കോഴിക്കോട്: ഇന്ത്യയിൽ ഇസ്ലാമിക് ബാങ്കിംഗിന് വലിയ സാധ്യതകളാണുള്ളതെന്നും അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനു സാധിക്കുന്നില്ലെന്നും അമേരിക്കയിലെ ലോക പ്രശസ്ത ഇസ്ലാമിക സാമ്പത്തിക വിദഗ്ധൻ ഡോ. മുൻദിർ അൽ കഹ്ഫ്. നിലവിൽ ഇസ്ലാമിക ബാങ്കിംഗിനെക്കുറിച്ച് തെറ്റിദ്ധാരണകളേറെയാണ്. ഇന്ത്യൻ ബാങ്കിങ് നിയമ പ്രകാരം ഇസ്ലാമിക് ബാങ്കിങ് സംവിധാനത്തിൽ വാങ്ങലും വിൽക്കലും ബാങ്ക് മുഖേന നേരിട്ട് സാധ്യമല്ല എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്.

എന്നാൽ വാണിജ്യ സ്വഭാവത്തിലുള്ള കച്ചവടങ്ങൾക്ക് പകരം ധനപരമായ ഇടപാടുകളിലേക്ക് മാറുന്നതോടെ തീരുന്നതാണ് ഇതിലെ നിയമപ്രശ്‌നങ്ങൾ. മുസ്ലിം പണ്ഡിതന്മാരിൽ തന്നെ പലർക്കും പൊതു ജനങ്ങൾക്ക് മൊത്തത്തിലും ഇസ്ലാമിക് ബാങ്കിങ് എന്താണ് എന്ന് കൃത്യമായി മനസ്സിലായിട്ടില്ല എന്ന പരിമിതിയുണ്ട്.ഇതിന് ശക്തമായ ബോധവൽകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശാന്തപുരം അൽജാമിഅ കോഴിക്കോട് അസ്മാ ടവറിൽ ഇസ്ലാമിക് ബാങ്കിംഗിന്റെ പുതിയ സാധ്യതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് ബാങ്കിങ് ഇതര ബാങ്കിങ് സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്തും സുതാര്യവും ധാർമ്മിക മൂല്യങ്ങളിലധിഷ്ഠിതവുമാണ്. എല്ലാ അർത്ഥത്തിലും ചൂഷണമുക്തമാണ് ഈ സംവിധാനം. സാമ്പത്തിക രംഗത്തെ പലിശ ചൂതാട്ടം പോലുള്ള കടുത്ത ദൂഷ്യങ്ങളെ അത് പൂർണ്ണമായി നിരാകരിക്കുന്നു.

മതപരമായ വൈജാത്യങ്ങളില്ലാതെ മുഴുവൻ മനുഷ്യർക്കും വേണ്ടിയുള്ളതാണീ സംവിധാന മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ അൽജാമിഅ റെക്ടർ ഡോ.അബ്ദുസ്സലാം അഹ്മദ് അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കോ ഓഡിനേറ്റർ ഷൗക്കത്തലി സുലൈമാൻ സ്വാഗതം പറഞ്ഞു