- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കസ്റ്റഡിയിൽ അമ്പതോളം പേർ; അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ട് പേരുടെ മാത്രം; തീവ്രവാദബന്ധമെന്ന് ബിജെപിയുടെ ആരോപണം; വിവരങ്ങൾ തേടാൻ എൻഐഎ; നന്ദു കൃഷ്ണ വധക്കേസിന്റെ വിവരങ്ങളും ശേഖരിക്കുന്നു
ആലപ്പുഴ: ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ ഉണ്ടായ രണ്ട് കൊലപാതകങ്ങൾ സംബന്ധിച്ച വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പൊലീസിൽനിന്നു ശേഖരിച്ചേക്കുമെന്ന് സൂചന. കൊലപാതകത്തിന് പിന്നിൽ തീവ്രവാദ ബന്ധമെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസി പ്രധാനമായും വിവരങ്ങൾ പരിശോധിക്കുന്നത്. ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കൾ ഏതാനും മണിക്കൂറുകൾക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്പരം പഴിചാരി ഇരു സംഘടനകളും രംഗത്ത് എത്തിയിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് വിഷയം ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര ഏജൻസി തയ്യാറാകുന്നത്. പാലക്കാട് സഞ്ജിത്തുകൊലപാതകത്തിലും സമാനമായ ആരോപണം ഉയർന്നിരുന്നു.
രണ്ടു കൊലപാതക കേസുകളിലും കൂടി അൻപതോളം ആളുകളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. എന്നാൽ, എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. രൺജീതിന്റെ കൊലപാതകത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫെബ്രുവരി 24ന് വയലാറിൽ ബിജെപി പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതുമായി ഇപ്പോഴത്തെ സംഭവങ്ങൾക്കു ബന്ധമുണ്ടോ എന്നും സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുണ്ട്. ആ കേസിന്റെ വിവരങ്ങളും എൻഐഎ ശേഖരിക്കുന്നുണ്ടെന്നാണ് വിവരം.
നന്ദു വധക്കേസിൽ അറസ്റ്റിലായത് എസ്ഡിപിഐ പ്രവർത്തകരാണ്. ആലപ്പുഴയിൽ രൺജീത് ശ്രീനിവാസ് കൊല്ലപ്പെട്ടതിനു പിന്നാലെ നന്ദു വധക്കേസിലെ ചില പ്രതികളുടെ വീടുകൾക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. മൂന്നു കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, ബന്ധമുണ്ടെന്നു തന്നെയാണ് പൊലീസിന്റെ നിഗമനം.
ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും ഇപ്പോൾ കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുകയാണെന്നും എൻഐഎ അധികൃതർ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ വെളിവാകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാവും എൻഐഎ ഇടപെടലെന്നും അധികൃതർ സൂചിപ്പിച്ചു.
രൺജീതിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആലപ്പുഴയിൽ എത്തിയിരുന്നു. തീവ്രവാദ ബന്ധമെന്ന ആരോപണവും മറ്റും അദ്ദേഹവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നാണ് സൂചന. അതേസമയം, പ്രതികൾക്കെതിരെ സംസ്ഥാന പൊലീസ് ഏതൊക്കെ വകുപ്പുകൾ ചുമത്തുന്നു എന്നത് ഇക്കാര്യത്തിൽ പ്രസക്തമാണ്. യുഎപിഎ പോലുള്ള വകുപ്പുകൾ ചുമത്തുകയാണെങ്കിൽ അത് എൻഐഎ അന്വേഷണത്തിനും വഴിയൊരുക്കിയേക്കും.
രൺജീത്തിനെ ആക്രമിക്കാൻ 6 ബൈക്കുകളിലായി 12 പേർ എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. ഒന്നിച്ച് എത്തിയ പ്രതികൾ കൃത്യത്തിനു ശേഷം പല വഴിക്കു പോയെന്നാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖമോ ബൈക്കുകളുടെ നമ്പരോ വ്യക്തമായിരുന്നില്ല. ബൈക്കുകളുടെ ബ്രാൻഡ് നോക്കി അത്തരം ബൈക്കുകൾ ഉപയോഗിക്കുന്ന പലരെയും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു. രൺജീത്തിനെതിരായ ആക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി രണ്ടുപേർ ശനിയാഴ്ച രാത്രി വീടിന് സമീപം എത്തിയിരുന്നെന്നും സംശയമുണ്ട്. വീടിനടുത്ത് രണ്ട് അപരിചിതരെ കണ്ടിരുന്നെന്നും ചോദ്യം ചെയ്തപ്പോൾ അവർ തിരികെ പോയെന്നും രൺജീതിന്റെ മാതാവ് വിനോദിനി പറയുന്നു.
ഷാനിന്റെയും രൺജീത്തിന്റെയും കൊലപാതകത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ, അവരിൽ ആരെയെങ്കിലും പിടികൂടിയിട്ടുണ്ടോ എന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. തികഞ്ഞ രഹസ്യ സ്വഭാവത്തിലാണ് പൊലീസിന്റെ നീക്കങ്ങൾ. ഷാനിനെ കാർ ഇടിച്ചു വീഴ്‌ത്തി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അതിൽനിന്നാണ് പ്രതികൾ എത്തിയ കാർ കണ്ടെത്തിയതും രണ്ടുപേരെ പിടികൂടിയതും.തീർത്ഥാടനത്തിനു പോകാനെന്നു പറഞ്ഞു മണ്ണഞ്ചേരി സ്വദേശി പ്രസാദ് ഏർപ്പാടാക്കിയ കാറിലാണ് അക്രമി സംഘം എത്തിയത്. കാർ മണ്ണഞ്ചേരിയിലെത്തിച്ചയാളെയും പിടികൂടിയിട്ടുണ്ട്.
ഓഗസ്റ്റ് എട്ടിന് ശനിയാഴ്ച രാത്രി 8 മണിക്കാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ (38) വെട്ടേറ്റു മരിച്ചത്. വീട്ടിലേക്കു സ്‌കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചു വീഴ്‌ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. അതിനു പിന്നാലെ ഞായറാഴ്ച രാവിലെ ആറരയോടെ ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസ് (45) വീട്ടിൽ വച്ച് വെട്ടേറ്റു മരിച്ചു.
6 ബൈക്കുകളിൽ എത്തിയവർ വീടിനുള്ളിൽ അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വച്ച് രൺജീത്തിനെ തലയ്ക്കു ചുറ്റികകൊണ്ട് അടിച്ചുവീഴ്‌ത്തുകയായിരുന്നു. തുടർന്ന് വെട്ടി കൊലപ്പെടുത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ട് കഴുത്തിൽ കത്തി വച്ചു തടഞ്ഞാണ് രൺജീത്തിന്റെ ജീവനെടുത്തത്. രൺജീത്തിന്റെ 11 വയസ്സുള്ള മകളുടെ മകളുടെ നേർക്കും അക്രമികൾ വാൾ വീശി.
എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് നിലവിൽ അന്വേഷണ ചുമതല. രൺജീത്തിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പലരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഷാനിന്റെ ശരീരത്തിൽ അൻപതോളം മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കൈകാലുകളിലും തലയിലുമാണു കൂടുതൽ വെട്ടേറ്റത്.
രഞ്ജീത് ശ്രീനിവാസിന്റെ ശരീരത്തിൽ 20 വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് പറയുന്നു. തലയിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റു. വലതു തുടയിൽ 5 മുറിവുകളും ഇടതു തുടയിൽ 2 മുറിവുകളുമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തലയ്ക്ക് ചുറ്റിക കൊണ്ടുള്ള മാരകമായ ആക്രമണമേറ്റിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ