- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കളിക്കുമ്പോൾ കണ്ടത് യുവതിയുടെ ആറ്റിലേക്കുള്ള ചാട്ടം; ഒന്നും ആലോചിക്കാതെ എടുത്തു ചാടിയ 14കാരൻ കൈക്കുള്ളിലാക്കി വീണ്ടെടുത്തത് 39കാരിയുടെ ജീവൻ; ഒഴുകിയെത്തിയ വൃദ്ധയെ അതിസാഹസികമായി രക്ഷിച്ച അച്ഛന് പിന്നാലെ മകനും മണിമലയുടെ താരം; ആൽബിൻ എന്ന കൊച്ചു മിടുക്കൻ കാട്ടിയത് അസാധാരണ ധീരത
തിരുവല്ല: ആൽബിനാണ് താരം.... ഈ കൊച്ചു മിടുക്കന്റെ ധീരത തിരിച്ചു നൽകിയത് ഒരു ജീവനാണ്. ഒപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവും. മണിമലയാറിൽ ആൽബിൻ കാട്ടിയത് അസാധാരണ മനക്കരുത്താണ്. ഇതാണ് ഈ യുവതിക്ക് ജീവിതം തിരികെ നൽകുന്നതും.
കുറ്റൂർ തെങ്ങേലി പോത്തളത്ത് പാപ്പനാവേലിൽ വീട്ടിൽ ബാബു-ആൻസി ദമ്പതിമാരുടെ മകനാണ് ആൽബിൻ. ഒരുവർഷം മുമ്പ് മണിമലയാറ്റിലൂടെ ഒഴുകിവന്ന മണിമല സ്വദേശിയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ബാബുവും സുഹൃത്തും ചേർന്നായിരുന്നു. സ്വന്തമായി വീടില്ലാത്ത ആൽബിനും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്. അച്ഛന്റെ പഴയ രക്ഷപ്പെടുത്തൽ മകന്റെ മനസ്സിലുമുണ്ടായിരുന്നു. ഈ കരുത്താക്കിയാണ് യുവതിയെ രക്ഷിക്കാൻ രണ്ടിലൊന്ന് ആലോചിക്കാതെ ഈ കൊച്ചു പയ്യൻ മണിമല ആറ്റിലേക്ക് ചാടിയത്.
വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകെൂണ്ടിരിക്കുമ്പോൾ അക്കരെനിന്ന് ആരോ ആറ്റിൽ വീഴുന്നത് മാത്രമാണ് ആൽബിൻ കണ്ടത്. പിന്നീട് ഒന്നും ആലോചിച്ചില്ല. അതിവേഗം രക്ഷാപ്രവർത്തനത്തിന് സ്വയം തുനിഞ്ഞു. വീട്ടുകാരും കൂട്ടുകാരും തടയാൻ നോക്കുന്നതിന് മുമ്പേ ആ കൊച്ചു മിടുക്കൻ മണിയാറിലേക്ക് എടുത്തു ചാടി. 50മീറ്റർ വീതിയിൽ ഒഴുകുന്ന മണിമലയാറിനെ അവന് കുട്ടിക്കാലം മുതൽ അറിയാം. ആ വിശ്വാസമായിരുന്നു ആത്മവിശ്വസാമായി മാറിയത്. മിനിട്ടുകൾക്കുള്ളിൽ യുവതിയെ കൈയിൽ ഒതുക്കി. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങി. പക്ഷേ വിട്ടു കൊടുക്കാൻ ഈ എട്ടാംക്ലാസുകാരൻ തയ്യാറായില്ല.
മൂന്നാംതവണ താഴുമ്പോൾ ആഴക്കയത്തിൽ നിന്ന് ആ യുവതിയെ എല്ലാ ശക്തിയുമെടുത്ത് രക്ഷിച്ചെടുത്തു ആൽബിൻ. സർവശക്തിയും സംഭരിച്ച് 39 വയസ്സുള്ള യുവതിയുമായി പതിന്നാലുകാരൻ കരയിലേക്ക് നീന്തി. യുവതിയെ കരയിൽ എത്തിച്ചു. അങ്ങനെ ആ എട്ടാം ക്ലാസുകാരൻ ആത്മഹത്യയിൽ ജീവിതം അവസാനിക്കാൻ മണിമലയാറിലേക്ക് ചാടിയ യുവതിക്ക് പുതു ജീവൻ നൽകി. കൊച്ചു മിടുക്കന്റെ സാഹസികത ആത്മഹത്യ അഭയം തേടാൻ ശ്രമിച്ച യുവതിക്ക് പുതു ചിന്ത നൽകി. ചെറിയ തളർച്ചയിലും ആ യുവതിയെ നോക്കി ആൽബിൻ ചിരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റിൽ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആൽബിൻ കരയ്‌ക്കെത്തിച്ച ഇവരെ കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചുവും ആൽബിന്റെ പിതാവ് ബാബുവും ചേർന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുടുംബപ്രശ്‌നങ്ങൾ കാരണമാണ് ആറ്റിൽ ചാടിയതെന്ന് യുവതി പറഞ്ഞു. ആൽബിനിലൂടെ ജീവന്റെ വിലയും ഈ യുവതി തിരിച്ചറിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ