ഡബ്‌ളിൻ : മലയാളികൾക്ക് എന്നും അഭിമാന താരമയ ഡബ്ലിനിലെ മലയാളി പെൺകൊടി ദിയ ലിങ്ക് വിൻസ്റ്റാർ നായികയായെത്തുന്ന മോഹിനിയാട്ട ആൽബം അലർശര പരിതാപം റിലീസ് ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

സ്വാതിതിരുനാൾ കൃതിയായ 'അലർശരപരിതാപം' എന്ന കീർത്തനത്തിന് ഒരു നൂതന ആവിഷ്‌കാരശൈലി ശൈലി നൽകി പ്രശസ്ത ഗായകൻ കെ കെ നിഷാദ് ആലപിച്ച് ആർഎൽവി ജോളി മാത്യു കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ ഛായാഗ്രഹണം റോയൽ റഫീക്കും നിർമ്മാണം ലിങ്ക്വിൻസ്‌ററാർ മറ്റവും നിർവഹിച്ചിരിക്കുന്നു.

നാട്യശാസ്ത്രത്തിലെ അഷ്ട നായികമാരിൽ വിരഹോൽകുണ്ഠിത നായികയെ നാടകീയത നൽകി അവതരിപ്പിക്കുന്നത് ആദ്യമായാണ്.നായിക പത്മനാഭസ്വാമിയിൽ ആകൃഷ്ടയായിത്തീരുകയും തന്റെ വിരഹം സഖിമാരോട് പറയുകയും ചെയ്യുന്നതാണ് ആൽബത്തിന്റെ ഇതിവൃത്തം.

ഗാനത്തിൽ ഇതിവൃത്തത്തിനിണങ്ങുന്ന പശ്ചാത്തലവും മുഴുനീളം കേരളത്തിന്റെ ലാസ്യകലയായ മോഹിനിയാട്ടവും നിറഞ്ഞുനിൽക്കുമ്പോൾ അത് കേരള കലാരൂപത്തിന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി മാറി.

സഖിമാരായി സ്‌കൂൾ യുവജനോൽസവ വിജയികളായ രഞ്ജിത സജീവൻ, ആഷ്‌ലി ജയകുമാർ,അമൃതരാജ്,രഹ്ന രാജ്,എന്നിവർ രംഗത്തെത്തുന്നു. നൃത്തവും നൃത്യവും നാട്യവും ഒരുമിച്ച് സമ്മേളിക്കുന്നതാണ് 'അലർശരപരിതാപം' എന്ന മോഹിനിയാട്ട ആൽബം.

പ്രശസ്ത മെയ്‌ക്കപ്പ് മാനായ ആർഎൽവി ഷിജു കണ്ണൂർ ഇതിന്റെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നു.ഈ ആൽബത്തിലെ നായികയായെത്തുന്ന ദിയ ലിങ്ക്വിൻസ്‌ററാർ അയർലണ്ട്, ഇംഗ്‌ളണ്ട്,സ്വിറ്റ്‌സർലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.