ബെർലിൻ: മുട്ടകളിൽ കീടനാശിനി പറ്റിയിട്ടുള്ളതായി അഭ്യൂഹം പടർന്നതിനെ തുടർന്ന് മുട്ട വില്പന താത്ക്കാലികമായി നിർത്തുന്നതായി അൽദി സുദ്, അൽദി നോർഡ് എന്നിവ വ്യക്തമാക്കി. വിഷാംശമുള്ള കീടനാശിനിയുടെ സാന്നിധ്യം മുട്ടകളിൽ കണ്ടെത്തിയെന്നുള്ള അഭ്യൂഹം പടർന്നതിനെ തുടർന്ന് മുപ്പതു ലക്ഷത്തോളം മുട്ടകൾ വിപണിയിൽ നിന്ന് പിൻവലിക്കുകയാണ് അൽദി സൂപ്പർമാർക്കറ്റ് ചെയിൻ. ഉപയോക്താക്കളുടെ ആരോഗ്യം കണക്കിലെടുത്ത് മുട്ടകൾ പിൻവലിക്കുകയാണെന്നാണ് അൽദി വ്യക്തമാക്കിയിരിക്കുന്നത്.

ഫിപ്രോണിൽ എന്ന കീടനാശിനിയുയടെ സാന്നിധ്യം മുട്ടകളിൽ കണ്ടുവെന്നാണ് ആരോപണം. പൂർണമായും കീടനാശിനിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പായശേഷം മാത്രമേ മുട്ട വിൽപ്പന പുനരാരംഭിക്കുകയുള്ളൂവെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. നെതർലാൻഡിലും ജർമനിയിലുമുള്ള അൽദി സ്റ്റോറുകളിലുള്ള ലക്ഷക്കണക്കിന് മുട്ടകളിൽ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായാണ് റിപ്പോർട്ടുകൾ.

മുട്ടകൾ വിപണിയിൽ നിന്നു പിൻവലിക്കുന്നത് ഡച്ച് പൗൾട്രി വ്യവസായത്തിന് വൻ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്. മുട്ടകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തുന്നതിനായി 138 പൗൾട്രി ഫാമുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ അഞ്ചിൽ ഒന്ന് ഫാമുകൾ അടച്ചുപൂട്ടുകയും ചെയ്തു. പൊതുജനാരോഗ്യത്തെ തുടർന്നാണ് ഫാമുകൾ അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു.