കൊച്ചി: ഐഎംഎ പുറത്താക്കിയ ഡോ.ഷാജഹാന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ അൽ ഷിഫ സൂപ്പർ സ്പെഷ്യാലിറ്റി ഫോർ പൈൽസ് ആശുപത്രി നടത്തുന്നത് അനധികൃത ചികിത്സയും തീവെട്ടികൊള്ളയുമാണെന്ന് ആരോപണം. ഒരു ലക്ഷത്തോളം രൂപ വരെ ഓപ്പറേഷൻ ചാർജ്ജ് വാങ്ങി അത്യാധുനിക ലേസർ ചികിത്സ രോഗികൾക്ക് വാഗ്ധാനം ചെയ്യുന്നുണ്ടെങ്കിലും, ആർ.എഫ് ചികിത്സമാത്രമാണ് ഇവിടെ ചെയ്യുന്നതെന്ന് മുൻ നഴ്സിംങ് സൂപ്രവൈസർ അമ്പിളി ഗോപിനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിനാവട്ടെ 15,000 രൂപയിൽ താഴെ മാത്രമാണ് ചെലവ് വരുന്നതെന്നും ഇവർ പറയുന്നു. 2016 നവംമ്പർ 28 ന് അൽഷിഫയിൽ വെച്ച് നടത്തിയ സർജറിമൂലം കോമ സ്റ്റേജിലായ കാക്കനാട് ഇൻഫോപാർക്കിൽ (തിങ് ഫാമം) ജീവനക്കാരി ദിവ്യ ചന്ദ്രന്റെ കുടുംബം ആശുപത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഷാജഹാന്റെ എംഡി ബിരുദത്തിൽ സംശയം ഉണ്ടായതോടയാണ് ഇയാൾക്കെതിരെ ഐഎംഎ നടപടി സ്വീകരിച്ചത്.

മരുന്ന് പരിശോധന നടത്താതെ ഫുൾ ഡോസിൽ ദിവ്യ പി ചന്ദ്രനിൽ ഉപയോഗിച്ചതാണ് പിന്നീട് പെൺകുട്ടി കോമ സ്റ്റേജിൽ ആകാൻ കാരണമായത്. അമ്മയും സഹോദരനും മാത്രമുള്ള ഈ കുടുംബം പെൺകുട്ടിയുടെ ചികിത്സയ്ക്കായിമാത്രം മാസംതോറും പതിനായിരങ്ങളാണ് ചലവിടുന്നത്. ആശുപത്രി അധികൃതരിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്നും, ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരും മറ്റ് സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്നാണ് ഇതുവരെയുള്ള ചികിത്സ ചെലവ് വഹിച്ചതെന്നും പെൺകുട്ടിയുടെ സുഹൃത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ വരാൻ ദിവ്യയുടെ കുടുംബം തയ്യാറാകുന്നില്ലെന്ന് ദിവ്യയുടെ സുഹൃത്തുക്കൾ പറയുന്നു.

ഫയർ ആൻഡ് സേഫ്റ്റി മുതൽ ഓപ്പറേഷൻ തീയ്യറ്ററിന് വരെ അംഗീകാരങ്ങളില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് മുൻ നഴ്സിംങ് സുപ്രവൈസർ അടക്കമുള്ളവർ ഉയർത്തുന്ന ആരോപണം. ആശുപത്രിയുടെ മാനേജിംങ് ഡയറക്ടറും ചീഫ് മെഡിക്കൽ കൺസൽറ്റന്റുമായ ഷാജഹാൻ യൂസഫിന് സർജറി നടത്താനുള്ള യോഗ്യതകൾ ഇല്ലെന്നാണ് രേഖകളുടെ അടിസ്ഥാനത്തിൽ അബിളി ഗോപിനാഥ് പറയുന്നത്. 2007 ൽ റഷ്യയിലെ ഉളിയാനോവസ്‌ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിഷ്യനായി എംഡി എടുത്തുവെന്നാണ് ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്നാണ് അമ്പിളി ആരോപിക്കുന്നത്.

ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ട്രാവൻകൂർ കൊച്ചിൻ കൗൺസിലിൽ ഷാജഹാൻ യൂസഫ് സാഹിബിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റൽ ഹോമിയോപതിയിൽ ഡിപ്ലോമമാത്രമാണ് ഷാജഹാന്റെ യോഗ്യത. റിട്ടയേർഡ് ഗവൺമെന്റ് സർജ്ജനായ ഡോ പിസി ജോസഫിന്റെ യോഗ്യതകളെ മറയാക്കിക്കൊണ്ടാണ് ഷാജഹാൻ സർജ്ജറികൾ ചെയ്യുന്നത്. എൺപതിനടുത്ത് പ്രായമുള്ള പിസി ജോസഫ് ഡോക്ടർ ഓപ്പറേഷൻ തീയ്യറ്ററിൽ ഉണ്ടാകും എന്നല്ലാതെ, സർജ്ജറികൾ ചെയ്യുന്നത് അൽഷിഫയിലെ ഓപ്പറേഷൻ തീയ്യറ്ററിൽ ജോലി ചെയ്തിരുന്ന ഒരവസരത്തിലും കണ്ടിട്ടില്ല. പ്രായത്തിന്റെ അവശകൾ കാരണമാണിത്. എന്നാൽ ഡിസ്ചാർജ്ജ് സമ്മറി റിപ്പോർട്ടിൽ സൈൻ ചെയ്യുന്നത് ഡോ പിസി ജോസഫാണ്. മുൻ നഴ്സിംങ് സൂപ്രവൈസർ അമ്പിളി പറയുന്നു.

ഡോ.ഷാജഹാൻ യൂസഫ് സാഹിബ് സർജ്ജറി ചെയ്യാൻ പാടില്ലെന്ന തിരുവനന്തപുരം കൺസ്യൂമർ കോടതി 2015 ലെ വിധി ലംഘിച്ചാണ് ഇപ്പോഴും ഇയാൾ സർജ്ജറികൾ തുടരുന്നതെന്നാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത്. 2006 മെയ് 10 നാണ് കോട്ടയം സ്വദേശി പ്രസാദ് കുമാർ ടി യെ പൈൽസിനുള്ള ലേസർ സർജ്ജറിക്ക് വിധേയമാക്കുന്നത്. സർജ്ജറിയുടെ തുടർന്ന് നിയന്ത്രിക്കാനാവാത്ത നിലയിൽ മലവും മൂത്രവും പോകുന്ന അവസ്ഥയിലെത്തി. തുടർന്ന് എസ്.ഐ മുതൽ അന്നത്തെ ആരോഗ്യമന്ത്രി പികെ ശ്രീമതി ടീച്ചരുടെ മുന്നിൽ വരെ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 2008 ൽ കോടതിയെ സമീപിച്ചത്. തനിക്ക് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡോ ഷാജഹാൻ ഇനി സർജ്ജറികൾ ചെയ്യാൻ പാടില്ലെന്നും 30.04.2015 ൽ വിധിച്ചു. തനിക്ക് മുമ്പും തനിക്ക് ശേഷവുള്ള മറ്റെല്ലാ കേസുകളും കോടതിയിൽ എത്തുന്നതിന് മുമ്പ് പണം നൽകി ഒത്തുതീർപ്പാക്കുകയാണ് പതിവെന്നും പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

താൻ അൽഷിഫയുടെ ലേസർ തട്ടിപ്പിന്റെ ഇരയാണ്. മലദ്വാരത്തിന്റെ ഭാഗങ്ങൾ മുറിവുകൾകൊണ്ട് ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജിലെ 94 ദിവസത്തെ ചികിത്സയെത്തുടർന്നാണ് എല്ലാം ഭേതമായത്. കൊച്ചി സ്വദേശിയായ റിട്ടയേർഡ് എസ് ഐ മുഹമ്മദലി മറുനാടൻ മലയാളിയോട് പറഞ്ഞു. 2008 ൽ അൽഷിഫയിലെ ഷാജഹാൻ ആണ് എന്നെ സർജ്ജറി ചെയ്തത്. പിന്നീട് നിയന്ത്രിക്കാൻ സാധിക്കാതെ മലവിസർജജനം നടക്കുകയാണ്. അദ്ധ്യാപികയായിരുന്ന ഞാൻ ജോലിയിൽ നിന്ന് ഇതിനെത്തുടർന്ന് വിരമിക്കേണ്ടതായി വന്നു. ആലപ്പുഴയിലെ എലിസബത്ത് ടീച്ചർ മറുനാടനോട് മനസ്സ് തുറന്നു.

കൊല്ലം ജില്ലയിലെ സുജിത്തിന് സർജറിയെ തുടർന്ന് രണ്ട് കാലിനും ഇൻഫക്ഷൻ ബാധിച്ചു. പിന്നീട് കാല് മുറിച്ചുകളയേണ്ട അവസ്ഥയിലെത്തി. എന്നാൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ചികിത്സയോടെയാണ് സുജിത്ത് രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശിയായ 22 കാരൻ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അൽഷിഫയിലെ ചികിത്സയെ തുടർന്ന് മരണപ്പെട്ടത്. ശനിയാഴ്ച സർജ്ജറി ചെയ്ത മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് തുടർന്ന് കഠിനമായ പനി ബാധിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് സർജ്ജന്മാരുടെ വിദഗ്ധ സംഘം പെൺകുട്ടിയെ പരിശോധിച്ചപ്പോൾ, ലേസർ സർജ്ജറി തന്നെയാണോ അൽ ഷിഫയിൽ നിന്ന് ചെയ്തതെന്ന് ഡോക്ടർമാരുടെ സംഘം സംശയം രേഖപ്പെടുത്തി. നാല് സ്റ്റിച്ച് ഉണ്ടെന്ന് മാത്രമല്ല, മലദ്വാരത്തിന്റെ ഭാഗത്തായി നിരവധി മുറിവുകളാണ് ഉള്ളതെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചു. ഇതനുസരിച്ച് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ പിന്നീട് പ്രവേശിപ്പിച്ചു.

പെൺകുട്ടിയുടെ ആരോഗ്യം തിരികെലഭിച്ചതിന് ശേഷം അൽഷിഫയ്ക്കെതിരെ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് മുന്നോട്ട് പോകുമെന്ന് 20 കാരിയുടെ ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ആശുപത്രിയിലെ ഓപ്പറേഷൻ തീയ്യറ്ററും പോസ്റ്റ് ഓപ്പറേഷൻ തീയ്യറ്ററും വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും, വളരെ മോശം നഴ്സിംങ് കെയർ ആണെന്നും സർജ്ജറിക്ക് ശേഷം പെൺകുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു. മലദ്വാരത്തിൽ സർജ്ജറി കഴിഞ്ഞ് വേദനയുള്ള സാഹചര്യത്തിലും വീൽചെയറിലാണ് റൂമിലേക്ക് മാറ്റിയത്. ട്രോളി ഇല്ലെയെന്ന് ചോദിച്ചപ്പോൾ നഴ്സുമ്മാർ ചിരിച്ചു. ആകെയുള്ള ട്രോളി ഓപ്പറേഷൻ തീയ്യറ്ററിൽ കേടായ നിലയിലാണെന്നാണ് വിവരം.