തിരുവനന്തപുരം: പ്രതിയെ കിട്ടാത്ത കേസ് എന്ന നിലയിലാണ് സുകുമാരക്കുറുപ്പിന്റെ കേസ് പ്രസിദ്ധമായത്.എന്നാൽ ഒരു തവണ സുകുമാരക്കുറുപ്പിനെ കേരളാ പൊലീസിന്റെ കൈയിൽ കിട്ടിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആ കഥ പറഞ്ഞത്.

അന്ന് കേസ് തെളിയിക്കുന്നതിന് ഇന്നത്തെപ്പോലെ ശാസ്ത്രീയ രീതികൾ കുറവാണ്. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ അയാളെ വിട്ടയയ്ക്കുകയായിരുന്നു എന്നും അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കുന്നു.'പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന പ്രതിയെ തിരിച്ചറിയാൻ ശാസ്ത്രീയമായ വഴികൾ ഇല്ലാതിരുന്നതിനാലാണ് അന്നയാളെ വിട്ടയച്ചതെന്നും മുൻ ഡിജിപി പറയുന്നു. പൊലീസിന്റെ കൈയിൽ കിട്ടിയ സമയത്ത് തലമുടിയെല്ലാം വെട്ടി മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നു സുകുമാരക്കുറുപ്പ്.

മൂന്നുനാലു മണിക്കൂറോളം ഇയാൾ പൊലീസ്സ്‌റ്റേഷനിൽ ഉണ്ടായിരുന്നു. എന്നാൽ ആളെ തിരിച്ചറിയാൻ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ, സുകുമാരക്കുറുപ്പ് അല്ല എന്ന് കരുതി വിട്ടയക്കുകയായിരുന്നു. ഇത് പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വലിയ പാളിച്ചയാണ്.ഇപ്പോഴാണെങ്കിൽ ഫിങ്കർ പ്ലിന്റ് എടുത്താൽ കംപ്യൂട്ടർ വഴി തിരുവനന്തപുരത്ത് അയച്ച് ആളെ തിരിച്ചറിയാൻ അഞ്ച് മിനിറ്റ് മതി. അന്ന് പക്ഷെ ഇത് സാധ്യമല്ലായിരുന്നു.

ഫിങ്കർ പ്രിന്റ് എടുത്ത് താരതമ്യം ചെയ്ത് ആളെ കണ്ടെത്താൻ മന്നുനാലു ദിവസമെടുക്കും. അന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ആളെ പറഞ്ഞുവിട്ട്, മൂന്ന് ദിവസം കഴിഞ്ഞാണ് ഫിങ്കർ പ്രിന്റിന്റെ റിസൽട്ട് വരുന്നതും. സ്റ്റേഷനിൽ കൊണ്ടുവന്നയാൾ സുകുമാരക്കുറുപ്പ് ആയിരുന്നു എന്ന് പൊലീസുകാർക്ക് മനസിലായതും. ഇന്ന് ഇങ്ങനെ സംഭവിക്കില്ല', മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കി.