കാസർകോട്: ബളാലിലെ പതിനാറുകാരിയായ ആന്മേരി മരിയ വിഷം ഉള്ളിൽ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു തെളിയിക്കാനായത് പൊലീസിന്റെ കരുതലോടെയുള്ള നീക്കങ്ങൾ. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് ആന്മരിയ മരിച്ചത്. എന്നാൽ പിതാവ് ബെന്നി (48)യെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുർന്നു. ചെറുപുഴയിലെ പൊലീസും വെള്ളരിക്കുണ്ടിലെ പൊലീസും ഒരുമിച്ചപ്പോൾ പ്രതി അകത്തായി.

മഞ്ഞപ്പിത്തമെന്നു കരുതി ആന്മേരി മരിയയെ ചെറുപുഴയ്ക്കു സമീപമുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചു പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണു മരിച്ചത്. തുടർന്ന് ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പച്ചമരുന്ന് ചികിത്സയെ തുടർന്നാണോ മരണം സംഭവിച്ചതെന്ന സംശയത്തിലാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. ഇതാണ് നിർണ്ണായകമായത്. വ്യക്തത തേടി മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു. ഇതോടെ വിഷാംശം തെളിഞ്ഞു വന്നു.

കുട്ടിയുടെ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സർജൻ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ കേസ് വെള്ളരിക്കുണ്ട് എസ് ഐയ്ക്ക് കൈമാറി. കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്ന സംശയത്തിലാണു അന്വേഷണം ആരംഭിച്ചതെങ്കിലും ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകി സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു കണ്ടെത്തുകയായിരുന്നു. ഒടുവിലാണു ആന്മേരി മരിയയുടെ സഹോദരൻ ആൽബിൻ ബെന്നി (22)യുടെ അറസ്റ്റിലെത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ബെന്നി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്യാൻ ഐസ്‌ക്രീമിൽ വിഷം കലർത്തിയ ആൽബിന് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നിന് അടിമയായ ആൽബിൻ നാട്ടിൽ വലിയ ബന്ധങ്ങളെന്നും സൂക്ഷിച്ചിരുന്നില്ല. സഹോദരിയുടെ മരണാനന്തര ചടങ്ങിൽപോലും ഒരു കുസലുമില്ലാതെ പങ്കെടുത്ത പ്രതിക്ക് മറ്റ് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസും വ്യക്തമാക്കി. ആൽബിന്റെ വാട്സ് ആപ്പിലെ പ്രൊഫൈൽ ചിത്രം പോലും ക്രൂരത വെളിവാക്കുന്നതാണ്. കൊലപാതകം ആസൂത്രണം ചെയ്ത ഘട്ടത്തിൽ തന്നെ വിഷത്തെ പ്രതീകവൽക്കരിക്കുന്ന ചിത്രം ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആൽബിൻ ഫോണിൽ സൂക്ഷിച്ചു. കുറ്റകൃത്യത്തിലേക്ക് ആൽബിൻ തയ്യാറെടുത്തതിന്റെ സൂചനയായി പൊലീസ് കണ്ടെത്തിയ പ്രധാന തെളിവുകളിൽ ഒന്നിതാണ്. വെനം എന്ന സിനിമയുടെ പോസ്റ്ററായിരുന്നു ഇത്.

ഒരാളുമായി പ്രണയത്തിലായിരുന്ന ആൽബിന് ഈ ബന്ധം തുടരാൻ കുടുംബം തടസമാണെന്ന് തോന്നുകയും ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ആർഭാട ജിവിതം നയിച്ചിരുന്ന സുഹൃത്തുക്കളെ പോലെയാകാൻ സ്വത്ത് മുഴുവൻ സ്വന്തം പേരിലാക്കാൻ ആൽബിൻ ആഗ്രഹിച്ചു. മയക്കുമരുന്നിന് അടിമയായ ആൽബിൻ രാത്രിയിൽ ഉറങ്ങാതെ ഫോൺ കോളുകളിലും ചാറ്റുകളിലും മുഴുകിയിരിക്കുന്ന പ്രകൃതമായിരുന്നു. ഇക്കാര്യത്തിൽ പലതവണ അച്ഛൻ ബെന്നി വഴക്ക് പറഞ്ഞിട്ടുള്ളതായും പൊലീസ് കണ്ടെത്തി. കോട്ടയത്ത് ഓട്ടോ മൊബൈൽ കോഴ്സ് പഠനത്തിന് ശേഷം തമിഴ്‌നാട് കമ്പത്ത് ട്രെയിനിംഗിനെന്ന് പറഞ്ഞായിരുന്നു ആൽബിൻ വീട്ടിൽ നിന്ന് പോയത്. എന്നാൽ അവിടെ ഹോട്ടൽ ജീവനക്കാരനായിരുന്നെന്ന് പൊലീസ് പറഞ്ഞു.ജോലി നഷ്ടപ്പെട്ടതോടെ നാട്ടിൽ തിരിച്ചെത്തി. ഈ സാഹചര്യത്തിലെ മാനസിക സംഘർഷവും പ്രതിക്ക് കുറ്റത്തിന് പ്രേരണയായിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു.

എലിവിഷം ഉപയോഗിച്ചുകൊണ്ടുള്ള കൊല നടത്തുന്നത് ഇന്റർനെറ്റിൽ നിന്നാണ് പഠിച്ചതെന്ന് ആൽബിൻ പൊലീസിനോട് പറഞ്ഞു മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. കുടുംബം കൂട്ട ആത്മഹത്യ ചെയ്‌തെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ .കൊല നടത്തിയ ശേഷം നാട് വിടാനും ആൽബിൻ ആലോചിച്ചിരുന്നു. കുടുംബസ്വത്തായ നാലര ഏക്കർ പുരയിടവും പന്നി വളർത്തൽ കേന്ദ്രവും സ്വന്തമാക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയിൽ മാതാപിതാക്കളെയും, സഹോദരിയെയും കൊല്ലാൻ ഐസ്‌ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു.

കോവിഡ് പരിശോധനയിൽ മാതാപിതാക്കളുടെ സ്രവത്തിൽ വിഷാംശം കണ്ടതും, ആന്മേരിയുടെ പോസ്റ്റുമോർട്ടത്തിൽ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് പ്രതിക്ക് കുരുക്കായത്. ആൽബിന് മാത്രം അസുഖവും വന്നില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് ഇയാളെ നീരിക്ഷിച്ചുവരികയായിരുന്നു.ആന്മേരിക്ക് ഈമാസം ഒന്നിനാണ് വയറുവേദന അനുഭവപ്പെട്ടത്.ആദ്യം ഹോമിയോ ഡോക്ടറെയും പിന്നീട് അലോപ്പതി ക്‌ളിനിക്കിലും കാണിച്ചു. മഞ്ഞപിത്തമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നാലിന് കണ്ണൂർ ചെറുപുഴയിലെ വൈദ്യരുടെ ചികിത്സ തേടി. പിറ്റേന്ന് അവശനിലയിൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.