- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് ട്രെയിൻ എറണാകുളത്തു നിന്നു ഓടിയെത്താനുള്ള സമയം കുറയ്ക്കണം: കെർപ
ആലപ്പുഴ: പട്ടണത്തിൽ നിന്നും കുട്ടനാട്ടിൽ നിന്നും ദിവസേന എറണാകുളത്തേക്കു ജോലിക്കായി പോയിവരുന്നവർക്കു ഏറെ പ്രയോജനപ്പെടുന്ന ധൻബാദ് എക്സ്‌പ്രസ് ട്രെയിനിന്റെ ആലപ്പുഴ-എറണാകുളം ജംഗ്ഷൻ ദൂരം ഓടാനുപയോഗിക്കുന്ന സമയം ഒരു മണിക്കൂറായി കുറയ്ക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നു കുട്ടനാട്എറണാകുളം റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയ
ആലപ്പുഴ: പട്ടണത്തിൽ നിന്നും കുട്ടനാട്ടിൽ നിന്നും ദിവസേന എറണാകുളത്തേക്കു ജോലിക്കായി പോയിവരുന്നവർക്കു ഏറെ പ്രയോജനപ്പെടുന്ന ധൻബാദ് എക്സ്‌പ്രസ് ട്രെയിനിന്റെ ആലപ്പുഴ-എറണാകുളം ജംഗ്ഷൻ ദൂരം ഓടാനുപയോഗിക്കുന്ന സമയം ഒരു മണിക്കൂറായി കുറയ്ക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നു കുട്ടനാട്എറണാകുളം റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ (കെർപ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ അധികൃതരോട് ആവശ്യപ്പെട്ടു. നിലവിലുള്ള സർവീസുകൾ കൂടുതൽ ഫലപ്രദമാക്കി യാത്രക്കാർക്കു സൗകര്യങ്ങളുണ്ടാക്കേണ്ടതുണ്ട്. ഈ ട്രെയിൻ സർവീസ് ആരംഭിച്ചതു മുതൽ ദീർഘകാലമായുള്ള ആവശ്യമായിട്ടും 2015 ഒക്ടോബർ ഒന്നിനു നടപ്പിലാക്കുന്ന ടൈം ടേബിളിലും ഓട്ടസമയം കൂട്ടിയിരിക്കുകയാണ്.
ആലപ്പുഴയിൽ നിന്നുള്ള ഏക സ്ലിപ് ട്രെയിനാണ് ജാർക്കണ്ഡ് സംസ്ഥാനത്തിലേക്കുള്ള ആലപ്പുഴ ധൻബാദ് ജംഗ്ഷൻ 13352/13351 എക്സ്‌പ്രസ് ട്രെയിൻ. റൂർക്കല ജംഗ്ഷനിൽ നിന്നു ഒരു ഭാഗം ലിങ്ക് വേർപെടുത്തി ടാറ്റാ നഗർ (ബൊക്കോറോ) സ്ലിപ്പ് 18190/18189 ആയി പോകും. പാൻട്രി കാർ അടക്കം 22 കോച്ചുകളുള്ള റേക്കാണ് ട്രെയിനുള്ളത്. ആലപ്പുഴയ്ക്കും എറണാകുളം ജംഗ്ഷനും ഇടയ്ക്ക് ചേർത്തല, തുറവൂർ എന്നീ സ്‌റ്റേഷനുകളിലാണ് ഇരുവശത്തേക്കും സ്‌റ്റോപ്പുള്ളത്. ധൻബാദിനു പോകുമ്പോൾ മാരാരിക്കുളത്തും സ്‌റ്റോപ്പുണ്ട്. ധൻബാദിലേക്കു 2536 കിലോമീറ്ററും ടാറ്റാനഗറിലേക്കു 2359 കിലോമീറ്ററുമാണ് ദൂരം. റൂർക്കലയ്ക്ക് 2195 കിലോമീറ്റർ.
ആലപ്പുഴയിൽ നിന്നു എറണാകുളം ജംഗ്ഷൻ വരെ രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന 57 കിലോ മീറ്റർ ദൂരം ഓടാൻ ഒരു മണിക്കൂറിലും താഴെ മതിയെന്നിരിക്കെ എറണാകുളത്തേക്ക് നിലവിൽ 1.20 മണിക്കൂറും എറണാകുളത്തു നിന്നു 1.55 മണിക്കൂറുമാണ് നിശ്ചിത ഓട്ടസമയമെങ്കിലും രണ്ടും മൂന്നും മണിക്കൂറിലേറെയെടുത്താണിപ്പോൾ പലപ്പോഴും ഈ ദൂരം ഓടിയെത്തുന്നത്. ഏതായാലും എല്ലാ സ്‌റ്റേഷനുകളിലും നിർത്തുന്ന പാസഞ്ചർ ട്രെയിൻ എടുക്കുന്നതിനേക്കാൾ കൂടുതൽ സമയമെടുക്കും.
ആലപ്പുഴയിൽ നിന്നു ദിവസേന രാവിലെ ആറിനു പുറപ്പെട്ടു 7.10നു എറണാകുളത്തു എത്തുകയും വൈകുന്നേരം 6.15നു എറണാകുളത്ത് എത്തി 6.25നു പുറപ്പെട്ടു ആലപ്പുഴയിൽ രാത്രി 8.20നു യാത്ര അവസാനിപ്പിക്കുകയും ചെയ്യേണ്ട ട്രെയിൻ സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ്. എന്നാൽ പുതിയ ടൈം ടേബിൾ അനുസരിച്ച് നേരത്തേ ലക്ഷ്യസ്ഥാനത്ത് എത്തുമെങ്കിലും റണ്ണിങ് ടൈം ഔദ്യോഗികമായിത്തന്നെ രണ്ടു മണിക്കൂറായി ഉയർന്നു. വൈകുന്നേരം 5.25നു എറണാകുളത്തെത്തുന്ന ട്രെയിൻ 7.25നേ ആലപ്പുഴയിൽ എത്തിച്ചേരൂ. ഫലത്തിൽ ട്രെയിനിൽ കയറുന്നവർ ഏതായാലും അത്യധികം ബുദ്ധിമുട്ടണം. പ്രകൃതിതടസങ്ങളുള്ള ദിവസങ്ങളിലൊഴികെ കൃത്യസമയത്തിനും മുൻപ് എറണാകുളത്ത് സാധാരണ എത്തുന്ന ട്രെയിനാണിത്.
പുറപ്പെട്ടു മൂന്നാം ദിവസം എറണാകുളത്ത് എത്തുന്ന ട്രെയിൻ അവസാന വേളയിൽ അവിടെ നിന്നു ആലപ്പുഴയിലെത്താൻ മൂന്നിരട്ടി സമയം എടുക്കുന്നത് യാത്രക്കാരെ കുറച്ചൊന്നുമല്ല വർഷങ്ങളായി വലയ്ക്കുന്നത്. അവസാന മണിക്കുറുകൾ വെറുതെ നീട്ടുന്നത് ദീർഘദൂര യാത്രക്കാർ അടക്കമുള്ളവരുടെ സംയമനം നഷ്ടപ്പെടുത്തുകയും വൈകിയെത്തുന്നതിനാൽ ബസുകളിൽ തുടർന്നു യാത്ര ചെയ്യേണ്ടവർ കഷ്ടപ്പെടുകയും ചെയ്യും.
ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയ്ക്ക് ഈ ട്രെയിനിൽ ദീർഘദൂര യാത്രക്കാർ കുറവായതിനാൽ ഒരു പാസഞ്ചർ ട്രെയിനിൽ കൊള്ളാവുന്നതിലേറെ പേർക്ക് എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും പോയിവരാനാകും. റെയിൽവേ ചില വിട്ടുവീഴ്ചകൾ വരുത്തി കൂടുതൽ കംപാർട്ടുമെന്റുകൾ ഡീറസർവ്ഡ് ആക്കുകയാണ് ആദ്യം ഇതിനായി ചെയ്യേണ്ടത്.
ട്രെയിനുകളുടെ റണ്ണിങ് ടൈം കുറയ്ക്കണമെങ്കിൽ വൈദ്യൂതീകരിച്ച ഇരട്ടപ്പാത നിർമ്മിക്കണമെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെങ്കിലും എറണാകുളംആലപ്പുഴകായംകുളം തീരദേശ പാതയിലെ എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനുകൾക്കു ക്രോസിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ ഇരട്ടപ്പാതയുടെ ഏകദേശ സൗകര്യം ലഭ്യമാകുമെന്നു രണ്ടു പതിറ്റാണ്ടു മുൻപു മുതൽ തന്നെ രേഖാമൂലം കേന്ദ്ര റെയിൽവേ മന്ത്രിമാർ അടക്കമുള്ളവർക്കു നിരവധി തവണ നിവേദനം നല്കിയിട്ടുണ്ടെങ്കിലും അവയെല്ലാം മറുപടി പോലും നല്കാതെ നിരാകരിക്കപ്പെടുകയായിരുന്നു. വർഷം തോറും ഒരു റെയിൽവേ സ്‌റ്റേഷനിൽ എങ്കിലും പാതകൾ കൂട്ടി, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു നവീകരിച്ചിരുന്നുവെങ്കിൽ തന്നെ ഇതിനകം ഒരു തടസവുമില്ലാതെ ട്രെയിൻ ഓടിക്കാമായിരുന്നു. കുറഞ്ഞതു തൊണ്ണൂറു കിലോമീറ്റർ ഗതിവേഗത്തിൽ പോകാൻ തക്കവിധമുള്ള ട്രാക്കുകൾ സ്ഥാപിച്ചിട്ടുള്ള തീരദേശ പാതയിൽ അതിന്റെ മൂന്നിലൊന്നു വേഗത്തിലാണ് ട്രെയിനുകൾ ഇപ്പോൾ ഓടിച്ചുകൊണ്ടിരിക്കുന്നത്.
ഇതേസമയം, ധൻബാദ് ട്രെയിനിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എഴുതി വയ്ക്കുന്ന ഡെസ്റ്റിനേഷൻ ബോർഡുകളിലെ അക്ഷരവിന്യാസം കൃത്യവും ഏകീകൃതവും ആക്കണമെന്ന ആവശ്യവുമുണ്ട്. ആലപ്പുഴയിൽ ദേശീയരും വിദേശീയരുമായ ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ പേരുകൾക്കു പ്രാധാന്യമുണ്ട്. യാത്രക്കാരുടെ പ്രയോജനാർഥം രണ്ടു ബോഗികൾ കൂടെയെങ്കിലും എണ്ണം കൂട്ടാവുന്നതുമാണ്.