- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷം എന്ന ഒറ്റവാക്കിൽ മറുപടി; യുഎപിഎ കേസിൽ അലനും താഹയും ജയിൽമോചിതരായി; എൻഐഎ കോടതി ജാമ്യം അനുവദിച്ചത് 11 ഉപാധികളോടെ; ഇരുവരും വിയൂർ അതിസുരക്ഷാ ജയിലിൽ യുഎപിഎ തടവുകാരിൽ ആദ്യമായി ജയിൽ മോചിതരാകുന്നവർ; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് അലന്റെ അമ്മ സബിത മഠത്തിൽ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരായി. കൊച്ചി എൻഐഎ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യ അതിസുരക്ഷാ ജയിലിൽ യു.എ.പി.എ തടവിൽ കഴിയുന്നവരിൽ ആദ്യമായി പുറത്തിറങ്ങുന്ന തടവുകാരാണ് അലനും താഹയും. നേരത്തെ, മാവോവാദി നേതാവ് രൂപേഷിനെ അതിസുരക്ഷാ ജയിലിൽ നിന്ന് മാറ്റിയെങ്കിലും ജയിൽ മോചിതനായിരുന്നില്ല.
ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് ഇരുവരും പറഞ്ഞു. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ 2019 നവംബറിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കർശന ഉപാധികളോടെ ബുധനാഴ്ച രാവിലെ എൻ.ഐ.എ പ്രത്യേക കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥയിലെ ബോണ്ട് തയാറാക്കുന്നതും ഉത്തരവ് ലഭിക്കുന്നതും നീണ്ടതാണ് മോചനം വൈകിപ്പിച്ചത്. ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ ഇന്ന് രാവിലെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇരുവർക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്ന് ഹരജിയിൽ എൻ.ഐ.എ പറഞ്ഞിരുന്നു. കൂടാതെ, ഇരുവരുടെയും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ പ്രത്യേക കോടതിയിലും അന്വേഷണ സംഘം അപേക്ഷ നൽകിയരുന്നു. എന്നാൽ, ഈ അപേക്ഷ പ്രത്യേക കോടതി തള്ളി.പാസ്‌പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, മാവോവാദി സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ജാമ്യത്തിന് കോടതി വെച്ച നിബന്ധനകൾ.
ഉച്ചക്ക് 2.45ഓടെയാണ് ഇരുവരും നടപടിക്രമങ്ങൾ പൂർത്തിയാക്കി വിയ്യൂർ ജയിലിന് പുറത്തിറങ്ങിയത്. കടുത്ത ജാമ്യവ്യവസ്ഥകൾ ഉള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനുൾപ്പെടെ നിയന്ത്രണങ്ങളുണ്ട്. ഉച്ചക്ക് ഒരു മണിയോടെ അലന്റെയും താഹയുടെയും രക്ഷിതാക്കൾ ജാമ്യ ഉത്തരവും ബോണ്ടുകളുമായി വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിയിരുന്നു. ഒരു മണിക്കൂറോളമെടുത്ത നടപടികൾക്ക് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്. മകൻ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്ന് അലൻ ഷുഹൈബിന്റെ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും സബിത പറഞ്ഞു.


