- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ താരത്തോട് മത്സരിക്കാൻ വിസമ്മതം; അൾജീരിയൻ ജൂഡോ താരത്തെ ടോക്യോ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി; ഫലസ്തീൻ പ്രശ്നം ഇതിനേക്കാൾ ഒക്കെ വലുതെന്ന് ഫതഹി നൗറിൻ; താരത്തിനൊപ്പം കോച്ചിനെയും പുറത്താക്കി അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ
ടോക്യോ: ഒത്തൊരുമ വിളംബരം ചെയ്യുന്ന ഒളിമ്പിക്സ് വേദിയിലും ഭിന്നതയുടെ സ്വരം. ഇസ്രയേൽ താരത്തോട് മത്സരിക്കാൻ വിസമ്മതിച്ച അൾജീരിയൻ ജൂഡോ താരത്തെ ടോക്യോ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി. ഫലസ്തീനികളോടുള്ള രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചാണ് ജൂഡോ താരമായ ഫതഹി നൗറിൻ പിന്മാറിയത്. അടുത്ത തിങ്കളാഴ്ച്ച നടക്കുന്ന ആദ്യ റൗണ്ടിൽ സുഡാൻ താരം മുഹമ്മദ് അബ്ദുൽ റസൂലിനെയാണ് ഫതവി നേരിടാനിരുന്നത്. ഈ റൗണ്ടിൽ വിജയിച്ചാൽ രണ്ടാം മത്സരം ഇസ്രയേൽ താരവുമായി മുഖാമുഖം വരും. എന്നാൽ ഇസ്രയേലി താരവുമായുള്ള പോരാട്ടത്തിന് താൽപ്പര്യമില്ലാത്തതിനാലാണ് ഫതഹി ഒളിമ്പിക്സിൽ നിന്നും പിന്മാറിയത്.
'ഒളിമ്പിക്സിൽ എത്താൻ ഞങ്ങൾ ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട.എന്നാൽ ഫലസ്തീനോടുള്ള രാഷ്ട്രീയ ഐക്യദാർഢ്യം ഇതിനെക്കാൾ ഒക്കെ ഏറെ മുകളിലാണ്,' ഒളിമ്പിക്സിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഫതവി പറഞ്ഞു. നേരത്തെ 2019ൽ ടോക്യോയിൽ നടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ നിന്നും സമാന കാരണത്താൽ താരം പിന്മാറിയിരുന്നുവെന്നാണ് വിവരം.
73 കിലോ കാറ്റഗറിയിലാണ് താരം മത്സരിക്കേണ്ടിയിരുന്നത്. പുതിയ തീരുമാനത്തോടെ മത്സരക്രമം പുനക്രമീകരിച്ചേക്കും. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ ഫതഹി നൗറിനെയും കോച്ച് അമർ ബെനിഖ്ലഫിനെയും സസ്പെൻഡ് ചെയ്തു. ഇരുവരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഫെഡറേഷന്റെ നിയമങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നീക്കങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു. അൾജീരിയൻ താരത്തിന്റെയും പരിശീലകന്റെയും നിലപാട് ഒളിമ്പിക്സ് തത്വങ്ങൾക്ക് പൂർണമായി എതിരാണ്. കർശനമായ വിവേചന രാഹിത്യമാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ മുഖമുദ്ര. സഹാനുഭാവമാണ് മുഖ്യതത്വം. ഒളിമ്പിക്സിന് പുറത്ത് എന്ത് അച്ചടക്ക നടപടിയാണ് വേണ്ടതെന്ന് അച്ചടക്ക കമ്മീഷൻ തീരുമാനിക്കും.
ഇതാദ്യമല്ല, ഇസ്രയേൽ ജൂഡോ താരങ്ങൾക്ക് ഈ സാഹര്യം നേരിടേണ്ടി വരുന്നത്. എതിരാളികൾ പലപ്പോഴും പിന്മാറുകയോ അംഗീകരിക്കാതിരിക്കുയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്സിൽ, 100 കിലോയ്ക്ക് മേലേയുള്ള പുരുഷന്മാരുടെ ജൂഡോ മത്സരത്തിൽ ജേതാവായ ഇസ്രയേൽ എതിരാളി ഒർ സാസണുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഈജിപ്ഷ്യൻ ജൂഡോ താരം ഇസ്ലാം എൽ ഷെഹാബി കളി തന്നെ ഉപേക്ഷിച്ചു. ഏപ്രിലിൽ ഇത്തരം സമീപനങ്ങൾക്ക് ഇറാന് മേൽ നാല് വർഷത്തെ വിലക്കും അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ ഏർപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ