- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംവിധായകനാണോ നടനാണോ വലുതെന്ന ചോദ്യത്തിൽ തുടങ്ങിയ തർക്കം; കഥാ ചർച്ചയ്ക്കിടെ ലോകമറിയുന്ന ക്യാമറാമാനോട് ഇറങ്ങി പോകാൻ ആക്രോശം; വേണുവിന്റെ പരാതി 'അമ്മ'യ്ക്ക് കൈമാറി ഫെഫ്ക; മോഹൻലാലിനെ തോക്ക് ചൂണ്ടിയ അലൻസിയർ വീണ്ടും വിവാദത്തിൽ
കൊച്ചി: കഥ പറയുന്നതിനിടെ നടൻ അലൻസിയർ അപമര്യാദയായി പെരുമാറിയെന്ന സംവിധായകൻ വേണുവിന്റെ പരാതി അമ്മയ്ക്ക് കൈമാറി ഫെഫ്ക. സിനിമയിലെ സാങ്കേതിക പ്രവർത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് വേണു പരാതി നൽകിയത്. ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുവേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേൾക്കുന്നതിനിടയിൽ നടൻ മോശമായി പെരുമാറിയെന്നാണ് വേണു നൽകിയ പരാതിയിൽ പറയുന്നത്. ഇനി അമ്മയുടെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടൽ നടത്തും.
അലൻസിയർ അമ്മയിൽ അംഗമാണ്. ഈ സാഹചര്യത്തിലാണ് വേണുവിന്റെ പരാതി ഫെഫ്ക അമ്മയ്ക്ക് കൈമാറിയത്. സിനിമാ ചർച്ചയ്ക്കിടെ സംവിധായകനാണോ നടനാണോ വലുതെന്ന തരത്തിൽ ചർച്ച വന്നു. ഇതിനിടെയാണ് വേണുവിനോട് പ്രകോപനത്തോടെ അലൻസിയർ സംസാരിച്ചത്. ഇറങ്ങി പോകാൻ വേണുവിനോട് അലൻസിയർ ആക്രോശിച്ചതായാണ് സൂചന. ഈ സാഹചര്യത്തിൽ മലയാള സിനിമയിലെ ഏറ്റവും മുതിർന്ന ക്യാമറാമാന്മാരിൽ ഒരാളായ വേണു ഫെഫ്കയ്ക്ക് പരാതി നൽകിയത്. കഥാ ചർച്ചയ്ക്കിടെയാണ് വേണു അപമാനിതനായത്.
മലയാള സിനിമയുടെ ഖ്യാതി അന്താരാഷ്ട്ര തലത്തിൽ എത്തിച്ച ക്യാമറാമാനാണ് വേണു. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. 1998-ൽ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. വളരെയധികം ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രമാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 1982ൽ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ശേഷം നിരവധി പ്രമുഖർക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു. പ്രശസ്ത ചിത്രസംയോജകയായ ബീന പോളാണ് ഭാര്യ. എല്ലാവരാലും ബഹുമാനിക്കുന്ന ക്യാമറാമാനെ അലൻസിയർ അപമാനിച്ചു എന്ന പരാതി സിനിമാ മേഖലയേയും ഞെട്ടിച്ചു.
മുമ്പ് മീടുവിൽ അടക്കം അലൻസിയർ കുടുങ്ങിയിരുന്നു. അന്ന് മാപ്പു പറഞ്ഞാണ് രക്ഷപ്പെട്ടത്. 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിനിടെ മുഖ്യാതിഥി മോഹൻലാലിന് നേരെ പ്രതീകാത്മക 'തോക്ക്' ചൂണ്ടി വെടിവച്ചും വാർത്തകളിൽ ഇദ്ദേഹം ഇടംനേടിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ചുവെന്ന പരോക്ഷ വിമർശനമായിരുന്നു ആ വെടിവയ്പ്പ്. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അലൻസിയർ നടത്തിയ പ്രതിഷേധ പ്രകടനം ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്. അന്ന് മികച്ച സ്വഭാവ നടനുള്ള പുരസ്കാര ജേതാവായിരുന്നു് അലൻസിയർ.മോഹൻലാൽ സംസാരിക്കുമ്പോൾ അലൻസിയർ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് മുന്നിലേക്ക് വന്ന് കൈവിരലുകൾ തോക്കുപോലെയാക്കി മോഹൻലാലിന് നേരെ ചൂണ്ടുകയായിരുന്നു. രണ്ടുവട്ടം ട്രിഗർ വലിക്കുന്നതായും കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെയായിരുന്നു ഇതൊക്കെ നടന്നത്.
അന്ന് താരസംഘടനയ്ക്ക് മുമ്പിൽ പരാതി എത്തിയപ്പോഴും ഖേദപ്രകടനം നടത്തി അലൻസിയർ തലയൂരി. നാടകത്തിലൂടെ സിനിമയിലെത്തിയ അലൻസിയർക്ക് വിവാദങ്ങളുടെ പേരിൽ ആരും അവസരവും നിഷേധിച്ചിട്ടില്ല.
മോഹൻലാലിനോടുള്ള പ്രതിഷേധ സൂചകമായാണ് അലൻസിയർ അങ്ങനെ ചെയ്തതെന്നാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ താൻ പ്രതിഷേധിക്കുകയായിരുന്നില്ലെന്ന് വ്യക്തമാക്കി അലൻസിയർ പിന്നീട് തടിയൂരി. മോഹൻലാൽ എന്ന മഹാനടനെതിരേ വെടിയുതിർത്തതല്ലെന്നും സാമൂഹിക വ്യവസ്ഥിതിയിൽ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. മോഹൻലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വ്യവസ്ഥിതിക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞ് അലൻസിയർ രക്ഷപ്പെട്ടു.
പിന്നീട് മീടൂ ആരോപണമെത്തി. നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീടൂ ആരോപണത്തിലും
പരസ്യമായി മാപ്പു പറഞ്ഞ് അലൻസിയർ രക്ഷപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ പരസ്യമായി അലന്സിയർ മാപ്പു പറയണമെന്ന് അഭിമുഖത്തിൽ ദിവ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അലൻസിയർ മാപ്പു പറഞ്ഞത്. ആഭാസം സിനിമയിലെ സെറ്റിനിടെയുള്ള പ്രശ്നങ്ങളാണ് ദിവ്യ വെളിപ്പെടുത്തിയത്. ഇത് അലൻസിയറെ വെട്ടിലാക്കിയിരുന്നു.
ആഭാസം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യ വെളിപ്പെടുത്തിയത്. പേരു വെളിപ്പെടുത്താതെ ഒരു ബ്ലോഗിലൂടെയായിരുന്നു ആദ്യം ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടി വെളിപ്പെടുത്തിയത്. പിന്നീട് ഫേസ്ബുക്ക് ലൈവിലൂടെയും താൻ പറഞ്ഞകാര്യങ്ങൾ സത്യമാണെന്നും ആരുടേയും പ്രേരണ പ്രകാരമല്ല വെളിപ്പെടുത്തൽ നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് ചിത്രത്തിന്റെ സംവിധായകനും സമ്മതിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ