- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാർഥ നേട്ടത്തിനായി ഉറ്റവരെ കൊല്ലുന്ന ക്രിമിനലുകൾക്ക് മൃദുല വികാരങ്ങൾ അന്യം; ലക്ഷ്യങ്ങൾ നേടാൻ ഏത് തരം മാർഗങ്ങളും സ്വീകരിക്കും; ഒരു വ്യക്തി വളർന്ന് വരുന്ന സാഹചര്യങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകും; ഇത് ചിലർക്ക് ജനിതകമായി തന്നെ ലഭിക്കുന്ന ഗുരുതര സ്വഭാവ വൈകല്യം; കൂടത്തായി ജോളിക്കും അഞ്ചലിലെ സൂരജിനും പിന്നാലെ ബളാലിലെ ആൽബിനും; ഇത് ഉറ്റവരുടെ ജീവനെടുക്കുന്ന സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം: ബളാലിലെ കൊലയിൽ നിറയുന്ന സൈക്കോളജി തിയറി ഞെട്ടിക്കുന്നത്
കാസർകോട്: ബളാലിൽ സഹോദരിയുടെ ജീവനെടുത്ത ചേട്ടന്റെ ക്രൂരതയ്ക്ക് പിന്നിൽ സ്വാർത്ഥ ലാഭത്തിനായി ഉറ്റവരുടെ ജീവനെടുക്കുന്നവരെ സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ എഎസ്‌പിഡി (ആന്റി സോഷ്യൽ പഴ്‌സനാലിറ്റി ഡിസോർഡർ) എന്ന മാനസികാവസ്ഥ. കൂടത്തായിയിലെ ജോളിയിലും അഞ്ചലിലെ സൂരജിലും നിറഞ്ഞതും ഈ ക്രൂര മനസ്സാണ്. ഇത് തന്നെയാണ് ആന്മരിയയുടെ ജീവനെടുത്ത ആൽബിനിലും നിഴലിക്കുന്നത്. ആഡംബര ജീവിതത്തിനായി കുടുംബത്തെ ആകെ വകവരുത്താനായിരുന്നു ആൽബിന്റെ ശ്രമം.
സാമൂഹിക വിരുദ്ധ വ്യക്തി വൈകല്യമാണ് ഇത്. സ്വാർഥ നേട്ടത്തിനായി ഉറ്റവരെ കൊല്ലുന്ന ക്രിമിനലുകൾക്ക് മൃദുല വികാരങ്ങൾ അന്യം. ലക്ഷ്യങ്ങൾ നേടാൻ ഏത് തരം മാർഗങ്ങളും സ്വീകരിക്കും. ചിലർ മയക്കുമരുന്നിന് അടിമയായിരിക്കും. ഏത്ര വലിയ കുറ്റം ചെയ്താലും കുറ്റബോധം ഇവർക്ക് ഉണ്ടാകില്ല. സ്വഭാവ ദൂഷ്യങ്ങൾ പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു വ്യക്തി വളർന്ന് വരുന്ന സാഹചര്യങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകും. ഇത് ചിലർക്ക് ജനിതകമായി തന്നെ ലഭിക്കുന്ന ഗുരുതര സ്വഭാവ വൈകല്യമാണ്. വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഈ രോഗാവസ്ഥ കണ്ടെത്താൻ കഴിയും. ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാനും കഴിയും. അദ്ധ്യാപകരും വീട്ടുകാരും കരുതലുകളെടുത്താൽ അതും ഗുണകരമാകും.
നാ്്ട്ടൂകാർക്കാണ് ആൽബിന്റെ പ്രവർത്തിയിൽ ആദ്യം സംശയം തോന്നിയത്. പൊലീസ് അന്വേഷണം ആൽബിനിലേക്ക് നീങ്ങുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെ ചർച്ചകളായി. പുറത്തു വരുന്ന വാർത്തകളെ കുറിച്ച് അറസ്റ്റിന് തൊട്ടുമുൻപ് അമ്മ ബെസിയുടെ ചോദ്യത്തിനു 'നാട്ടുകാർ എന്തും പറഞ്ഞോട്ടെ, അമ്മ എന്നെ സംശയിക്കരുത്' എന്നായിരുന്നു ആൽബിന്റെ മറുപടി. സഹോദരിയുടെ മൃതദേഹം കണ്ടിട്ടു പോലും കൂസലില്ലാതെ നിന്ന ആൽബിന്റെ കൊടുംക്രൂരതയെ പൈശാചികത എന്ന വാക്കുകൊണ്ടാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. അങ്ങനെ കൊടും ക്രൂര മനസ്സിന്റെ ഉടമയായിരുന്നു ആൽബിനെന്നും സമൂഹം തിരിച്ചറിയുകയാണ്.
തന്റെ ആഗ്രഹപൂർത്തീകരണത്തിന് വിഘാതമാകുമെന്ന് കണ്ടപ്പോൾ ജോളി കൂടത്തായിയിൽ ഇല്ലാതാക്കിയത് പിഞ്ചുകുഞ്ഞടക്കം ആറുപേരെ. അതും 14 വർഷമെടുത്ത്. പണം തന്നെയായിരുന്നു പ്രധാന ലക്ഷ്യം. സൂരജിന്റെ ക്രൂരകൃത്യങ്ങളും ഇതിന് സമാനം. ഭാര്യയായ ഉത്രയെ താൻ കൊലപ്പെടുത്തിയതാണെന്നു തെളിവെടുപ്പിനിടെ സൂരജ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ബോധപൂർവം നടത്തിയ കൊലപാതകം (302), കൊലപാതകശ്രമം (307), മരണകാരണമായ ദേഹോപദ്രവം (326), തെളിവുനശിപ്പിക്കൽ (201) എന്നീ വകുപ്പുകളാണു സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് സമാനമാണ് ആൽബിന്റെ ക്രൂരതയും.
ചിക്കൻ കറിയിൽ കലർത്തിയ എലിവിഷത്തിന്റെ പാക്കറ്റുകൾ വീട്ടിലെ കൊപ്ര ചാക്കുകൾക്കിടയിൽനിന്നും ഐസ്‌ക്രീമിൽ ചേർത്ത വിഷത്തിന്റെ പാക്കറ്റ് വാഴച്ചോട്ടിൽ കുഴിച്ചിട്ട നിലയിലും കണ്ടെത്തിയത് ആൽബിന് കുരുക്കാണ്. ഇതെല്ലാം പൊലീസിന് കാട്ടികൊടുക്കുമ്പോഴും ആൽബിൻ ബെന്നിക്ക് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായില്ല. സഹോദരിയെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു വിശദമായി പൊലീസിനു വിവരിച്ചു നൽകുകയും ചെയ്തു. ഇവിടെയെല്ലാം നിറഞ്ഞതുകൊടും കുറ്റവാളിയുടെ ക്രൂര മനസ്സാണ്. കുറ്റബോധം ലവലേശമില്ല. അങ്ങനെ ആൽബിനും കേരളത്തിലെ കുറ്റാനേഷ്വകരെ അത്ഭുതപ്പെടുത്തുകയാണ്.
ആൽബിൻ ലൈംഗിക വൈകൃതത്തിനടിമയെന്ന് നാട്ടുകാർ പറയുന്നു. മാതാവിനെ കയറിപിടിക്കാൻ ശ്രമിച്ചുവെന്നും അടുത്ത ബന്ധുവിന് മുന്നിൽ വച്ചും രതിവൈകൃതം കാട്ടിയതായും ചെയ്തിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തി. സാധാരണക്കാർ ആരും ചെയ്യാത്ത പരസ്യ പ്രവർത്തിയായിരുന്നു അത്. പ്രത്യേക മാനസിക സ്വഭാവമുള്ള ആൽബിനെ അയൽ വീട്ടുകാർ അടുപ്പിച്ചിരുന്നില്ല. ഇയാളുടെ സ്വഭാവ ദൂഷ്യം അറിയാവുന്നതിനാലാണ് ആരും സഹകരിപ്പിക്കാതിരുന്നതെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
നാട്ടിൽ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ആൽബിന്റേത്. പ്ലസ്ടു കഴിഞ്ഞയുടൻ വെള്ളരിക്കുണ്ടിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഐ.ടി.കോഴ്സും ഇയാൾ പൂർത്തിയാക്കിയിരുന്നു. പിന്നീട് നാട്ടിൽ നിന്നു പോയി. തമിഴ്‌നാട്ടിലാണ് ജോലി എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ കോട്ടയം ജില്ലയിലെ തറവാട് എന്ന ഹോട്ടലിൽ ആണ് ജോലി എന്നറിഞ്ഞു. ഈ ലോക്ക്ഡൗൺ കാലത്താണ് നാട്ടിലേക്ക് വരുന്നത്. അധിക സമയവും മൊബൈൽ ഫോണിലാണിയാളെന്ന് അയൽവാസികൾ പറയുന്നു. അശ്ലീല വീഡോയോ കാണുന്ന വിവരം അടുത്ത സൗഹൃദമുള്ള അയൽക്കാരിയോട് പറഞ്ഞിരുന്നു. ആൽബിനെ കൗൺസിലിങ്ങിനയക്കണമെന്ന് അവർ ഉപദേശിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംഭവം.
സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് ആൽബിൻ അവസാനംവരെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബസ്വത്ത് തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് പ്രതി സമ്മതിച്ചത്. ഇതിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് നടത്തിയത്. ആദ്യം ചിക്കൻ കറിയിൽ വിഷം ചേർത്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഗൂഗിളിലും മറ്റും വിവരങ്ങൾ ശേഖരിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷം ചേർത്തുകൊല ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആൽബിന്റെ പേരു പറഞ്ഞു വീട്ടിൽ വഴക്ക് പതിവായതിനാൽ കുടുംബപ്രശ്നങ്ങൾ കാരണമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കഴിയുമെന്നാണ് ഇയാൾ വിശ്വസിച്ചത്. വെള്ളരിക്കുണ്ട് ടൗണിൽനിന്ന് ജൂലൈ അവസാനമാണ് ആൽബിൻ എലിവിഷം വാങ്ങിയത്. വീട്ടിൽ രണ്ട് പാത്രങ്ങളിലായാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. വലിയ പാത്രത്തിലെ ഐസ്‌ക്രീം ഫ്രീസറിൽവെച്ച് തണുപ്പിച്ച് എല്ലാവരും കഴിച്ചു. പിറ്റേ ദിവസമാണ് ആൽബിൻ ചെറിയ പാത്രത്തിലെ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. പാക്കറ്റിലെ പകുതിയിലേറെ വിഷവും ചെറിയ പാത്രത്തിൽ കലർത്തി. മാതാപിതാക്കളും സഹോദരിയും വീടിന് പുറത്തിരിക്കുമ്പോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ആന്മേരി ചെറിയ പാത്രത്തിലെ ഐസ്‌ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം തന്നെ ആന്മേരിയും ബെന്നിയും ആ ഐസ്‌ക്രീം കഴിച്ചു.
ഐസ്‌ക്രീം കഴിച്ചതിന് ശേഷം രണ്ടു പാത്രങ്ങളിലുള്ള ഐസ്‌ക്രീമും ആന്മേരി ഒറ്റപാത്രത്തിലാക്കി. ഇതാണ് മാതാവ് ബെസി കഴിച്ചത്. ഷുഗറിന്റെ അസുഖമുള്ളതിനാൽ അമ്മ ബെസി വളരെക്കുറച്ച് മാത്രമാണ് കഴിച്ചത്. കഴിഞ്ഞ ദിവസം ഐസ്‌ക്രീം കഴിച്ചതിനാൽ തൊണ്ടക്ക് അസുഖമാണെന്ന് പറഞ്ഞ് ഈ സമയം ആൽബിൻ തന്ത്രപൂർവം ഐസ്‌ക്രീം വേണ്ടെന്ന് പറഞ്ഞ് മാറി നിന്നു. ബാക്കി വന്ന ഐസ്‌ക്രീം വളർത്തു നായക്ക് നൽകാൻ ബെന്നി നിർദ്ദേശിച്ചുവെങ്കിലും ആൽബിൻ തയാറായില്ല. പിന്നീട് ആരും അറിയാതെ ഐസ്‌ക്രീം നശിപ്പിച്ച ആൽബിൻ സംശയം തോന്നാതിരിക്കാൻ ശാരീരിക അസ്വസ്ഥതയും നടിച്ചു. സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും മാതാപിതാക്കളെ സമാധാനിപ്പിക്കാൻ ആശുപത്രിയിൽ ഓടി നടന്നതും ആൽബിനാണ്.
മരണാനന്തര ചടങ്ങിനിടയിൽ ബെന്നി വീണ്ടും അവശനായതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെസിക്കും അസ്വസ്ഥതയുണ്ടായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇരു വൃക്കകളുടെയും പ്രവർത്തനം താറുമാറായി എന്ന് കണ്ടെത്തി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തന്നെ കഴിയുകയാണ് ബെന്നി ഇപ്പോഴും. മാതാവ് അസുഖം ഭേദമായി വീട്ടിൽ തിരികെ എത്തി.
മറുനാടന് മലയാളി ബ്യൂറോ