ആലപ്പുഴ: നഗരത്തിലെ തിരക്കൊഴിവാക്കാനുള്ള ബൈപാസ് വിജയം കാണുമ്പോഴും പാത സമ്മനാക്കുന്ന മനോഹര കാഴ്‌ച്ചകൾ ബൈപ്പാസിന് തന്നെ തിരിച്ചടിയാകുന്നു.ഈ കാഴ്‌ച്ചകൾ കാണാനും ഫോട്ടോ എടുക്കാനുമൊക്കെയായി ആളുകൾ പാതയിലെത്തുന്നതോടെ തിരക്കേറി പ്രതീക്ഷിക്കുന്നതിലും പത്ത് മിനിട്ട് അധികമെടുത്താണ് യാത്ര പൂർത്തീകരിക്കാനുകന്നത്.കൊമ്മാടി മുതൽ കളർകോട് വരെ നഗരത്തിലൂടെ യാത്രയ്ക്കു വേണ്ടിവരുന്നത് 14.37 മിനിറ്റാണ്.എന്നാൽ തിരക്ക് കാരണം പുതിയ ബൈപ്പാസിലുടെ നിലവിൽ വേണ്ടി വരുന്നത് 23 മിനുട്ടാണ്.ഇവിടെ പ്രധാന വില്ലനാകുന്നത് കാഴ്‌ച്ചകൾ കാണാനെത്തുന്നവരുടെ തിരക്ക് തന്നെയാണ്.അതുകൊണ്ട് തന്നെ പലയിടത്തും ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്.

ബൈപാസ് തുറന്നതോടെ ദേശീയപാത കൊമ്മാടി ജംക്ഷനിൽ ഗതാഗതം താളം തെറ്റുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഡ്രൈവർമാർക്ക് കൃത്യമായ നിർദ്ദേശം ലഭിക്കാത്തതാണ് പ്രധാന കാരണം. എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൊമ്മാടി ജംക്ഷനിലെ ഡിവൈഡറിന്റെ പടിഞ്ഞാറു വശത്തേക്കു പോകാനും കൊല്ലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഡിവൈഡറിന്റെ പടിഞ്ഞാറ് വശംചേർന്നു പോകാനും കൃത്യമായ സൂചനകൾ ഇല്ലാത്തതിനാൽ പലരും ഇതു പാലിക്കുന്നില്ല. ഇതോടെ ഇന്നലെ ജംക്ഷനിൽ കുരുക്കേറി. ബ്ലിങ്കർ സംവിധാനം ഇവിടെയുണ്ട്. തെക്കു നിന്നുള്ള വാഹനങ്ങൾ പലതും ഇപ്പോഴും ഡിവൈഡറിന്റെ വലതു വശത്തുകൂടിയാണ് പോകുന്നത്. ബൈപാസിലേക്കുള്ള വാഹനങ്ങളും ഡിവൈഡറിന്റെ കിഴക്കുകൂടി വന്ന് ജംക്ഷനിലെത്തി പടിഞ്ഞാറോട്ട് തിരിയുന്നു. കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾക്കും കാരണമായേക്കും.കളർകോട്ട് സിഗ്‌നൽ പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും ആശയക്കുഴപ്പമേറെയാണ്. ആലപ്പുഴ ടൗണിൽ നിന്നുള്ള വാഹനങ്ങൾക്കായി ഒരു സിഗ്‌നലും ബൈപാസിൽ നിന്നുള്ള വാഹനങ്ങൾക്കു മറ്റൊരു സിഗ്‌നലും ഉണ്ട്. എന്നാൽ, ആലപ്പുഴ ടൗണിൽ നിന്നുള്ള വാഹനങ്ങളുടെ ശ്രദ്ധ പതിയുന്നത് ബൈപാസ് സിഗ്‌നലിലാണ്. ടൗൺ കടന്നുവരുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ടത് ഇടതുഭാഗത്തെ സിഗ്‌നലാണ്; ബൈപാസിൽ നിന്നുള്ള വാഹനങ്ങൾ ശ്രദ്ധിക്കേണ്ടത് പാതയുടെ മധ്യത്തിലെ സിഗ്‌നലും.

നടപടിയുമായി പൊലീസും ട്രാഫിക് പൊലീസും രംഗത്ത്

ബൈപ്പാസിൽ തിരക്കേറുന്നതോടെ പരിഹാരത്തിന് പൊലീസും രംഗത്തെത്തി.ഉദ്ഘാടന ദിവസം തന്നെ ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ചൂരൽ പ്രയോഗത്തിലൂടെയാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നതിനെപ്പറ്റി ജനങ്ങൾക്ക് ധാരണ ഉണ്ടാകണമെങ്കിൽ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ട്രാഫിക് പൊലീസ് അധികൃതർ പറയുന്നു. പകൽസമയത്തു പൊലീസിന്റെ സേവനം ഇരു ജംക്ഷനുകളിലും കുറച്ചുകാലത്തേക്ക് ഏർപ്പെടുത്തുമെന്നു ഡിവൈഎസ്‌പി എൻ.ആർ.ജയരാജ് അറിയിച്ചു. ഗതാഗത ക്രമീകരണങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.വേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ദേശീയപാത വിഭാഗവുമായി പൊലീസ് ചർച്ച ചെയ്യും. കൂടുതൽ സൂചനാ ബോർഡുകൾ ഇരു ജംക്ഷനുകളിലും സ്ഥാപിക്കേണ്ടത് ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കാത്തിരുന്ന കാഴ്‌ച്ച കാണാൻ കഴിയാതെ ബേബിച്ചൻ

വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ ബീച്ചിനു സമീപം താമസിച്ച ബേബിച്ചൻ ഉൾപ്പെടെ നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതു ബൈപാസിനു വേണ്ടിയായിരുന്നു. ഇവരിൽ കുറെപ്പേർ ഫിഷർമെൻ കോളനിയിലും ചിലർ വണ്ടാനം മെഡിക്കൽ കോളജിന് പടിഞ്ഞാറും താമസം തുടങ്ങി. സർക്കാർ നഷ്ട പരിഹാരമായി നൽകിയ രണ്ടര സെന്റിലാണ് ബേബിച്ചനും കിടപ്പു രോഗിയായി ഭാര്യ എലിസബത്തും താമസിക്കുന്നത്.കുടിയൊഴിയേണ്ടി വന്നതോടെ ബേബിച്ചന്റെ വലിയ ആഗ്രഹം ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത് കാണണമെന്നായിരുന്നു.

ഒരു സ്വപ്നം പൂവണിഞ്ഞത് കാണാൻ കൊതിച്ച് തിരികെ വരാൻ തുടങ്ങിയപ്പോഴാണ് തിര രണ്ടു തവണ ഇടിച്ച് തെറിപ്പിച്ചത്. വീട്ടിൽ എത്തിയപ്പോഴായിരുന്നു രക്തം ഛർദിച്ചതു. നേരത്തെയും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ആയുർവേദ മരുന്നു കഴിച്ചു. ഉദ്്ഘാടന കാഴ്‌ച്ച കഴിയാതിരുന്നതിൽ ദുഃഖമുണ്ടെന്നും ബേബിച്ചൻ പറഞ്ഞു. ബൈപാസിനു വേണ്ടി കിടപ്പാടം നഷ്ടപ്പെടുത്തിയ പലരും ഇപ്പോൾ ജീവനോടെയില്ല. ജീവിച്ചിരിക്കുന്നവർ പ്രായം ചെന്നവരും. അവരിൽ പലർക്കും ഇന്നലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനും കഴിഞ്ഞില്ല.