ന്യൂഡൽഹി: പശ്ചിമ ബംഗാളിനെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് സ്‌ഫോടനം നടത്താൻ അൽഖായിദ തയ്യാറെടുക്കുന്നായി ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഭീകരസംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ആക്രണം നടത്താനാണ് പദ്ധതി. നവംബർ അഞ്ചിനാണ് ഇന്റലിജൻസ് ബ്യൂറോ ഈ റിപ്പോർട്ട് കൈമാറിയത്.

വിദേശത്തു നിന്നുള്ള സഹായത്തോടെ, പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ പ്രവർത്തനനിരതമാക്കി ആക്രമണ പരമ്പര സംഘടിപ്പിക്കാനാണ് പദ്ധതി. ഇതിനായി പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദ ഗ്രൂപ്പ്, തീവ്രവാദ പ്രവർത്തനത്തിനായി പശ്ചിമബംഗാളിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി.

മുമ്പ് കസ്റ്റഡിയിലെടുത്ത ഭീകരപ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് എൻഐഎയ്ക്ക് ഈ വിവരം ലഭിച്ചത്. സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളെ അടക്കം ഭീകരർ ലക്ഷ്യം വെക്കുന്നതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ബംഗാളിലെ യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി പാക്കിസ്ഥാനിലെ കറാച്ചിയിലും പെഷവാറിലും റിക്രൂട്ടിങ് സെന്ററുകൾ തുറന്നിട്ടുണ്ടെന്നും ഐബി വ്യക്തമാക്കി. ഭീകരസംഘടനകളുമായി അടുത്ത് പ്രവർത്തിക്കുന്ന 11 പേരെ ഇതിനോടകം എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.