ണക്കൊഴുപ്പിനൊപ്പം പൊങ്ങച്ചവും കൂടിച്ചേർന്നതാണ് അറബ് കോടീശ്വരന്മാർ. ഡാഷ്‌ബോർഡിൽ കാലുയർത്തിവെച്ച് സ്വർണം കൊണ്ടുണ്ടാക്കിയ റോളക്‌സ് വാച്ച് പ്രദർശിച്ചിപ്പ് മോട്ടോർവേയിലൂടെ 100 മൈൽ വേഗത്തിൽ പോർഷെ കാറിൽ പാഞ്ഞ ആദം അലിയെന്ന 29-കാരനും അതാണ് ചെയ്തത്. എന്നാൽ, ബ്രിട്ടനിലെ റോഡ് നിയമങ്ങൾ അലിക്കെതിരെ നടപടിയെടുത്തപ്പോൾ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അയാൾ ദുബായിലേക്ക് മുങ്ങേണ്ടിവന്നു.

കോടതി ശിക്ഷ വിധിച്ച അലി ജാമ്യത്തിലിറങ്ങിയാണ് മുങ്ങിയത്. അലിക്കുവേണ്ടി പൊലീസ് വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കിട്ടിയില്ല. പകരം കിട്ടിയത് കൈത്തോക്കിൽ ഉപയോഗിക്കുന്ന തരം 19 വെടിയുണ്ടകളും ആയിരത്തിലേറെ വീഡിയോകൾ റെക്കോഡ് ചെയ്ത ഐഫോണും. അത്തരമൊരു വീഡിയോ ക്ലിപ്പിൽനിന്നാണ് അലിയുടെ പൊങ്ങച്ചങ്ങൾ പൊലീസ് കണ്ടെടുത്തത്. തന്റെ കരേറ ടർബോ എസ് പായിക്കുന്നതിനിടെ, സ്വർണവാച്ച് പ്രദർശിപ്പിക്കുന്നതായിരുന്നു അതിലൊന്ന്.

മറ്റൊന്നിൽ 147 മൈൽ വേഗത്തിൽ ഹാർലോയിൽനിന്ന് ലണ്ടനിലേക്ക് പായുന്ന അലിയുടെ ദൃശ്യമാണ്. എം11 മോട്ടോർവേയിലൂടെ 100 മൈൽ വേഗത്തിൽ കാറോടിക്കുന്നതിനിടെ കാൽ ഡാഷ് ബാർഡിലേക്ക് കയറ്റിവെച്ചിരിക്കുന്ന ദൃശ്യം മറ്റൊരു വീഡിയോയിലും കാണാം. 180 മൈൽ വേഗത്തിൽവരെ അലി കാറോടിക്കുന്ന ദൃശ്യങ്ങളും ഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ കാറോടിച്ചതിന് പിടിയിലായ അലിയെ സൗത്ത്‌വാക്ക് ക്രൗൺ കോടതിയാണ് ശിക്ഷിച്ചത്.

ജാമ്യത്തിലിറങ്ങി മുങ്ങിയ അലിയുടെ പാസ്‌പോർട്ട് പിടിച്ചെടുത്തിരുന്നു. എന്നാൽ, പേരുമാറ്റിയ അലി മറ്റൊരു പാസ്‌പോർട്ട് സംഘടിപ്പിച്ച് ദുബായിലേക്ക് പോവുകയായിരുന്നു. വെടിക്കോപ്പുകൾ അനധികൃതമായി സൂക്ഷിച്ച കുറ്റത്തിന് അലിയെ രണ്ടരവർഷം തടവിന് വിധിച്ചു. എന്നാൽ, അപകടരമായ രീതിയിൽ ഡ്രൈവ് ചെയ്തതിനും വെടിക്കോപ്പുകൾ സൂക്ഷിച്ചതിനും കോടതി ശിക്ഷ വിധിക്കുമ്പോൾ അലി ദുബായിലായിരുന്നുവെന്നുമാത്രം.

ഇൻസ്റ്റഗ്രാമിൽ 62,000-ലേറെപ്പേർ പിന്തുടരുന്ന അലി ആഡംബര ജീവിതത്തിൽ ആറാടിയിരുന്നയാളാണ്. വിലകൂടിയ റോളക്‌സ് വാച്ചുകളോടും ആഡംബര കാറുകളോടുമായിരുന്നു പ്രിയമേറെയും. നിയമവ്യവസ്ഥയ്ക്ക് വഴങ്ങി ജീവിക്കാൻ താത്പര്യമില്ലാത്തയാളാണ് അലിയെന്ന് അയാളുടെ ചെയ്തികളിൽനിന്ന് വ്യക്തമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി മാർട്ടിൻ ബെഡോയ് പറഞ്ഞു.