- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാക്ടീസിനിടെ പ്രണയം; നിറപുഞ്ചിരിയുമായി 16 വർഷം; ഇളയമകളുടെ പിറന്നാളിന് പദ്ധിതിയിട്ടത് രഞ്ജിത് ശ്രീനിവാസൻ വയനാട്ടിലെ യാത്ര; ബികോം അവസാന വർഷം പഠിക്കുമ്പോൾ ഷാനിന്റെ ജീവത്തോട് ചേർന്ന ഫൻസില; പ്രാരാബ്ദം വീട്ടിൽ അറിയിക്കാത്ത ഷാൻ; വിധവകളായി രണ്ട് യുവതികൾ; അനാഥരായി നാല് കുരുന്നുകൾ; നഷ്ടം ഇവർക്ക് മാത്രം; ബാക്കിയുള്ളവർക്കെല്ലാം ലാഭം
അലപ്പുഴ: രാഷ്ട്രീയ പക എടുത്തത് രണ്ട് ജീവനുകളാണ്. രണ്ട് യുവതികളെ ഇത് വിധവകളാക്കി. നാല് പെൺമക്കൾക്ക് അച്ഛനും ഇല്ലാതെയായി. ഈ രാഷ്ട്രീപകയിൽ നഷ്ടം ഇവർക്ക മാത്രമാണ്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനേയും ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനേയും വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപ്പെടുത്തിയത്. പിന്നിൽ രാഷ്ട്രീയവും. രണ്ട് വീടുകളും ഇന്ന് അലമുറയിട്ട് കരയുകയാണ്.
രാഷ്ട്രീയ കൊല നടക്കുമ്പോൾ രാഷ്ട്രീയത്തിലുള്ള എല്ലാവർക്കും ലാഭമാണ്. പ്രതിപക്ഷത്തിന് സർക്കാരിനെതിരെ അടിക്കാനുള്ള അടി. കൊല്ലപ്പെട്ടവരുടെ പാർട്ടിക്ക് രക്തസാക്ഷികൾ. കൊലവിളിക്ക് രാഷ്ട്രീയ ശത്രുക്കൾക്ക് അവസരം. നേതാക്കൾക്ക് അണികളെ വികാരപരമായി അടുപ്പിക്കാനുള്ള അവസരം. ഇതെല്ലാം തന്നെയാണ് ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളിലും കാണുന്നത്. നഷ്ടം മരിച്ചവരുടെ കുടുംബത്തിന് മാത്രമാണ്. ഇവിടെ അനാഥരായവർ പൊട്ടിക്കരയുകയാണ്. രാഷ്ട്രീയത്തിലെ കാഴ്ചയില്ലാത്തവരുടെ ക്രൂരതയാണ് ഈ ദുഃഖത്തിന് കാരണം.
ഡിസംബർ 25 ലിഷയുടെ പിറന്നാളാണ്. 24നു കോടതി അടച്ചാൽ 25നു ലിഷയ്ക്കും കുട്ടികൾക്കുമൊപ്പം വയനാട്ടിൽ പോയി പിറന്നാൾ ആഘോഷിക്കാനിരുന്നതാണു രഞ്ജിത് ശ്രീനിവാസന്റെ പദ്ധതി. ഇതാണ് തകരുന്നത്. ഒപ്പം രണ്ട് പെൺമക്കൾക്ക് അച്ഛനേയും നഷ്ടമായി. കോടതിയിലെ പ്രാക്ടീസിനിടയിലാണ് അഭിഭാഷകരായ രഞ്ജീതും ലിഷയും പ്രണയത്തിലായത്. വ്യത്യസ്ത മതസ്ഥരായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. 16 വർഷം ഒരുമിച്ചു കഴിഞ്ഞു. എല്ലാം നഷ്ടപ്പെട്ട ലിഷയോടു പലരും പറഞ്ഞു 'കരയരുത്, കുട്ടികൾ തളരും.' ലിഷ തലകുലുക്കി കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും പ്രിയപ്പെട്ടവന്റെ ജീവനില്ലാത്ത ശരീരമെത്തിയപ്പോൾ അലറിക്കരഞ്ഞു.
''രാഷ്ട്രീയം എനിക്കു പേടിയായിരുന്നു. ചേട്ടൻ പാർട്ടി മീറ്റിങ്ങിനു പോകുമ്പോൾ ഞാൻ തുടരെത്തുടരെ വിളിക്കും. ഉടുമ്പ് അള്ളിപ്പിടിക്കുന്നതുപോലെ നീയവനെ ഇങ്ങനെ പിടിച്ചുവയ്ക്കാതെ സ്വാതന്ത്ര്യം കൊടുക്കണമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ അത്രയ്ക്കു പേടിയായിരുന്നു എനിക്ക്. ഇങ്ങനെയൊക്കെ കാത്തിട്ടും കൊണ്ടുപോയല്ലോ..'' ലിഷയുടെ വാക്കുകളിൽ എല്ലാമുണ്ട്. അഞ്ചാം ക്ലാസുകാരിയായ ഇളയ മകൾ ഹൃദ്യ. ഒൻപതാം ക്ലാസുകാരിയായ മൂത്തമകൾ ഭാഗ്യ. ഭാഗ്യയുടെ നൃത്തം ഫെബ്രുവരി 5നു മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. രാവിലെ ട്യൂഷനു പോകുമ്പോൾ ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്. അമ്മയുടെ കൺമുന്നിലാണ് മകൻ വെട്ടേറ്റു പിടഞ്ഞത്. തടയാൻ ചെന്ന വിനോദിനിയുടെ മുതുകത്ത് അക്രമികളിലൊരാൾ കത്തികൊണ്ടു വരഞ്ഞു.
ഷാനിന്റെ വീട്ടിലും നിറയുന്നത് കണ്ണീർ കഥകളാണ്. ഫൻസില ബികോം അവസാന വർഷം പഠിക്കുമ്പോഴായിരുന്നു ഷാനുമായുള്ള വിവാഹം. പരിമിത ജീവിത സാഹചര്യങ്ങളിൽ വളർന്ന ഷാനിനെ പിതാവ് ഓട്ടോ ഓടിച്ചാണു പഠിപ്പിച്ചത്. എറണാകുളം ലോ കോളജിൽ എൽഎൽബി പഠിച്ചെങ്കിലും കൂടുതലിഷ്ടം ബിസിനസ് ആയിരുന്നു. ലോൺ എടുത്തും മറ്റും പലതും തുടങ്ങിയെങ്കിലും വലിയ വിജയമുണ്ടായില്ല. കടങ്ങളുണ്ട്. പരിമിത സാഹചര്യങ്ങൾക്കു നടുവിലായിരുന്നു ജീവിതമെങ്കിലും ഷാൻ അതൊന്നും അറിയിച്ചില്ല. ഈ കുടുംബ നാഥനാണ് യാത്രയായത്.
''ശനിയാഴ്ച ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വന്നിട്ട് നാലുമണിയോടെയാണ് ഇക്ക പോയത്. ഏഴായപ്പോൾ ഞാൻ വിളിച്ചു. വേഗം വരാമെന്നുപറഞ്ഞ് ഫോൺ വച്ചു. ഇക്ക ഓടിച്ചിരുന്ന വണ്ടി ആക്‌സിഡന്റ് ആയി എന്നുപറഞ്ഞുള്ള ഫോൺ കോളാണു രാത്രി വന്നത്. വീട്ടിലേക്കു വരുന്നവഴി സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഇക്കയുടെ കൈക്കു പരുക്കു പറ്റിയെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഇക്ക ആശുപത്രിയിൽനിന്നു വരുമെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയത് ജീവനറ്റ ശരീരമാണ്. വീട്ടിലെത്തിക്കുന്നതുവരെ ഇക്ക മരിച്ച വിവരം ആരും എന്നോടും ഉമ്മയോടും പറഞ്ഞിരുന്നില്ല.-ഭാര്യ പറയുന്നു.
''ഞങ്ങൾ കരയുന്നതു ബാപ്പയ്ക്ക് ഇഷ്ടമല്ല.'' ആറാം ക്ലാസുകാരിയായ മൂത്തമകൾ ഫിബ ഫാത്തിമ പറഞ്ഞു. ''എന്റെ സങ്കടം ഒരു കുട്ടിക്കും ഉണ്ടാവല്ലേയെന്നു മാത്രമാണ് പടച്ചോനോടു പ്രാർത്ഥിക്കുന്നത്'' അവൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ