- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മയുടെ കൈപിടിച്ചു ഒന്നിച്ചു നടന്നവർ ഒരുമിച്ചു യാത്രയായി; നെജ്ലയെയും മക്കളെയും കബറടക്കിയപ്പോൾ നെഞ്ചുപൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും; റെനീസിനെ അറസ്റ്റു ചെയ്തത് ആത്മഹത്യാ പ്രേരണയും സ്ത്രീപീഡന കുറ്റവും ചുമത്തി; കടുംകൈയ്ക്ക് നെജ്ലയെ പ്രേരിപ്പിച്ചത് പൊലീസുകാരന്റെ അവിഹിത ബന്ധമെന്ന് ബന്ധുക്കൾ
ആലപ്പുഴ: ആ ഉമ്മയും മക്കളും എല്ലായെപ്പോഴും ഒരുമിച്ചായിരുന്നു. 'നാലു വർഷം മുൻപ് പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കാനായി എത്തുമ്പോൾ നെജ്ലയുടെ കയ്യിൽ ടിപ്പു സുൽത്താനുണ്ടായിരുന്നു. അവന് ഒരു വയസ്സ് പ്രായം. പിന്നീട് മലാല ജനിച്ചു. ഒരുകൈ കൊണ്ട് മലാലയെ എടുത്തും മറുകൈയിൽ ടിപ്പുവിനെ പിടിച്ചുമല്ലാതെ നെജ്ലയെ ഞങ്ങൾ കണ്ടിട്ടില്ല' പൊലീസ് ക്വാർട്ടേഴ്സിന്റെ എ ബ്ലോക്കിലെ എ12 നമ്പർ വീട്ടിലെ നെജ്ലയെയും കുട്ടികളെയും പറ്റി അയൽക്കാർ പറയുന്നത് ഇങ്ങനെയാണ്.
ഇങ്ങനെ ജീവിതത്തിൽ ഒരുമിച്ചു നടന്നവരാണ് മരണത്തിലും ഒരുമിച്ചത്. മക്കളെ കൈവിട്ടു ജീവനൊടുക്കാൻ നെജ്ല തയ്യറായിരുന്നില്ല. അതുകൊണ്ടാകാം അവരെ കൊലപ്പെടുത്തി ആത്മഹത്യയെന്ന കടുംകൈയിലേക്ക് അവർ പോയത്. മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെ അറസ്റ്റു ചെയ്തിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്. ഇന്നലെയാണ് റെനീസിന്റെ ഭാര്യ നെജ്ല മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് പോസ്റ്റുമോർട്ടത്തിനു ശേഷം ഇവരുടെ മൃതദേഹം കബറടക്കി. പിഞ്ചു മക്കളെ കബറടക്കിയപ്പോൾ ബന്ധുക്കളം സുഹൃത്തുക്കളും നെഞ്ചുപൊട്ടി കരയുകയായിരുന്ു.
ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് നെജ്ലയുടെ കുടുംബം നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ റെനീസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീപീഡന കുറ്റവും ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്തു. റെനീസ് നെജ്ലയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് അയൽക്കാരും ബന്ധുക്കളും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ കേസ് കൊടുത്തെങ്കിലും പിന്നീട് ഒത്തുതീർപ്പായി. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
തൂങ്ങിയ നിലയിലായിരുന്നു നെജ്ലയുടെ മൃതദേഹം കണ്ടെത്തിയത്. ടിപ്പുവിനെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിൽ മുക്കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലിയിലായിരുന്ന റെനീസ് രാവിലെ വീട്ടിലേക്കു വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. അയൽവീട്ടിൽ അറിയിച്ചെങ്കിലും അവർ വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. തുടർന്ന് റെനീസ് വീട്ടിലെത്തിയ ശേഷം അഗ്നിരക്ഷാസേന വാതിൽ പൊളിച്ച് കയറിയപ്പോഴാണു മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
8 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. 4 വർഷമായി പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. റെനീസും നജ്ലയും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിരുന്നതായി അയൽക്കാർ പറഞ്ഞു. നെജ്ലയെ മർദിച്ചിരുന്നതായും ഒരിക്കൽ പൊലീസിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കിയെന്നും സഹോദരി നെഫ്ല പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം കേരളപുരം നെഫ്ല മൻസിലിൽ പരേതനായ ഷാജഹാന്റെയും ലൈല ബീവിയുടെയും മകളാണ് നെജ്ല.
'കുസൃതിക്കാരായിരുന്നു മക്കൾ. നെജ്ലയുമായി വഴക്കിടും. എന്നാൽ അവൾ ശാസിക്കില്ല. കടയിൽ പോയാലും കുട്ടികൾ ഒപ്പം കാണും. ഇങ്ങനെ ഒരുമിച്ചു ജീവനില്ലാതെ കിടക്കുന്നത് കാണേണ്ടിവരുമെന്നു കരുതിയില്ല' അയൽവാസികൾ പറയുന്നു. സംഭവ ദിവസം റെനീസിന്റെ ഫോൺ വന്ന ശേഷം അയൽവീട്ടുകാർ നെജ്ലയുടെ വീടിന്റെ വാതിലിൽ മുട്ടി. പിന്നീട് ഫോണിലും വിളിച്ചു. കതക് തുറക്കാതെ വന്നപ്പോൾ പേടിയായി. ഇവരുടെ നിലവിളി കേട്ട് അടുത്ത ബ്ലോക്കിലെ താമസക്കാരുമെത്തി.
അപ്പോഴേക്കും റെനീസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ആലപ്പുഴ ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ ടി.ബി.വേണുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണു പൂട്ടുപൊളിച്ച് അകത്ത് കടന്നത്. 'വാതിൽ തുറക്കാൻ പറ്റുന്നില്ലെന്നാണു ഫോൺ വിളിച്ചയാൾ പറഞ്ഞത്. അകത്ത് കയറുന്നതുവരെ ഇത്തരത്തിലൊരു സംഭവമായിരിക്കുമെന്ന് കരുതിയില്ല. റെനീസ് ബക്കറ്റിൽനിന്നു കുഞ്ഞിനെ എടുത്തെങ്കിലും ആംബുലൻസ് വന്നപ്പോഴേക്കും മരിച്ചിരുന്നു' അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ പറഞ്ഞു.
നെജ്ലയെ റെനീസ് പതിവായി ഉപദ്രവിച്ചിരുന്നെന്നും തിങ്കളാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായതായും അയൽക്കാർ തന്നോട് പറഞ്ഞെന്നു നെജ്ലയുടെ സഹോദരി നെഫ്ല പറഞ്ഞു. 'വഴക്ക് പതിവായിരുന്നു. പലതവണ ബന്ധം ഉപേക്ഷിച്ച് വരാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. ബന്ധം ഉപേക്ഷിച്ചാൽ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി.
8 വർഷം മുൻപായിരുന്നു വിവാഹം. വിവാഹത്തിനു കുറച്ചു നാളുകൾക്കു ശേഷം സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് വഴക്കു തുടങ്ങി. രണ്ടാം തവണ നെജ്ല ഗർഭിണിയായപ്പോഴാണ് റെനീസിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുന്നത്. രണ്ടാം കുഞ്ഞ് ജനിച്ചു ദിവസങ്ങൾക്കു ശേഷം ശാരീരികമായി ഉപദ്രവിച്ചു. അന്നു കേസ് കൊടുത്തെങ്കിലും ഒത്തുതീർപ്പാക്കി. പിന്നീടും ഉപദ്രവം തുടർന്നു. ഫോൺ വിളിക്കാൻ അനുവദിക്കില്ലായിരുന്നു. റെനീസ് ഉണ്ടെങ്കിൽ ഫോൺ വിളിച്ചാലും എടുക്കില്ല. ഇത്തരത്തിൽ മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നത് തൊട്ടു മുമ്പുള്ള ദിവസം ഇവരുടെ ഫ്ളാറ്റിൽ ഒരു സ്ത്രീ വന്നിരുന്നെന്നു അടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ പറഞ്ഞു. കേസിൽ നിയമപരമായി മുന്നോട്ട് പോകും' സഹോദരി പറഞ്ഞു.
റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് റെനീസ് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നെജ്ലയെ റെനീസ് നിരന്തരം മർദിച്ചിരുന്നു. നെജില ജീവനൊടുക്കിയതിന്റെ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്സിൽ വന്നിരുന്നു. ഇതിന്റെ പേരിൽ നെജ്ലയും റെനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് മരണങ്ങൾ നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നെജ്ല ഒരു ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റെനീസ് മാറ്റിയതാണെന്ന് നെജ്ലയുടെ കുടുംബം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ