- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സ് പുരുഷ ടെന്നീസ്: ജർമനിയുടെ അലക്സാണ്ടർ സ്വെരേവിന് സ്വർണം; ഫൈനലിൽ കീഴടക്കിയത് റഷ്യയുടെ കാരെൻ ഖച്ചനോവിനെ; ജയം നേരിട്ടുള്ള സെറ്റുകൾക്ക്; ഗ്രാൻഡ്സ്ലാം കിരീടമില്ലാത്ത സ്വരേവിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം
ടോക്യോ: ഒളിമ്പിക്സിൽ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിന് സ്വർണം. ഫൈനലിൽ റഷ്യയുടെ കാരെൻ ഖച്ചനോവിനെ കീഴടക്കിയാണ് സ്വരേവ് കരിയറിലെ ആദ്യ ഒളിമ്പിക് സ്വർണം പേരിൽ കുറിച്ചത്. ഇതുവരെ ഒരു ഗ്രാൻഡ്സ്ലാം കിരീടം പോലും നേടാത്ത സ്വരേവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്.
1988 ന് ശേഷം ജർമനിക്കായി ഒളിമ്പിക്സ് ടെന്നീസിൽ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരം എന്ന റെക്കോഡും ഈ നേട്ടത്തിലൂടെ സ്വരേവ് സ്വന്തമാക്കി. സ്റ്റെഫി ഗ്രാഫാണ് ഇതിനുമുൻപ് ജർമനിക്ക് വേണ്ടി സ്വർണം നേടിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് നിലവിലെ അഞ്ചാം നമ്പർ താരമായ സ്വരേവിന്റെ വിജയം. സ്കോർ: 6-3, 6-1. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും റഷ്യൻ താരത്തിന് സ്വരേവിന് മേൽ വെല്ലുവിളി ഉയർത്താനായില്ല. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഫൈനലിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്.
സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കരിയറിലെ ഗോൾഡൻ സ്ലാം മോഹവുമായെത്തിയ ജോക്കോവിച്ചിന് സ്വരേവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായിരുന്നില്ല.
സ്പാനിഷ് താരം ബുസ്റ്റയെയാണ് സെമിയിൽ ഖച്ചനോവ് തോൽപ്പിച്ചത്. അട്ടിമറികളിലൂടെ ഫൈനലിലെത്തിയ ഖച്ചനോവിന് ആ മികവ് കലാശപ്പോരാട്ടത്തിൽ പുറത്തെടുക്കാൻ സാധിച്ചില്ല.