അഹമ്മദാബാദ്: മദ്യ നിരോധനത്തോടെ മദ്യപാനം മൂലമുണ്ടാകാനിടയുള്ള രോഗങ്ങൾ ഗണ്യമായി കുറക്കാനാകുമെന്നായിരിക്കും കേരള സർക്കാരിന്റെ കണക്കു കൂട്ടൽ. എന്നാൽ വർഷങ്ങൾക്കു മുമ്പ് മദ്യ നിരോധനം നടപ്പാക്കിയ ഗുജറാത്തിൽ നിന്നുള്ള കണക്കുകൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ സുധീരനും ഒന്നു വിലയിരുത്തുന്നത് നല്ലതാണ്. മദ്യനിരോധനമുള്ള ഗുജറാത്തിൽ കരൾ രോഗം (ലിവർ സിറോസിസ്) ബാധിച്ച് ആയിരത്തോളം പേരാണ് മാസം തോറും ആശുപത്രികളിലെത്തുന്നത്! അഹമ്മദാബാദിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലിവർ സിറോസ് കേസുകളുടെ 80 ശതമാവും മദ്യപാനവുമായി ബന്ധപ്പെട്ടതാണ്. വിരോധാഭാസമായി തോന്നാം. എന്നാൽ ശരിയായ കണക്കുകളാണ് ഇതു പറയുന്നത്.

പടിഞ്ഞാറൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റഫറൽ ആശുപത്രിയായ അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ കരൾ രോഗികൾ എത്തുന്നത്. ഒരു മാസം ഇവിടെ 270 പേർ ലിവർ സിറോസിസുമായി എത്തുന്നു. വിഎച്ച് ഹോസ്പിറ്റലിൽ പ്രതിമാസം 230 രോഗികലും ശാർദാബെൻ ഹോസ്പിറ്റലിൽ 200-ഉം എൽ ജി ഹോസ്പിറ്റലിൽ 180 രോഗികൾ എത്തുന്നു. മുൻനിര സ്വകാര്യ ആശുപത്രിയിൽ പ്രതിമാസമെനത്തുന്ന കരൾ രോഗികളുടെ എണ്ണം 80 ആണ്.

ഇങ്ങനെ എത്തുന്ന കരൾരോഗികളിൽ പഴയ കാല കുടിയന്മാർ മാത്രമല്ല ഉള്ളതെന്നും ഡോക്ടർമാർ നൽകുന്ന കണക്കുകൾ പറയുന്നു. 'രോഗികൾ ഭൂരിഭാഗം പേരും 25-നും 40-നും ഇടയിൽ പ്രായമുള്ള മദ്യപാനശീലമുള്ള പുരുഷന്മാരാണ്,' വിഎച്ച് ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോക്ടർ ലീന ദാഭി പറയുന്നു. ദീർഘ കാലം മദ്യപിക്കുന്നത് കരളിനും ദീർഘകാല രോഗമുണ്ടാക്കുമെന്നും അവർ പറയുന്നു. സ്ത്രീകളിൽ കരൾ രോഗത്തിന് കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, തടിയനങ്ങാത്ത ജീവിത രീതി എന്നീ കാരണങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.