ആരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ എന്ന് വ്യക്തമാക്കി സംവിധായകൻ ആലപ്പി അഷ്റഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുൻ മുഖ്യന്ത്രി ഇ കെ നായനാരുടെ കുടുംബത്തെ ചൂണ്ടിക്കാട്ടിയാണ് ആലപ്പി അഷ്‌റഫ് കമ്മ്യൂണിസ്റ്റുകളുടെ ആദർശത്തെയും ലാളിത്യത്തെയും പറ്റി പറയുന്നത്. നായനാരുടെ മരുമകളും അദ്ധ്യാപികയുമായ ധന്യയെ ഉദാഹരണമാക്കിയാണ് ഫേസ്‌ബുക്കിലൂടെയുള്ള അഷ്‌റഫിന്റെ കുറിപ്പ്.

'നേതാക്കളുടെ മക്കൾ അനധികൃത മാർഗ്ഗത്തിലൂടെ കോടികൾ കൊയ്യുമ്പോഴാണ് , മറുവശത്ത് ആദർശത്തിന്റെ പേരിൽ ഒരു ചെറു ശുപാർശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലർ മാതൃകയാകുന്നത്. ആ ഗണത്തിൽപ്പെടുന്നവരിൽ ഒരാളാണ് സാക്ഷാൽ ഇകെ നയനാരുടെ ഈ പിൻതലമുറക്കാരി'-ആലപ്പി അഷ്‌റഫ് കുറിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ഇന്നു അറുപത്തേഴാം കേരള പിറവി ദിനം. പത്രത്താളുകൾ മുഴുവൻ മയക്ക് മരുന്നിന്റെയും സ്വർണക്കടത്തിന്റെയും വാർത്തകൾ കൊണ്ടു നിറയുകയാണ്. തൊഴിലാളി വർഗ പാർട്ടിയുടെ ഈ അപജയത്തിന്റെ ഇരുളിലും , ചില ചെറിയ വെളിച്ചങ്ങൾ നമുക്ക് ആശ്വാസം പകരുന്നതാണ്.
കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിൽ വെച്ച് ധന്യയെ കണ്ടിരുന്നു. ഇ.കെ. നയനാരുടെ രണ്ടാമത്തെ മകൻ വിനോദിന്റെ ഭാര്യയാണ് ധന്യ. ഒരു സാധാരണ സ്കൂൾ ടീച്ചറാണ് , എറണാകുളത്ത് താമസം. ഇടത് പക്ഷം ഭരിക്കുമ്പോൾ അവർക്ക് കിട്ടാത്ത അനുകൂല്യം മറ്റാർക്ക് ലഭിക്കും എന്നൊരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം... എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്.

ഒരു വർഷം മുൻപ് ധന്യയ്ക്ക് ജോലിയിൽ സ്ഥലം മാറ്റം വന്നു. കണ്ണൂരിലേയ്ക്ക്. ശുപാർശക്കായ് ആരുടെയും കാലുപിടിക്കാത്ത അവർ, ഇവിടെ നിന്നും പോയിവരാനുള്ള ബുദ്ധിമുട്ടുകാരണം കുറെ നാൾ ലീവെടുത്തു വീട്ടിലിരുന്നു.. വരുമാന പ്രതിസന്ധി കാരണം പിന്നീട് കണ്ണൂരിൽ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിതയായി.

പുലർച്ചേ 2.30ന് എഴുന്നേറ്റ് 4 മണിക്കുള്ള ട്രെയിനിൽ എറണാകുളത്ത് നിന്നും കണ്ണൂരിലേയ്ക്ക്. അവിടെ അഞ്ചു ദിവസം ഹോസ്റ്റലിൽ തങ്ങും. വെള്ളിയാഴ്ച വൈകുന്നേരം തിരിച്ച് എറണാകുളത്തേക്ക്.മാസങ്ങൾക്കിപ്പുറവും അത് ഇന്നും തുടരുന്നു..

ഇത് പറയാൻ കാരണമുണ്ട്. നേതാക്കളുടെ മക്കൾ അനധികൃത മാർഗ്ഗത്തിലൂടെ കോടികൾ കൊയ്യുമ്പോഴാണ് , മറുവശത്ത് ആദർശത്തിന്റെ പേരിൽ ഒരു ചെറു ശുപാർശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലർ മാതൃകയാകുന്നത്. ആ ഗണത്തിൽപ്പെടുന്നവരിൽ ഒരാളാണ് സാക്ഷാൽ ഇ.കെ. നയനാരുടെ ഈ പിൻതലമുറക്കാരി.

ഇവരിൽ ആരാണ് യഥാർഥ കമ്മ്യൂണിസ്റ്റെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. ഐ ഫോണും ആപ്പിൾ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോടു ഒരു വാക്ക്.... നിങ്ങൾക്കിടയിൽ ഇങ്ങിനെയും ചിലർ ജീവിച്ചിരിപ്പുണ്ടു സുഹൃുത്തുക്കളെ, കഷ്ടപ്പാടിലും ആദർശം കൈവിടാത്ത, ആധുനിക തലമുറയിലെ അക്കൂട്ടർക്ക് എന്റെ നല്ല നമസ്കാരം.

ആലപ്പി അഷറഫ്'.