- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴുക്കിൽപ്പെട്ട രണ്ട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ആലിക്കുട്ടി; രക്ഷിച്ചത് പുന്നപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 17കാരനെയും 35കാരനെയും
മലപ്പുറം: നിലമ്പൂർ മൂത്തേടം നെല്ലിക്കുത്ത് പുന്നപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച്കയറ്റി ആലിക്കുട്ടി. ജോലി കഴിഞ്ഞു ഉച്ചക്ക് ഒരു മണിയോടെ പുന്നപ്പുഴയിൽ കുളിക്കാനെത്തിയ ചുമട്ടു തൊഴിലാളിയായ ആലിക്കുട്ടി മൂത്തേടം നെല്ലിക്കുത്ത് വെള്ളമുണ്ട ആലിക്കുട്ടിയാണ് രണ്ട് പേർ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ടത്.
കൊണ്ടോട്ടിയിൽ നിന്ന് നെല്ലിക്കുത്തിലെ ബന്ധുവീട്ടിലെത്തിയ ഇവർ തൊട്ടടുത്തുള്ള പുന്നപ്പുഴയിൽ കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് പുന്നപ്പുഴയിൽ മലവെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു. പുഴ പരിചയമില്ലാത്ത ഇവർ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ചുറ്റുപാടും സഹായത്തിന് മറ്റാരുമില്ലാത്തതിനാൽ ആലിക്കുട്ടി നീന്തിയെത്തി. ആദ്യം 17 വയസുള്ള കുട്ടിയെ കരയിലെത്തിച്ചു.
കൂടെയുള്ള 35കാരനെ കരക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും വെപ്രാളത്തിൽ ആലിക്കുട്ടിയെ മുക്കി താഴ്ത്തുന്ന നിലയിലായി. ആത്മധൈര്യത്തോടെ ഏറെ സാഹസപ്പെട്ട് ഈ യുവാവിനെയും ആലിക്കുട്ടി കരക്കെത്തിച്ചു. വെള്ളത്തിൽ ഏറെനേരം കിടന്ന ഇരുവരും തണുത്തുറച്ച നിലയിലായിരുന്നു. 17കാരൻ കരക്കെത്തുമ്പോൾ അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വൈകീട്ടോടെ ഇരുവരും ആശുപത്രി വിട്ട് കൊണ്ടോട്ടിയിലേക്ക് തിരിച്ചു പോയി.
മറുനാടന് മലയാളി ബ്യൂറോ