- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദയ്ക്ക് പ്രതികാരമായി ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തും; ഉന്നമിടുന്നത് ഡൽഹി, മുംബൈ, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ; ഭീഷണിക്കത്തുമായി അൽഖ്വായ്ദ; കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തിൽ
ന്യൂഡൽഹി: ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദയ്ക്ക് പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽഖ്വായ്ദ. ഇന്ത്യയിൽ അഞ്ചിടങ്ങളിലായി ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. ഡൽഹി, മുംബൈ, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. ജൂൺ ആറ് എന്ന തിയതി വച്ചാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്.
'പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി' ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്രവാചകനെ അവഹേളിക്കുന്നവരെ വകവരുത്തുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കൾ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നുണ്ട്. കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
മാപ്പെന്ന വാക്കുകൊണ്ടോ ഖേദപ്രകടനം കൊണ്ടോ ഈ വിഷയം അവസാനിക്കുകയില്ലെന്നും അൽ ഖാഇദയുടെ ഭീഷണി പ്രസ്താവനയിൽ പറയുന്നു. തെഹ്‌രികെ താലിബാൻ പാക്കിസ്ഥാനും ഇന്ത്യയിൽ ആക്രമണ ഭീഷണി മുഴക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ മതനിരപേക്ഷ എഴുത്തുകാർക്കും ബ്ലോഗർമാർക്കും എതിരെ ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഭീകരസംഘടനയാണ് ഐ.ക്യു.ഐ.എസ് ഇവരാണ് ആക്രമണത്തിന് കോപ്പുകൂട്ടുന്നത്.
പാക്കിസ്ഥാൻ. ബംഗ്ലാദേശ്, മ്യാന്മർ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ സംഘടനയിൽപ്പെട്ട ഭീകര പ്രവർത്തകരുണ്ടെന്നാണ് കരുതപ്പെടുന്നത്. ബിജെപി. മുൻ വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർ നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് ചില രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നേതാക്കൾക്കെതിരെ ബിജെപി. നടപടി സ്വീകരിച്ചു. വിമർശനത്തിന് ഇടയാക്കിയ പരാമർശങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തിരുന്നു.
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ നിരവധി രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, ഇറാൻ, ഇറാഖ്, തുർക്കി, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈജിപ്ത് കേന്ദ്രമായുള്ള ഇറബ് പാർലമെന്റും പ്രതിഷേധം അറിയിച്ചു.
മറുനാടന് ഡെസ്ക്