സിംഗപ്പൂർ: രാത്രി 10.30നും രാവിലെ ഏഴിനും ഇടയ്ക്കുള്ള സമയത്ത് പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിന് നിരോധനം ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന് പാർലമെന്റിൽ അംഗീകാരം നൽകി. രാത്രി 10.30നു ശേഷം മദ്യം വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പാർക്കുകൾ പോലെയുള്ള പൊതുസ്ഥലങ്ങളിൽ രാത്രി 10.30 നു ശേഷം മദ്യപിക്കുന്ന കണ്ടെത്തിയാൽ ആയിരം ഡോളർ വരെ പിഴയടക്കേണ്ടി വരും. രണ്ടാം തവണയും ഇതേ കുറ്റം ആവർത്തിക്കപ്പെട്ടാൽ രണ്ടായിരം ഡോളർ പിഴയ്ക്കു പുറമേ, മൂന്നു മാസം ജയിൽ ശിക്ഷയും അനുഭവിക്കണം. നിരോധന സമയത്ത് മദ്യം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 10,000 ഡോളറിൽ കുറയാത്ത പിഴ നൽകേണ്ടി വരും. കൂടാതെ ലൈസൻസും റദ്ദാക്കപ്പെടും.

എന്നാൽ അനുമതിയുള്ള ബാറുകൾ, ക്ലബുകൾ, ഫുഡ് കോർട്ടുകൾ എന്നിവിടങ്ങളിൽ ഈ സമയത്ത് മദ്യപാനത്തിന് തടസമില്ല. സ്വകാര്യ പാർട്ടികളിലും വീടുകളിലും മദ്യപിക്കുന്നതിനും നിയമതടസമില്ല. ലിറ്റിൽ ഇന്ത്യ, ഗെയ്‌ലാംഗ് പോലെയുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകും. ലിറ്റിൽ ഇന്ത്യ കലാപം പോലെയുള്ള സംഭവങ്ങൾ അരങ്ങേറിയതിന്റെ പശ്ചാത്തലത്തിലാണ് രാത്രിയിൽ പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.