- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്‌സ് ഗോപന്റെ കോളേജ് കഥ
തിരുവനന്തപുരം: പെൺകുട്ടികൾക്കിടയിലെ താരം കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ. എൻ.സി.സി സീനിയർ കേഡറ്റ്. ക്രിക്കറ്റ് കളിയിലും ഒന്നാമൻ, അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥി- വണ്ടിത്തടം കൊലപാതകത്തിലെ അലക്‌സ് ഗോപന്റെ കോളേജ് കഥ ഇങ്ങനെയാണ്.
കാട്ടക്കട ക്രിസ്ത്യൻ കോളേജിലേക്ക് ഒരു ദിവസം വരുന്നത് ക്ലാസിക് ബുള്ളറ്റിലാണെങ്കിൽ അടുത്ത ദിവസംഗ്ലാമർ ബൈക്കിലാകും. ഇങ്ങനെ ദിവസവും ഓരോ ബൈക്കിൽ എത്തിയിരുന്ന അലക്‌സ് ഗോപൻ സഹപാഠികൾക്കിടയിൽ താരമായിരുന്നു. 2008 - 2021 ബാച്ചിൽ സുവോളജി ബിരുദ പഠനത്തിനാണ് അലക്‌സ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ അഡ്‌മിഷൻ നേടുന്നത്.
ആദ്യ ടേം അഡ്‌മിഷൻ പൂർത്തിയായപ്പോൾ ക്ലാസിൽ അലക്‌സ് മാത്രമാണ് ആൺ കുട്ടിയായി ഉണ്ടായിരുന്നത്. ബാക്കിയുള്ള പെൺകുട്ടികളുമായി പെട്ടെന്ന് അടുത്ത അലക്‌സ് അന്നേ തന്നെ അവർക്കിടയിൽ ഹീറോ ആയി. എന്നും സ്വീറ്റ്‌സും സമ്മാനങ്ങളുമായി ക്ലാസിൽ വരുന്ന അലക്‌സിനെ അവർക്കെല്ലാം ഇഷ്ടമായിരുന്നു. ഇതിനിടെ മാനേജ്‌മെന്റ് ക്വാട്ട അഡ്‌മിഷൻ കഴിഞ്ഞപ്പോൾ ചില ആൺകുട്ടികൾ കൂടി അലക്‌സിന്റെ ക്ലാസിൽ എത്തിയെങ്കിലും താരം അലക്‌സ് ഗോപൻ തന്നെയായിരുന്നു.
അദ്ധ്യാപകർക്കും അലക്‌സിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവ്.ക്ലാസിലെ മിടുക്കാനായ വിദ്യാർത്ഥി. എൻസിസി യിലും അലക്‌സ് കഴിവു തെളിയിച്ചിരുന്നു. വിവിധ ക്യാമ്പുകളും പരേഡുകളും അറ്റൻഡു ചെയ്ത അലക്‌സ് ക്രിസ്ത്യൻ കോളേജിലെ സീനിയർ കേഡറ്റാണ്. ഏതോ സമ്പന്ന വീട്ടിലെ കുട്ടി എന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും കരുതിയിരുന്നത് . ഡ്രസ് കോഡും ആർഭാട ജീവിതവുമാണ് അങ്ങനെ കരുതാൻ കാരണമായത് .
ക്ലാസിലെ മാത്രമല്ല കോളേജിലെ മിക്കവാറും പെൺകുട്ടികളുമായി അടുത്തിടപഴകാറുള്ള അലക്‌സ് എല്ലാവരെയും കയ്യിലെടുത്തിരുന്നത് മുന്തിയ സ്വീറ്റ്‌സ് ബോക്‌സുകൾ നൽകിയായിരുന്നു. കോളേജിലെ ക്രിക്കറ്റുകളിക്കാർക്കിടയിലും അലക്‌സ് സാന്നിധ്യമായിരുന്നു. ഡിപ്പാർട്ടുമെന്റ് തിരിച്ചുള്ള മാച്ചിൽ കസറിയിരുന്ന അലക്‌സ് ക്രിക്കറ്റ് പ്രേമികളുടെയും സന്തത സഹചാരിയായിരുന്നു .വിദ്യാർത്ഥി രാഷ്ട്രീയത്തോട് അധികം അടുത്തിരുന്നില്ലെങ്കിലും തെരെഞ്ഞെടുപ്പ് വരുമ്പോൾ കൂട്ടുകാർക്ക് വേണ്ടി ഗോദയിലിറങ്ങുന്ന അലക്‌സ്ഇലക്ഷൻ സമയത്തും കോളേജിലെ കേന്ദ്ര ബിന്ദു തന്നെയായിരുന്നു.
അതേ സമയം വണ്ടിത്തടത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവം കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. ചാൻ ബീവിയുടെ വീട്ടിൽ കഴിഞ്ഞ പത്തുവർഷമായി സഹായിയായി നിൽക്കുന്ന സമീപവാസിയായ രാധയുടെ മകൾ സിന്ധുവിന്റെ മകനാണ് അറസ്റ്റിലായ അലക്‌സ് ഗോപൻ. സംഭവദിവസം അലക്‌സ് ഗോപൻ ഉച്ചയ്ക്ക് 2.30-ന് ചാൻബീവിയുടെ വീടിന്റെ പുറകുവശത്തുള്ള ക്ഷേത്ര കോമ്പൗണ്ടിന്റെ മതിൽ ചാടിക്കടന്ന് അകത്തുകടന്നു. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പുതോട്ടിയെടുത്ത് മറുവശത്തെ ജനാല വഴി മുൻവാതിലിന്റെ കുറ്റി വലിച്ചെടുത്തു.
തലയിൽ ഹെൽമെറ്റ് ധരിച്ച് വീടിനുള്ളിൽ കയറി. കുറ്റിയെടുക്കുന്ന ശബ്ദംകേട്ട് കട്ടിലിൽ കിടക്കുകയായിരുന്ന ചാൻ ബീവി മുറിയിൽനിന്ന് ഡൈനിങ് ഹാളിലെത്തി. ആരായെന്ന് ചോദിക്കുന്നതിനിടെ, ചാൻബീവിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ആളെ തിരിച്ചറിഞ്ഞ ചാൻ ബീവി പ്രതികരിച്ചതോടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിട്ടു. തുടർന്ന് കഴുത്തിൽക്കിടന്ന മാല വലിച്ചെടുത്തു. കൈകളിലെ വളകളും ഊരിയെടുത്തു. ഈ സമയത്ത് തറയിൽക്കിടന്ന ചാൻ ബീവി വശത്തേക്ക് ഞെരക്കത്തോടെ തിരിഞ്ഞു. ഇതോടെ വീണ്ടും ഇവരെ വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോടു ചേർത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ചു. അബോധാവസ്ഥയിലായ ചാൻ ബീവിക്കു സമീപം അലക്‌സ് ഗോപൻ പത്ത് മിനിറ്റോളം ഇരുന്നു. മരണം ഉറപ്പുവരുത്തിയശേഷം പുറത്തെത്തി.
ബൈക്കുമെടുത്ത് നേരേ കല്ലിയൂരിലുള്ള പണയമെടുക്കുന്ന സ്ഥാപനത്തിൽ മാല പണയംവച്ചു. തുടർന്ന് പഠിക്കുന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെത്തി പെൺസുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി. തുടർന്ന് നാലുമണിയോടെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തി കുളിക്കുമ്പോൾ ഇയാളുടെ അമ്മൂമ്മ രാധ, ചാൻ ബീവിയുടെ വീട്ടിലേക്കു പോകുന്നതു കണ്ടു. 4.30-ഓടെ വീട്ടിലെത്തിയ രാധ, മുറിയിൽ ചാൻ ബീവിയെ മരിച്ചനിലയിൽ കണ്ടു. ഉടൻതന്നെ ചെറുമകനായ അലക്‌സിനെ ആദ്യം വിളിച്ചു. തുടർന്ന് ചാൻ ബീവിയുടെ സമീപത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. നാട്ടുകാരെല്ലാം എത്തിയതിനു ശേഷമാണ് അലക്‌സ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാർ നിർബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞ് അലക്‌സ് ഒഴിഞ്ഞു. തുടർന്നാണ് തിരുവല്ലം പൊലീസ് എത്തിയത്.
ഡി.സി.പി. ദിവ്യാ വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ ഫോർട്ട് അസി. കമ്മിഷണർ ആർ.പ്രതാപൻ നായർ, തിരുവല്ലം ഇൻസ്‌പെക്ടർ വി.സജികുമാർ, ഫോർട്ട് ഇൻസ്‌പെക്ടർ ജെ.രാകേഷ്, എസ്‌ഐ.മാരായ നിതിൻ നളൻ, എ.മനോഹരൻ(തിരുവല്ലം), വിമൽ, അനുരാജ്, സെൽവിയസ് രാജു(ഫോർട്ട്), സീനിയർ സി.പി.ഒ. ജെ.എസ്.കണ്ണൻ, മനോജ്, സി.പി.ഒ.മാരായ ബിനു, ഷിബു, സാബു, ഗോഡ്വിൻ തുടങ്ങിയവരുെട നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്
മറുനാടന് മലയാളി ബ്യൂറോ