കൊച്ചി: ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റലിലെ ചികിത്സപിഴവിന്റെ ജീവിക്കുന്ന രക്തസാക്ഷി ദിവ്യ ചന്ദ്രൻ കാക്കനാട്ടെ വീട്ടിൽ കോമ സ്റ്റേജിൽ ഇപ്പോഴും കഴിയുകയാണ്. ആരോടും മിണ്ടാൻ പോലും സാധിക്കാതെ, പൈൽസ് സർജ്ജറിയുടെ ഇതുവരെ ഉണങ്ങാത്ത മുറിവുമായി നരകയാതന അനുഭവിക്കുകയാണ് ദിവ്യയെന്ന 34 കാരി. പിതാവില്ലാത്ത കുടുംബത്തിന് ഇന്ന് ഏക ആശ്രയം സുഹൃത്തുക്കൾ പിരിച്ചെടുത്ത് നൽകുന്ന നോട്ടുകളാണ്. 2016 നവംബർ 29 നായിരുന്നു ദിവ്യ ചന്ദ്രനെ ഡോക്ടർ ഷാജഹാൻ യൂസഫ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം പൈൽസ് സർജ്ജറിക്ക് വിധേയമാക്കിയത്.

ഇടപ്പള്ളി അൽഷിഫ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുമ്പോൾ നാലോ, അഞ്ചോ ദിവസം കൊണ്ട് സർജ്ജറി കഴിഞ്ഞ് മടങ്ങാം എന്നായിരുന്നു വീട്ടുകാർക്ക് ഹോസ്പിറ്റൽ കൊടുത്ത വിവരം. എന്നാൽ സർജ്ജറി കഴിഞ്ഞപ്പോൾ സ്റ്റിച്ച് ഇടാൻ പോലും പറ്റാത്ത അത്രയും വലിയ മുറിവ് ഉണ്ടായി. തുടർന്ന് നവംമ്പർ 30 ന് സ്റ്റിച്ച് ഇട്ടു. സ്റ്റിച്ചിട്ടതിനെത്തുടർന്ന് സഹിക്കാൻ പറ്റാത്ത നിലയിൽ വേദനയുണ്ടായി.

ഇതോടെ ആശുപത്രി അധികൃതർ ടെസ്റ്റ് ഡോസ് നൽകാതെ പെയിൻ കില്ലെർ കൂടിയ തോതിൽ ഇൻജക്ട് ചെയ്തു. വളരെപ്പെട്ടന്ന തന്നെ ശരീരം വീർത്ത് രണ്ടാൾക്കാരുടെ അത്രയ്ക്കും തടിയായി. ആളെ കണ്ടാൽപോലും തിരിച്ചറിയാത്ത നിലയായി. പെയിൻ കില്ലെർ എടുത്ത രീതിയുടെ പിഴവാണ് ദിവ്യയുടെ ശരീരം വീർക്കുന്നതിനും പിന്നീട് കോമ സ്റ്റേജിൽ ആകുന്നതിനും കാരണമായതെന്നാണ് പിന്നീടുള്ള വിദഗ്ധ ചികിത്സയിൽ മനസ്സിലായത്, സഹോദരൻ നിഖിൽ പറയുന്നു.

വീട്ടിൽ അടങ്ങിയിരിക്കാൻ ചെറുപ്പംമുതലേ താൽപ്പര്യം ഇല്ലാത്ത ആളാണ് ദിവ്യ. സംസാരിച്ച് തുടങ്ങിയാൽ കേട്ടുനിൽക്കുന്നവരുടെയൊക്കെ ഹൃദയം കീഴടക്കും, വീട്ടുകാരുടേയും നാട്ടുകാരുടേയും സഹജീവനക്കാരുടേയും ഇഷ്ടപാത്രമായിരുന്നു ദിവ്യയെന്ന് 34 കാരി. ഇപ്പോൾ ആരോടും മിണ്ടില്ല, ഇടയ്ക്ക് കണ്ണ് തുറന്ന് ചുറ്റും നോക്കും, മല വിസജ്ജനം നടത്തുമ്പോൾ വേദന കൊണ്ട് കണ്ണ് ഇടയ്ക്കൊന്നു നിറയും. സർജ്ജറി കഴിഞ്ഞ് വർഷം ഒന്നാകുമ്പോഴും, മലദ്വാരത്തിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല.

ഇടയ്ക്ക് പഴുക്കും, പിന്നീട് ഉണങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കും, എന്നാൽ ഉണങ്ങില്ല. കിടന്നകിടപ്പിൽ തന്നെ, ട്യൂബിൽക്കൂടിയാണ് ഭക്ഷണം നൽകുന്നത്. സുഹൃത്തുക്കൾ വരുമ്പോൾ പറയുന്നത്, ദിവ്യയുടെ ഈ കിടപ്പ് കണ്ട് സഹിക്കാൻ കഴിയുന്നില്ലെന്നാണ്. അവരുടെ സഹായംകൊണ്ടുമാത്രമാണ് ഈ ഈ കുടുംബം ഇപ്പോൾ മുന്നോട്ട് പോവുന്നത്. അമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു.

വർഷം ഒന്നുകഴിഞ്ഞു പെൺകുട്ടിയുടെ കോമ സ്റ്റേജിലുള്ള ഈ കടപ്പ് തുടങ്ങിയിട്ട്, ഇതുവരെയായും ആശുപത്രിയുടെ ഭാഗത്ത് നിന്നും ഒരു സഹായവും ഉണ്ടായിട്ടില്ല, ഇൻഫോപാർക്കിൽ ദിവ്യ ജോലി ചെയ്തിരുന്ന തിങ്ങ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരും മറ്റ് സുഹൃത്തുക്കളും ചേർന്ന് രണ്ടര ലക്ഷത്തോളം രൂപ പിരിച്ച് നൽകി. എന്നാൽ ആശുപത്രി അധികൃതർ കഴിഞ്ഞ ആഴ്ച എറണാകുളം പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അവകാശപ്പെട്ടത്, പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്നും, ഇപ്പോളും ചികിത്സ ചെലവ് നൽകുന്നുണ്ടെന്നുമാണ്. ഒരിക്കൽ മാത്രം അൽഷിഫ ഹോസ്പിറ്റൽ എംഡി ഷാജഹാൻ യൂസഫ് സാഹിബ് വീട്ടിൽ വന്നു. ചികിത്സ ചെലവ് താരാമെന്ന് പറഞ്ഞു. പക്ഷെ ഇന്നേവരെ തന്നിട്ടില്ല.

അമ്മയും ഹോം നേഴ്സും സഹോദരനും ചേർന്നാണ് ദിവ്യയെ പരിചരിക്കുന്നത്. അമ്മയ്ക്ക് പ്രായമായതിനാൽ പലപ്പോഴും സഹോദരി ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്വം നിഖിലിനാണ്. അതിനാൽ ജോലിക്ക് പോകാനും കഴിയുന്നില്ല. അൽഷിഫ ആശുപത്രിയിയിൽ നിന്ന് നേരെ കിംസ് ആശുപത്രിയിലെ ചികിത്സയാണ് തേടിയത്. എന്നാൽ ലേക്ഷോർ ആശുപത്രിയിൽ പരിചയമുള്ള ഡോക്ടർ ഉള്ളതിനാൽ പിന്നീട് അങ്ങോട്ട് മാറ്റുകയായിരുന്നു. ഇപ്പോൾ ചികിത്സയ്ക്ക് മാത്രമായി ആയിരങ്ങൾ വേണം മാസം. എത്രവർഷം ഇനിയും ചികിത്സ വേണമെന്നും അറിയില്ല, എന്തായാലും ഇനി നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഹൈക്കോടതിയിൽ ഉടൻ തന്നെ ഹരജി സമർപ്പിക്കും, നഷ്ടപരിഹാരം നൽകണമെന്നും ആ ആശുപത്രി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടും. സഹോദരൻ പറയുന്നു.

വേണ്ടത്ര യോഗ്യതയില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഡോക്ടർ ഷാജഹാനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ, ആശുപത്രി അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് മാനേജ്മെന്റ് പത്രക്കുറിപ്പും ഇറക്കിയിരുന്നു. നിലവിൽ ജീവനക്കാരോട് സ്വമേധയാ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മാനേജ്മെന്റ്. അതേസമയം, ഡോക്ടർ ഷാജഹാനെ അറസ്റ്റുചെയ്യുകയും, നിയമപരമായി ആശുപത്രി അടച്ചുപൂട്ടുന്നത് വരെുയും നിരാഹാര സമരം തുടരുമെന്ന് യുവമോർച്ച് ജില്ല സെക്രട്ടറി അനിൽ കെ ഇടപ്പള്ളി അറിയിച്ചു.