന്റെ 57ാം ചിത്രം കൂടിയാണിത്. ചിത്രം ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും. ധനുഷ് നായകനായ ഷമിതാഭ് എന്ന ചിത്രത്തിലൂടെയാണ് അക്ഷര സിനിമാ ലോകത്തെത്തുന്നത്. ഇതിനിടയിലാണ് മതംമാറ്റ വിവാദം ഉണ്ടായതും.