- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശുവിനെ കശാപ്പ് ചെയ്തതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി സർക്കാർ; തടവിലിട്ട മുഴുവൻ പേരെയും വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി
നിസാമുദ്ദീൻ: ഗോവധം നടത്തിയെന്നാരോപിച്ച് തടവിൽ കഴിയുന്ന മൂന്ന് പേരുടെ തടങ്കൽ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പരാതിക്കാരുടെ കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹരജിയെ തുടർന്നാണ് ശിക്ഷ റദ്ദാക്കിയത്. ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് തടവിലാക്കിയിരുന്നത്. ഈ കേസ് റദ്ദ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് സരോജ് യാദവും ചേർന്ന ബെഞ്ച് വിധി പറഞ്ഞത്.
ഒരാളുടെ വീടിന്റെ സ്വകാര്യതയിൽ വെച്ച് കശാപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ഒരാൾ പുലർച്ചെ വീട്ടിൽ വെച്ച് പശുവിനെ കശാപ്പ് ചെയ്യുന്നത് വിശപ്പോ തൊഴിലില്ലായ്മയോ പട്ടിണിയോ ഒക്കെ കാരണമാവാം. അവയെ ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമായി കണക്കാക്കാൻ സാധിക്കില്ല.
എന്നാൽ കുറേയേറെ കന്നുകാലികളെ ഒരുമിച്ച് കശാപ്പ് ചെയ്ത് മാംസവും രക്തവും പരസ്യമായി പ്രദർശിപ്പിക്കുന്നത് ഈ സാഹചര്യത്തോട് ചേർത്ത് കാണാനാവില്ല. ആ സമയത്ത് ഇതേ നിലപാട് കൈക്കൊള്ളാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗോവധം നടത്തിയെന്നാരോപിച്ച് ഇർഫാൻ, റഹ്മത്തുള്ള, പർവേസ് എന്നിവരെയാണ് ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നത്. ഇവർ ഓഗസ്റ്റ് 14 മുതൽ സീതാപൂർ ജയിലിൽ തടവിൽ കഴിഞ്ഞ് വരികയായിരുന്നു. ഗോവധ നിരോധന നിയമ പ്രകാരമുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
കോടതി രേഖകളിൽ പറയുന്നത് പ്രകാരം, ഇർഫാൻ, റഹ്മത്തുള്ള, പർവേസ് എന്നിവരും മറ്റ് രണ്ട് പേരും രഹസ്യമായി കശാപ്പ് നടത്തുന്നുണ്ടെന്ന വിവരപ്രകാരം താൽഗൺ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഗോമാംസം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ സംഭവസ്ഥലത്തു വെച്ചുതന്നെ അറസ്റ്റ് ചെയ്തു. വെറ്റിനറി ഡോക്ടറുടെ പരിശോധനയിൽ ഇത് ഗോമാംസമാണെന്ന് തെളിഞ്ഞു.
സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ ഗവൺമെന്റ് അഡ്വക്കറ്റ് ഇവർ ചെയ്തത് വളരെ വലിയ കുറ്റമാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ഇവരെ തടവിൽ തന്നെ പാർപ്പിക്കണമെന്നും വാദിച്ചു. എന്നാൽ അഡീഷണൽ ഗവൺമെന്റ് അഡ്വക്കറ്റിന്റെ വാദം തള്ളിയ കോടതി മൂവരുടേയും തടങ്കൽ റദ്ദാക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്