കോഴിക്കോട്: സുന്നത്ത് പ്രാകൃതമാണെന്ന് പറയാൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോയെന്ന് സംവിധായകൻ അലി അക്‌ബർ. ബാലാവകാശ കമ്മീഷനിൽ പരാതി നൽകാമോ? പരാതി നൽകിയിൽ കോടതിയിൽ സാക്ഷിയായി താൻ വരാമെന്നും അലി അക്‌ബർ തന്റെ ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട വിവാദവുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ് ബുക്കിൽ അലി അക്‌ബർ കുറിപ്പിട്ടത്. ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സിനിമാക്കാരനാണ് അലി അക്‌ബർ.

അലി അക്‌ബറിന്റെ കുറിപ്പ് ഇങ്ങനെ

അന്ന് എനിക്ക് 5 വയസ്സ്, സഹോദരന്മാർക്ക് 7ഉം 9ഉം. മാർക്ക കല്യാണം എന്ന് കൂട്ടുകാർ പറഞ്ഞു കുറേ സമ്മാനമൊക്കെ കിട്ടുമെന്നും, ഉച്ചവരെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു, കിട്ടാൻ പോകുന്ന സമ്മാനങ്ങളെ ഓർത്ത്. പിന്നെ അടുത്ത സുഹൃത്ത് പറഞ്ഞു മാർക്കകല്യാണം എന്ന് പറഞ്ഞാൽ മുട്ട മുറി ആണെന്ന്. അഥവാ ലിംഗ ഛേദനമാണെന്ന് ആ നിമിഷം മുതൽ ഹൃദയമിടിപ്പ് കൂടി, വെകുന്നേരം കുറേ ആളുകൾ വന്നു. കൂടെ മൊയ്ലിയാരും ഒസ്സാനും. തലക്കകത്തു പെരുപ്പ് കയറി. ട്രൗസർ മാറ്റി മുണ്ടുടുപ്പിച്ചു അപ്പോഴേക്കും പിടി വിട്ടു വലിയ വായിൽ നിലവിളിച്ചുകൊണ്ട് ഞാനോടി. പറമ്പിലേക്ക്, കാപ്പിത്തോട്ടത്തിലേക്ക്. പുറകെ ഒരുപാട് കാലുകൾ. മരണം അടുത്തെത്തിയ പോൽ നിലവിളിച്ചു ഓടി പക്ഷെ കരുത്തന്മാർ എന്നേ പിടികൂടി. മുറിക്കണ്ട എന്റേത് മുറിക്കണ്ട കഴിയുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

എന്റെ ഭയവും കരച്ചിലും കണ്ട് ഉമ്മയുടെ മനസ്സലിഞ്ഞു ഓൻ ചെറുതല്ലെ പിന്നെയാക്കാം. ങ്ങാ ഇനി ഓന് വേണ്ടി വേറൊരു ചിലവുണ്ടാക്കണം മൂന്നും ഒപ്പം നടക്കട്ടെ. മൂന്ന് മുറി ഒന്നിച്ചു നടത്തിയാൽ ഉണ്ടാവുന്ന ലാഭമായിരുന്നു മൂത്ത സഹോദരന്. ഉമ്മ പിന്നെ മിണ്ടിയില്ല .എന്റെ ശരീരത്തിൽ നിന്നും ഗുണ്ടകൾ (അങ്ങിനെ വിളിക്കാനാ ഇഷ്ടം) പിടിവിട്ടില്ല അവർ തൂക്കിഎടുത്തു തട്ടിന്പുറത്തേയ്ക്ക്. സകല ശക്തിയും എടുത്തു കുടഞ്ഞു, കടിക്കാൻ ശ്രമിച്ചു ഫലം കണ്ടില്ല. അഭിമുഖമായിട്ടിരുന്ന രണ്ടു കട്ടിലുകളൊന്നിൽ എന്നേ പിടിച്ചിരുത്തി. എതിരെയുള്ള കട്ടിലിൽ സഹോദരന്മാരെയും. ഒസ്സാൻ ബാഗ് തുറന്നു കത്തികൾ എടുത്തു, ഒരാൾ വെള്ളം കൊണ്ടു വന്നു മറ്റൊരാൾ കുറച്ചു പച്ച ഈർക്കിലികൾ. എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ മിടിച്ചു.

കരച്ചിൽ അതി ശക്തമായപ്പോൾ ഒരാൾ വാപൊത്തി, ഒരാൾ കണ്ണ് പൊത്തി, രണ്ടു പേർ തുണി മാറ്റി ഇരു തുടകളും അകത്തി പിടിച്ചു. എന്റെ കണ്ണ് ശരിക്കും മൂടിയിരുന്നില്ല പൊത്തിയ കൈവിരലുകൾക്കിടയിലൂടെ ഞാൻ ആ കാഴ്ച കണ്ടു രണ്ടാം സഹോദരൻ ജമാലിന്റ തുണി മാറ്റി ഈർക്കിൽ കൊണ്ട് ലിംഗാഗ്രം വലിച്ചു പിടിച്ചു ഒസ്സാൻ കത്തിയെടുത്തു,നിലവിളി ഉയർന്നു നിലവിളിയെ തോൽപ്പിക്കുമാറ് കാഴ്‌ച്ചക്കാർ തക്‌ബീർ മുഴക്കി ''അള്ളാഹു അക്‌ബർ ''ഒസ്സാൻ കോഴിയെ അറുക്കും പോൽ ജമാലിന്റെ തൊലി മുറിച്ചെടുത്തു ചോര പൊടിഞ്ഞു മറിച്ചു തിരിച്ചു എന്തോ പൗഡർ ഇട്ടു കെട്ടുന്നു നിലവിളി വീണ്ടും ഉച്ചസ്ഥായിൽ തക്‌ബീറും. ജാമലിന്റേത് പൊതിഞ്ഞു കെട്ടി ജബ്ബാറിന്റെ അടുക്കൽ ഈർക്കിൽ പ്രയോഗം, മുറി, കെട്ട്, അടഞ്ഞ നിലവിളി. അതാ ഒസ്സാൻ എന്റെ നേർക്ക്.

ഈർക്കിലിയിൽ സ്‌കിൻ വലിഞ്ഞു. അള്ളോ... ഒരു മിന്നൽ പിണർ അത് മൂർദ്ധാവിലേക്കു. പച്ച മാംസത്തിൽ ഒസ്സാന്റെ വിരലുകൾ ഞെരിഞ്ഞമർന്നു. ബോധം അബോധത്തിലേക്കു. പിന്നെ ഉണർന്നെണീക്കുമ്പോൾ ഒരു വെള്ളത്തുണിക്കടിയിൽ. ലിംഗത്തിന്റെ സ്ഥാനത്ത് തുണി കൂടാരം പോൽ മച്ചിലേക്കു കെട്ടിയിരിക്കുന്നു. പുകച്ചിലുമായി ഒന്നുരണ്ടു ദിവസം തള്ളി നീക്കി ഒന്നാശ്വസിച്ചു വന്നപ്പോൾ ദേ വീണ്ടും വരുന്നു ഒസ്സാൻ മുറിവ് മാറ്റി കെട്ടാനാണത്രെ. താഴെ കിണ്ണം വച്ചു തിളച്ച വെള്ളമെത്തി, ലിംഗാഗ്രത്തിൽ തുണിയും രക്തവും കട്ടപിടിച്ചിരിക്കുന്നു അതിലേക്കു തിളച്ച വെള്ളം ഒഴിച്ചു. അള്ളോ... വിളി തീരും മുൻപ് ഒസ്സാൻ തുണി വലിച്ചു പറിച്ചു പച്ച മാംസത്തിൽ നിന്നും തുണി പറിഞ്ഞു മാറുമ്പോഴുള്ള വേദന അത് പത്തു മുറിയുടെ വേദനയാണ്. മുറിച്ചപ്പോൾ ഒരു മിന്നൽ പിണറായിരുന്നുവെങ്കിൽ ഇപ്പോഴത് നൂറു മിന്നല്പിണറായി മാറി. പിന്നെ പുകച്ചിൽ പച്ചാമാംസത്തിലേക്ക് പൗഡർ തുണിക്കെട്ട്. ഇത് പലദിവസം പലതവണ ആവർത്തിച്ചു പതിയെ മുട്ടമണി ഒരു ചേതനയറ്റ അവയവമായി ഇക്കിളി പോയി സാൻഡ് പേപ്പർ ഇട്ടു പിടിച്ചാൽ പോലും യാതൊരു ഫീലുമില്ലാത്ത മൂത്രമൊഴിപ്പ് കുഴൽ.

50 വർഷത്തിനിപ്പുറവും ആ വേദന വേട്ടയാടുന്നു. പിന്നെ ഖുർ ആൻ മുഴുവൻ തപ്പി നോക്കി ഇങ്ങിനെ ഒരു നിർബന്ധം ഉണ്ടോ? ഇല്ല, എവിടെയും കണ്ടില്ല. ആകെ കൂടി ഇബ്രാഹിം നബി പരിശ്ചേദം ചെയ്തിരുന്നു എന്നൊരു സൂചന മാത്രം. മാർക്കകല്യാണത്തിനു സുന്നത്ത് കല്യാണം എന്നൊരു പേര് കൂടിയുണ്ട്. അതിനർത്ഥം ഇത് വെറും സുന്നത്ത് ആണ്. അഥവാ ചെയ്തില്ല എങ്കിൽ ഒരു കുറ്റവുമില്ല ചെയ്താൽ കൂലിയുണ്ട്. അത്രേയുള്ളൂ. പടച്ചവൻ ശരീരത്തിന് വേണ്ടാത്ത എന്തെകിലും ഒന്നു മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുമോ ? കണ്ണിനെ പോളകൾ എങ്ങിനെ സംരക്ഷിക്കുമോ അതുപോലെ ലിംഗത്തെ സംരക്ഷിക്കയും ലൂബ്രിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന സ്‌കിൻ മുറിച്ചു കളയുന്നതിലൂടെ ഒരിന്ദ്രിയത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെടുന്നു.

ലൈംഗിക പ്രശ്‌നങ്ങൾ, ലൈംഗിക അരാജകത്വം, ഇതിനൊക്കെ ഒരു പരിധി വരെ ഇത് കാരണം തന്നെ. ഹോമോസെക്ഷൽസ് ഏറെയുള്ളതും പരിശ്ചേതക്കാരിലെന്നു ഒരു സർവേ നടത്തിയാൽ പുറത്തു വരും. മതപരമായതുകൊണ്ട് ഇതെല്ലാം മൂടി വയ്ക്കപ്പെടുന്നു. ഇപ്പോഴും മനസ്സിലാവുന്നില്ല നിർബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടി.

ഇത് തികച്ചും പ്രാകൃതമാണെന്നു ആർ.ശ്രീലേഖയ്ക്കു പറയാമോ? ബാലാവകാശ കമ്മീഷനിൽ പരാതി രജിസ്റ്റർ ചെയ്യാമോ? കോടതിയിൽ സാക്ഷിയായി ഞാൻ വരാം. ധൈര്യമുണ്ടോ ?

തന്റെ അനുഭവത്തിൽ നിന്നെഴുതിയ കുറിപ്പ് ശ്രീലേഖയോടുള്ള ചോദ്യത്തോടെയാണ് അവസാനിപ്പിക്കുന്നത്.

ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടം വഴിപാടിന് ക്ഷേത്രത്തിലെത്തിക്കുന്ന കുട്ടികൾ കനത്ത പീഡനമാണ് നേരിടുന്നതെന്ന് ശ്രീലേഖ തന്റെ ബ്ലോഗിൽ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. ഇതിനെത്തുടർന്ന് ബാലാവകാശക്കമ്മീഷൻ കുത്തിയോട്ട വഴിപാടിനെതിരെ കേസെടുത്തിരുന്നു.