- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സമയമാറ്റം അടക്കമുള്ള കാര്യങ്ങൾ അറിയിച്ചില്ലെന്നും ബിജെപി; സർവ്വകക്ഷി യോഗത്തിൽ പരിവാറുകാർ പങ്കെടുക്കില്ല; ആരോപണവുമായി ബിജെപി അധ്യക്ഷൻ; ആലപ്പുഴയിൽ സമാധാന ശ്രമങ്ങൾ താളം തെറ്റുമ്പോൾ
ആലപ്പുഴ: രാഷ്ട്രീയ സംഘർഷങ്ങളുടേയും ഇരട്ട കൊലപാതകങ്ങളുടേയും പശ്ചാത്തലത്തിൽ ആലപ്പുഴയിൽ തിങ്കളാഴ്ച വൈകീട്ട് ചേരാനിരിക്കുന്ന സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി. സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എതിരല്ല. പക്ഷേ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാൻ സാധിക്കുന്നതല്ല-ഇതാണ് ബിജെപിയുടെ നിലപാട്.
കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സമയമാറ്റം അടക്കമുള്ള കാര്യങ്ങൾ അറിയിച്ചില്ലെന്നും ആരോപിച്ചാണ് ബിജെപി സർവ്വകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. അതേസമയം ബിജെപി നേതാക്കളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് യോഗം അഞ്ചു മണിയിലേക്ക് മാറ്റിയതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. തിങ്കളാഴ്ച മൂന്ന് മണിക്ക് കളക്റ്റ്രേറ്റിൽ സർവ്വ കക്ഷിയോഗം ചേരുമെന്നാണ് കളക്ടർ എ.അലക്സാണ്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാകും യോഗം.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് വിട്ടുനൽകുന്നത് മനഃപൂർവ്വം വൈകിപ്പിച്ചുവെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എം വിഗോപകുമാർ ആരോപിച്ചു. ആർടിപിസിആർ പരിശോധനയും ഇൻക്വസ്റ്റ് നടപടികളും വൈകിയതോടെ പോസ്റ്റുമോർട്ടം നടന്നില്ല. തിങ്കളാഴ്ചയാണ് നടത്തിയത്. ഇത് ബോധപൂർവ്വമാണെന്നും ബിജെപി ആരോപിച്ചു. തങ്ങളോട് ചർച്ച ചെയ്തിട്ടല്ല സമയം തീരുമാനിച്ചത്. രഞ്ജിത്തിന്റെ സംസ്‌കാര സമയത്താണ് യോഗം കൂടാൻ കളക്ടർ തീരുമാനിച്ചിരിക്കുന്നതെന്നും എം.വി ഗോപകുമാർ പ്രതികരിച്ചു.
സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എതിരല്ല. പക്ഷേ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാൻ സാധിക്കുന്നതല്ല. പൊലീസും സർക്കാരും ഒരുപോലെ അവഗണനയാണ് കാണിക്കുന്നത്. അതേ സമയം തന്നെ എസ്ഡിപിഐക്കും തീവ്രവാദ ശക്തികൾക്കും വേണ്ട എല്ലാ പരിഗണനയും നൽകുന്നുമുണ്ട്. സർവ്വകക്ഷി യോഗം അഞ്ചു മണിയിലേക്ക് മാറ്റിയത് ഞങ്ങളോട് ആരും സംസാരിച്ചിട്ടില്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്നോ ചടങ്ങുകൾ എപ്പോൾ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല' - ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ പറഞ്ഞു.
പിണറായിയുടെ പൊലീസ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന് ഒരു നിയമം ആർ എസ് എസ് പ്രവർത്തകർക്ക് മറ്റൊരു നിയമം എന്നതാണ് പൊലീസിന്റെ നയം. ആർടിപിസിആർ ടെസ്റ്റ് വൈകി എന്ന കാരണം പറഞ്ഞാണ് വളരെ ആസൂത്രികമായി മൃതദേഹം വിട്ടുനൽകാൻ തയാറാകാതെ പൊലീസ് ഒത്തുകളിച്ചത് . എന്നിട്ടും പ്രവർത്തകർ കാണിക്കുന്ന സംയമനം ദൗർബല്യമായി പൊലീസുകാർ കാണരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് കേരളത്തിലെത്തും. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ ഭൗതികദേഹത്തിൽ അന്ത്യോപചാരമർപ്പിക്കും, കുടുംബാഗങ്ങളെയും സന്ദർശിക്കും. കേരളാ പൊലീസിനോടും കേന്ദ്രമന്ത്രി റിപ്പോർട്ട് തേടും.
മറുനാടന് മലയാളി ബ്യൂറോ