യാത്രക്കാരെ പെരുവഴിയിലാക്കി വീണ്ടും ഇറ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയയുടെ സമരം. മുൻപ് തീരുമാനിച്ച പ്രകാരം പ്രതിഷേധവുമായി രംഗത്തിറങ്ങിയ അലിറ്റാലിയ ജീവനക്കാർ പണിമുടക്കിയതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.

സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റാനായി സർക്കാരും യൂണിയനും ചേർന്ന് മുന്നോട്ട് വച്ച പരിഷ്‌കാരങ്ങൾക്കെതിരെയാണ് ജീവനക്കാർ സമരം ചെയ്യുന്നത്. യൂണിയൻ തീരുമാനത്തിനെതിരെ ജീവനക്കാർ കഴിഞ്ഞ മെയ് രണ്ടിന് വോട്ട് ചെയ്തിരുന്നു.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനും ശമ്പളം കുറയ്ക്കണമെന്നുമായിരുന്നു സർക്കാർ യൂണിയനുകളുടെ തീരുമാനം. അലിറ്റാലിയയെ യുഎഇ കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സ് ഏറ്റെടുക്കാനും സാധ്യത കാണുന്നുണ്ട്. ഇവർക്ക് 49 ശതമാനം ഓഹരി ഉണ്ട്.

ഞായറാഴ്‌ച്ച നടന്ന സമരത്തിൽ ഡോമസ്റ്റിക് ആഭ്യന്തര സർവ്വീസുകളാണ് സർവ്വീസ് നിർത്തലാക്കിയത്. 12,500 ഓളം സ്റ്റാഫുകളും സമരത്തിൽ പങ്കാളികളായി.