കാബൂൾ: കൊല്ലപ്പെട്ടെന്ന് കരുതിയ അൽ ഖ്വയ്ദ തലവൻ അയ്മാൻ അൽ സവാഹിരി വീണ്ടും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. യുഎസിൽ അൽ ഖ്വയ്ദ നടത്തിയ 9/11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷിക ദിനത്തിലാണ് അൽ സവാഹിരിയുടെ പുതിയ വീഡിയോ പുറത്തുവന്നത്. 60 മിനിറ്റ് ദൈർഘ്യമുള്ള സവാഹിരിയുടെ പ്രസ്താവന ഉൾപ്പെട്ട വീഡിയോ അൽ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് പുറത്തുവിട്ടത്.

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചതോടെയാണ് കഴിഞ്ഞ ദിവസം സവാഹിരി വിഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്നത്. ഇസ്രയേലിനെതിരായ ഒരു മണിക്കൂർ നീളുന്ന വീഡിയോയാണ് സപ്തംബർ 11ന് പുറത്തിറങ്ങിയത്. ജറുസലേം യഹൂദന്മാർക്ക് വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്ന ഡോക്യുമെന്ററി രീതിയിലുള്ള വീഡിയോയാണ് ഇത്. .

ശനിയാഴ്ച രാവിലെ മുതൽ തന്നെ സവാഹിരി പങ്കെടുക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ അൽ ഖ്വെയ്ദയുടെ ഒദ്യോഗിക മാധ്യമമായ അസ്- സഭയിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ഒരു മണിക്കൂർ വീഡിയോ ടെലഗ്രാമിൽ പങ്കുവെച്ചത്.

 

വിഡിയോയിൽ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജിഹാദി ഗ്രൂപ്പുകളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പാണ് അൽ ഖായിദ പുറത്തുവിട്ട ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

റഷ്യൻ സൈനിക താവളത്തിലെ റെയ്ഡ് തുടങ്ങി ചില വിഷയങ്ങൾ സവാഹിരി സംസാരിച്ചതായി സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിനെക്കുറിച്ച് സവാഹിരി പരാമർശിച്ചിട്ടില്ലെന്ന് സൈറ്റ് ഡയറക്ടർ റീത്ത കാറ്റ്‌സ് അഭിപ്രായപ്പെട്ടു.

ഡോക്യുമെന്ററി രീതിയിലുള്ള വീഡിയോ ടെലഗ്രാമിലൂടെയാണ് അൽ ഖ്വയ്ദ പുറത്തുവിട്ടത്. ജെറുസലേമിനെ യഹൂദവത്ക്കരില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൊല്ലപ്പെട്ട നിരവധി അൽ ഖ്വയ്ദ ഭീകരരെ വീഡിയോയിൽ അനുസ്മരിക്കുന്നുണ്ട്. അതേസമയം അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും പുതിയ താലിബൻ സർക്കാരിനെക്കുറിച്ചൊന്നും വീഡിയോയിൽ പറയുന്നില്ല.

ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് ശേഷമാണ് അൽ സവാഹിരി അൽ ഖ്വയ്ദയുടെ നേതൃ സ്ഥാനത്തേക്കെത്തുന്നത്. എന്നാൽ ദീർഘകാലമായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ രോഗബാധിതനായി സവാഹിരി മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ നവംബറിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു മറ്റൊരു റിപ്പോർട്ട്. പിന്നീട് അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ പൂർണ ആരോഗ്യവാനായാണ് സവാഹിരി പ്രതികരിക്കുന്നത്. അയ്മൻ അൽ സവാഹിരി എഴുതിയ 852 പേജുകളുള്ള പുസ്തകമാണ് ആദ്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. അൽ ഖ്വെയ്ദ യുടെ ഭാവിയെക്കുറിച്ച് പറയുന്ന പുസ്തകം 2021 ഏപ്രിലിൽ ഏഴുതിയതാണെന്നാണ് റിപ്പോർട്ട്. 2011 ൽ പാക്കിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകരരെ കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. 2019 ൽ അഫ്ഗാൻ പ്രതിരോധ സേന കൊലപ്പെടുത്തിയ അൽ ഖ്വെയ്ദ നേതാവ് മൗലാന അസീം ഉമ്മറിനെപ്പറ്റിയും പുസ്തകത്തിൽ പറയുന്നു.



ഈജിപ്ത് വംശജനായ അൽ ഖായിദ നേതാവാണ് അയ്മാൻ അൽ സവാഹിരി. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സംരക്ഷണയിൽ കറാച്ചിയിൽ ഒളിവിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലപ്പെട്ടതായും വാർത്തവന്നത്. 2001ൽ അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സേന അൽ ഖായിദയെ തുരത്തിയതു മുതൽ സവാഹിരിയെ പാക്കിസ്ഥാൻ സംരക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ മേധാവിയായിരുന്ന ഒസാമ ബിൻ ലാദൻ 2011 മെയ്‌ രണ്ടിനു യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിൻ ലാദനു ശേഷം അൽ ഖായിദയെ നയിച്ചതു സവാഹിരിയാണ്.

അമേരിക്ക ആഗ്രഹിച്ചതിന് വിപരീതമാണ് നടക്കാൻ പോകുന്നത് എന്ന സൂചനയാണ് പുറത്ത് വരുന്നത്. താലിബാൻ ഭരണത്തിൽ അൽ ഖ്വെയ്ദയെയും ഇസ്ലാമിക് സ്റ്റേറ്റിനെയും തിരിച്ചുവരാൻ അനുവദിക്കരുതെന്ന് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുവരുന്നത്.

താലിബാനുമായി കൈകോർത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അൽ ഖ്വെയ്ദ. ഇതിന്റെ നേതാക്കളെല്ലാം വീണ്ടും തിരിച്ചുവരികയാണ്. താലിബാൻ കേന്ദ്രീകരിച്ച് ഭീകര സംഘടനകൾ ശക്തിയാർജ്ജിക്കുന്നത് ലോകത്തിന് ഒന്നാകെ കടുത്ത പ്രതിസന്ധിയാണ് ഉയർത്തുന്നത്.