- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാനം കടന്ന അവയവദാനം: 6 പേർക്ക് പുതുജന്മം നൽകി ആൽബിൻ പോൾ യാത്രയായി; ആൽബിൻ ജീവൻ വെടിഞ്ഞത് നെടുമ്പാശേരിയിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങവേ കാറപകടത്തിൽ; ഇനി ജീവിക്കുക മറ്റുള്ളവരിലൂടെ
തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂർ ചായ്പ്പാൻകുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആൽബിൻ പോൾ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്ക മരണമടഞ്ഞ ആൽബിൻ പോളിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു. മറ്റുള്ളവരിലൂടെ ആൽബിൻ പോൾ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു.
ആൽബിൻ പോളും സഹോദരൻ സെബിൻ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയർപോട്ടിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലുള്ളവർ വിളിച്ച് പറഞ്ഞാണ് വീട്ടുകാർ അപകടത്തെപ്പറ്റി അറിഞ്ഞത്. പിതാവ് പൗലോസ് ആശുപത്രിയിലെത്തുമ്പോൾ രണ്ട് മക്കളും ഐസിയുവിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. സഹോദരൻ ഭേദമായി ആശുപത്രി വിട്ടു. എന്നാൽ ആൽബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ മഹത്വമറിയാവുന്ന പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
ഗൾഫിലായിരുന്ന ആൽബിൻ പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവായി താത്ക്കാലികമായി ജോലി നോക്കുകയായിരുന്നു. ആൽബിൻ വിവാഹിതനായിട്ട് 2 വർഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ എയ്ഞ്ചൽ. ഇവർക്കൊരു 4 മാസം പ്രായമായ കുഞ്ഞുമുണ്ട്. മാതാവ് ബീന.
സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്തവരിൽ ആൽബിൻ പോളിന്റെ ഹൃദയവുമായി ചേർച്ചയില്ലാത്തതിനാൽ സംസ്ഥാനം കടന്നുള്ള അവയവദാനത്തിനാണ് വേദിയായത്. ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ (NOTTO) രേഖാമൂലം അറിയിച്ചു. അവർ റീജിയണൽ ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓഗനൈസേഷനെ (ROTTO) അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാർഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്.സംസ്ഥാനം കടന്നുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോർജ് നേതൃത്വം നൽകി. മുഖ്യമന്ത്രിയുമായി മന്ത്രി സംസാരിച്ചാണ് യാത്ര സുഗമമാക്കിയത്. പൊലീസിന്റെ സഹായത്തോടെ ആശുപത്രി മുതൽ എയർപോർട്ടുവരെയും, ആശുപത്രി മുതൽ മറ്റാശുപത്രികൾ വരെയും ഗ്രീൻ ചാനൽ ഒരുക്കിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ