- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും ആരെയും ഒഴിവാക്കില്ല; കേന്ദ്രം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു
ന്യൂഡൽഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി തിരുത്തി കേന്ദ്രസർക്കാർ. മന്ത്രിമാരായ പി തിലോത്തമൻ, തോമസ് ഐസക്, എംപിമാരായ എ എം ആരിഫ്, കെ സി വേണുഗോപാൽ എന്നിവരെ കേന്ദ്രം ചടങ്ങിൽ നിന്ന് ഒഴിവാക്കിയിരുന്നു. നടപടി വിവാദമായതിന് പിന്നാലെ പുതിയ അറിയിപ്പ് ഇറക്കുകയായിരുന്നു. സംസ്ഥാനം നിർദ്ദേശിച്ച തിരുത്തലുകൾ വരുത്തിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയവരെക്കൂടി ഉൾപ്പെടുത്തി കേന്ദ്രം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ തിരുത്തൽ നിർദ്ദേശങ്ങൾ കേന്ദ്രം അംഗീകരിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്നയച്ച പട്ടികയിലാണ് ഇവരെ ഒഴിവാക്കിയത്. കേന്ദ്രത്തിന്റേത് രാഷ്ട്രീയ നടപടിയാണെന്ന് ആരോപിച്ച് ഇടതുമുന്നണിയും കോൺഗ്രസും രംഗത്തുവന്നിരുന്നു.
ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ എന്നിവരെ ഉദ്ഘാടന ചടങ്ങളിൽ ഉൾക്കൊള്ളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോൾ പ്രകാരം സ്ഥലം എംപി എ എം ആരിഫും ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ സി വേണുഗോപാലിനെയും ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം.
എന്നാൽ നിതിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിർദ്ദേശത്തിൽ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ