ദോഹ: ദോഹയിലെ മെട്രോ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി തിരക്കേറിയ അൽ സദ്ദ് മേഖലയിലെ റോഡുകളും അടക്കുന്നു. ഇതിന്റെ ആദ്യ പടിയെന്നോണം ഇവിടെ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് റോഡടക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നോട്ടീസ് ലഭിച്ച് തുടങ്ങി.അൽ സദ്ദ് സ്ട്രീറ്റ് മെട്രോ സ്‌റ്റേഷന്റെ നിർമ്മാണ പ്രവൃത്തികൾക്കായി അടുത്ത മൂന്ന് വർഷത്തിനകം അടച്ചു തുടങ്ങുമെന്നറിയിച്ച് വ്യാപാരികൾക്ക് നോട്ടീസ് ലഭിച്ചത്. ഒക്ടോബർ 15 മുതൽ റോഡ് അടച്ചിടുമെന്നാണ് വ്യാപാരികൾക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.

11 സ്‌റ്റേഷനുകളുള്ള ഗോൾഡ് ലൈനിന്റെ ഭാഗമാണ് അൽസദ്ദ് സ്‌റ്റേഷൻ.വില്ലാജിയോയിൽ നിന്നും പഴയ എയർപോർട്ട് വരെയാണ് ഗോൾഡ് ലൈൻ. 2018 ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിൽ 44 ലക്ഷം റിയാലിന് ഗ്രീക്ക് കമ്പനിയായ അക്‌ടോറാണ് നിർമ്മാണം ഗോൾഡ് ലൈനിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ദശകങ്ങളായി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുള്ള അൽസദ്ദ് ഖത്തറിലെ പുരാതനവും പ്രധാനപ്പെട്ടതുമായ കച്ചവട കേന്ദ്രമാണ്. ദശലക്ഷക്കണക്കിന് റിയാലിന്റെ കച്ചവട നഷ്ടമാണ് തീരുമാനത്തിലൂടെ തങ്ങളെ കാത്തിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.പാർസൽ സർവീസ് വിപുലപ്പെടുത്തിയോ മറ്റു സ്ഥലങ്ങളിൽ ശാഖകൾ തുറന്നോ പ്രതിസന്ധി തരണം ചെയ്യുന്നതിനെ കുറിച്ചാലോചിക്കുകയാണ് ഹോട്ടൽ വ്യാപാരികൾ.