ഷാർജ: എമിറേറ്റിലെ അൽ മജാസ് ഏരിയ മൂന്നും പ്രീ പെയ്ഡ് പാർക്കിങ് സോണായി പ്രഖ്യാപിച്ചു. ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിങ് ഡയറക്ടർ അതിഫ് അൽ സറൗനിയാണ് പുതിയ പേ പാർക്കിങ് മേഖല പ്രഖ്യാപിച്ചത്. വാഹന ഉടമകൾ പാർക്കിങ് ലോട്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും റെസിഡന്റ്‌സിനും സന്ദർശകർക്കും പാർക്കിങ് സൗകര്യം നൽകുന്നതിനുമാണ് പുതിയ സംവിധാനമെന്ന് അൽ സറൗനി വ്യക്തമാക്കി.

വാഹനം ഒരിടത്ത് ഏറെ സമയം നിർത്തിയിടുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്നും ഡയറക്ടർ വെളിപ്പെടുത്തു. അറബ് ക്ലബ് സ്ട്രീറ്റ്, ഹസൻ ബിൻ തബിത് സ്ട്രീറ്റ്, സ്ട്രീറ്റ് നമ്പർ 3, സൽമ ബിൻ അഖ്വ മോസ്‌ക്ക് എന്നിവിടങ്ങളിൽ പുതിയ മീറ്ററുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇവിടങ്ങളിൽ ഇനി കൂടുതൽ സൗകര്യത്തോടെ വാഹനങ്ങൾ പാർക്ക് ചെയ്യാം.

പാർക്കിങ് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് മുനിസിപ്പാലിറ്റിയെന്നും അൽ സറൗനി ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന പാർക്കിങ് ആവശ്യങ്ങൾ പരിഹരിക്കാനും കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുമാണ് പെയ്ഡ് പാർക്കിങ് സംവിധാനങ്ങൾ കൊണ്ടുവരുന്നതെന്നും അധികൃതർ വെളിപ്പെടുത്തി.