പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ ഇനി മുതൽ ആൾക്കഹോൾ പരസ്യങ്ങൾ അപ്രത്യക്ഷമാകും. പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ മദ്യത്തിന്റെ പരസ്യം നിരോധിക്കുമെന്ന വെസ്‌റ്റേൺ ഓസ്‌ട്രേലിയ മുൻ മെന്റൽ ഹെൽത്ത് മിനിസ്റ്റർ ഹെലൻ മോർട്ടറിന്റെ തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഹെലന്റെ നിർദ്ദേശം ഇപ്പോൾ ട്രാൻസ്‌പോർട്ട് മന്ത്രി ബിൽ മാർമിയോൻ ആണ് ഏറ്റെടുത്ത് പ്രാബല്യത്തിൽ വരുത്തുന്നത്.

ബസുകളിലും മറ്റു പബ്ലിക് ട്രാൻസ്‌പോർട്ടുകളിലും പരസ്യം നൽകുന്നതു മൂലം സർക്കാരിന് ഏഴു മില്യൺ ഡോളറിന്റെ വരുമാനമാണ് പ്രതിവർഷം ലഭിക്കുന്നത്. ഇതിൽ ആൾക്കഹോളിന്റെ പരസ്യത്തിൽ നിന്നു മാത്രമായി 160,000 ഡോളർ ലഭിക്കുന്നുണ്ട്. അതേസമയം പൊതുജനങ്ങളിൽ മദ്യപാനം കുറയ്ക്കുന്നതിനുള്ള നയം സ്വീകരിച്ചിട്ടുള്ള സർക്കാർ ഇത്തരത്തിൽ ആൾക്കഹോൾ പരസ്യം പ്രോത്സാഹിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഹെലൻ മോർട്ടൻ വ്യക്തമാക്കിയിരുന്നു. ഇരുപത്തിനാലു മണിക്കൂറും വ്യക്തമാകുന്ന ഈ പരസ്യങ്ങൾ കുട്ടികളും യുവതലമുറയും കാണുന്നുണ്ടെന്നും ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമെന്നും മുൻ മന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ തന്നെ ഗതാഗത സൗകര്യങ്ങളിൽ ഇത്തരത്തിൽ മദ്യത്തിന് പ്രോത്സാഹനം നൽകേണ്ടതില്ലെന്നും ആൾക്കഹോൾ പരസ്യങ്ങൾ സർക്കാർ തന്നെ ഇടപെട്ട് നീക്കം ചെയ്യണമെന്നുമായിരുന്നു ഹെലൻ മോർട്ടറിന്റെ ആവശ്യം. സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത ഇലക്ഷന് രാഷ്ട്രീയ പാർട്ടികൾ ഇതൊരു ആയുധമാക്കിയെടുക്കുമെന്നും ഹെലൻ ചൂണ്ടിക്കാട്ടി.

നിലവിൽ പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മദ്യത്തിന്റെ പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഭാവിയിൽ ആൾക്കഹോൾ പരസ്യങ്ങൾ ഒന്നും സ്വീകരിക്കരുതെന്നും പാർലമെന്ററി സെക്രട്ടറി ഫോർ ട്രാൻസ്‌പോർട്ട് ജിം ഷോൺ വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.