തിരുവനന്തപുരം: ജീവിതത്തിന്റെ വസന്തകാലം വിദേശത്ത് വിയർപ്പൊഴുക്കി എരിച്ച് കളയുന്നവരാണ് മലയാളികളിൽ നല്ലൊരു ഭാഗവും. പ്രവാസ ജീവിതത്തിൽ നല്ലൊരു തുക സമ്പാദിക്കുന്ന പലരും ഇത് നാട്ടിലേക്ക് അയയ്ക്കുകയും ഇത് പല വിധത്തിൽ ചെലവായിപ്പോവുകയും ചെയ്യാറുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമാണ് ഇത് ബിസിനസ് പോലുള്ള ഫലപ്രദമായ നിക്ഷേപമായി മാറ്റാറുള്ളത്.

അത്തരക്കാർക്ക് വിദേശ ജോലി ഒഴിവാക്കി നാട്ടിൽ തിരിച്ചെത്തിയാലും കഴിഞ്ഞ് കൂടാനുള്ള വക ഇത്തരം ബിസിനസുകളിൽ നിന്ന് ലഭിക്കുകയും ചെയ്യും. എന്നാൽ ഭൂരിഭാഗം പ്രവാസികളും തിരിച്ചൊന്നും ലഭിക്കാത്ത കാര്യങ്ങൾക്ക് തങ്ങളുടെ സമ്പാദ്യം ചെലവാക്കുകയാണ് ചെയ്യുന്നത്. വിദേശത്തെ ജോലി ഒഴിവാക്കി നാട്ടിലെത്തുന്ന ഇക്കൂട്ടത്തിൽ പെട്ടവർ തുടർന്ന് ജീവിക്കാൻ കഠിനമായി പാടുപെടുന്ന എത്രയോ ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്.

അത്തരക്കാർക്ക് നാട്ടിൽ തിരിച്ചെത്തിയാലും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്‌കീം. ഇതിൽ വിദേശത്തു ജോലിചെയ്യുന്ന ഇന്ത്യക്കാർക്കും അംഗങ്ങളാകാൻ കേന്ദ്രസർക്കാർ അവസരമൊരുക്കിയത് അടുത്തിടെയാണ്. ഇതോടെ വൻ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്. ആയിരക്കണക്കിന് പ്രവാസികൾ ഇതിൽ അംഗത്വമെടുത്ത് തങ്ങൾക്ക് സാധ്യമാകുന്ന അംശാദായം പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്നു.

ഏറെ പ്രവാസികൾ ഇതിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ കേന്ദ്രസർക്കാർ ഓൺലൈനിലൂടെ പെൻഷൻ പദ്ധതിയിൽ അംഗമാകാനും അവസരമൊരുക്കിയിട്ടുണ്ട്. നിർദിഷ്ട ഫോം ഡൗൺലോഡ് ചെയ്ത് അയച്ചുനൽകി അംഗത്വം നേടുന്നതിന് പുറമെ ഓൺലൈൻ വഴി ഇ-അപ്ഌക്കേഷൻ പൂരിപ്പിച്ചു നൽകി പണവും ഓൺലൈനായി അടച്ച് അംഗമാകാൻ അടുത്തിടെയാണ് കേന്ദ്രധനമന്ത്രാലയം സൗകര്യമൊരുക്കിയത്.

പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് അനുയോജ്യമായ പെൻഷൻ പദ്ധതിയെന്ന നിലയിൽ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) മറുനാടൻ മലയാളി മുമ്പ് പരിചയപ്പെടുത്തിയതോടെ ഇതിന് അപേക്ഷിക്കേണ്ടതെന്ന് വിശദമാക്കാൻ അഭ്യർത്ഥിച്ച് നിരവധി പേർ ഞങ്ങളെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാർക്കും ചേരാവുന്ന, സമ്പാദ്യത്തിൽ തങ്ങളാലാവുന്ന ചെറിയ തുകയെങ്കിലും മിച്ചംപിടിച്ച് നിക്ഷേപം നടത്താവുന്ന ദേശീയ പെൻഷൻ പദ്ധതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും അതിൽ അപേക്ഷിക്കേണ്ടതെങ്ങനെയന്ന വിവരവും ഇവിടെ നൽകുന്നു.

ദേശീയ പെൻഷൻ പദ്ധതി പ്രവാസികൾക്കും

നേരത്തേ മുതലേ രാജ്യത്ത് നടപ്പിലായ പദ്ധതിയാണെങ്കിലും മോദി സർക്കാർ അധികാരത്തിൽ വന്നശേഷം നിരവധി ആകർഷകമായ സ്‌കീമുകളിലൂടെ ജനാകർഷകമാക്കിയതോടെ വൻ സ്വീകാര്യത കൈവന്ന പദ്ധതിയാണ് ദേശീയ പെൻഷൻ പദ്ധതി. പ്രവാസികൾക്കും അംഗങ്ങളാകാൻ അവസരമൊരുക്കിയതോടെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ വാർദ്ധക്യകാലത്ത് നിശ്ചിത തുക മാസംതോറും പെൻഷനായി കിട്ടാൻ പ്രയോജനപ്പെടുമെന്ന നിലയിൽ പദ്ധതിക്ക് പ്രിയങ്കരമായി മാറി. കഴിഞ്ഞവർഷം ഒക്ടോബർ 29ന് റിസർവ് ബാങ്ക് അനുമതി നൽകിയതോടെയാണ് പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ അവസരമൊരുങ്ങിയത്. ഈ പെൻഷൻ സ്‌കീമിന്റെ ഭരണനിർവഹണം നടത്തുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയാണ്.

പുതിയ സ്‌കീമിൽ ചേരുന്നവരെ പിന്തുണയ്ക്കാനായി നിരവധി കാര്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയിൽ 50,000 രൂപ വരെ നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ടാക്‌സ് ആനുകൂല്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്‌കീമിൽ നിക്ഷേപിക്കുന്നതിനുള്ള തുകയ്ക്ക് പരിധികൾ നിശ്ചയിച്ചിട്ടില്ല. സാധാരണ ബാങ്കിങ് ചാനലിലൂടെ ആണ് നിക്ഷേപങ്ങൾ സ്വീകരിക്കുക. സബ്‌സ്‌ക്രിപ്ഷൻ തുക സാധാരണ ബാങ്കിങ് ചാനലിലൂടെയുള്ള അഭ്യന്ത പണമടവ് അഥവാ ഇൻവർഡ് റെമിറ്റൻസ് ആയോ അവരുടെ എൻആർഇ/എഫ്‌സിഎൻആർ/ എൻആർഒ അക്കൗണ്ടിലുള്ള ഫണ്ടിൽ നിന്നോ അടയ്ക്കണം. ഏത് രാജ്യത്തിന്റെ കറൻസിയായും നിക്ഷേപം നടത്താം.

തുടർന്ന് വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞത് 6000 രൂപ നിക്ഷേപിക്കാം. മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനം മാത്രമെ ഓഹരിയാക്കാൻ സാധിക്കൂ. മൊത്തം തുക രണ്ട് ലക്ഷത്തിൽ കുറവാണെങ്കിൽ നിക്ഷേപകന് 60 വയസാകുമ്പോൾ മൊത്തം തുകയും പിൻവലിക്കാം. തുക രണ്ടു ലക്ഷത്തിൽ കൂടുതലാണെങ്കിൽ 40 ശതമാനം നീക്കി വച്ച് ബാക്കി മുഴുവൻ പിൻവലിക്കാൻ സാധിക്കും. ഈ തുകയിൽ നിന്നും മാസാന്ത പെൻഷൻ ലഭിക്കുകയും ചെയ്യും. ആനുപാതികമായ സർക്കാർ അംശാദായവും ചേർത്താണ് പെൻഷൻ നൽകുക.

അപേക്ഷിക്കാനുള്ള യോഗ്യതകൾ

പതിനെട്ടിനും 60നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇതിൽ അംഗത്വമെടുക്കാം. ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ കൃത്യമായി ചേർക്കാൻ നൽകിയിട്ടുള്ള (കെവൈസി) എൻആർഇ അല്ലെങ്കിൽ എൻആർഐ അക്കൗണ്ടുള്ളവർ ആയിരിക്കണം പ്രവാസികൾ. തുടക്കത്തിൽ 500 രൂപ നിക്ഷേപിച്ചുകൊണ്ടാണ് പെൻഷൻ പദ്ധതിയിൽ അംഗത്വം നേടുന്നത്. മിനിമം അംശാദായവും 500 രൂപ തന്നെ.

വർഷം ചുരുങ്ങിയത് 6000 രൂപ പദ്ധതിയിൽ നൽകിയിരിക്കണം. ഉയർന്ന തുകയ്ക്ക് പരിധിയില്ല. പ്രവാസികൾക്ക് ഉയർന്ന തുക നിക്ഷേപിക്കുമ്പോൾ നികുതിയിളവും നൽകുന്നുണ്ട്. എത്ര തുക നിക്ഷേപിക്കുന്നോ അതിന് ആനുപാതികമായിരിക്കും പെൻഷൻ. 60 വയസ്സാകുമ്പോഴോ വേണമെങ്കിൽ അതിനുമുമ്പോ നിക്ഷേപം പിൻവലിക്കാനും സ്വാതന്ത്ര്യമുണ്ടാകും. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാനാകൂ. ജോയിന്റ് അക്കൗണ്ട് അനുവദിക്കില്ല. ഒരാൾക്ക് മൂന്ന് നോമിനികളെ വരെ നിർദ്ദേശിക്കാം. അക്കൗണ്ട് ഉടമയ്ക്ക് എന്തെങ്കിലും ആപത്തുണ്ടായാൽ നോമിനികൾക്ക് നൂറുശതമാനം തുകയും പിൻവലിക്കാനും അനുവാദമുണ്ടാകുമെന്നതിനാൽ കുടുംബത്തിന്റെ സുരക്ഷയും ഇതിൽ ഉറപ്പുവരുത്തുന്നുണ്ട്.

നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത് എവിടെ

പെൻഷൻ സ്‌കീമിൽ ചേരുന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരുടെയും നിക്ഷേപങ്ങൾ ഓഹരി രംഗത്തും കോർപ്പറേറ്റ് ബോണ്ടുകളിലും ഗവൺമെന്റ് സെക്യൂരിറ്റികളിലും നിക്ഷേപമിക്കുകയാണ് ചെയ്യുന്നത് ഫണ്ടിന്റെ 85 ശതമാനം തുകയും ഇത്തരത്തിൽ നിക്ഷേപങ്ങളാക്കും. ഇതിൽ എതിലെല്ലാം സുരക്ഷിത നിക്ഷേപം നടത്താമെന്ന് അക്കൗണ്ടിൽ ചേരുമ്പോഴും പിന്നീടും നിങ്ങൾക്ക് തീരുമാനമെടുക്കാനാകും. സ്വയം ലാഭസാധ്യതകൾ തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് അധികൃതരുടെ സഹായം തേടാനും അതല്ലെങ്കിൽ വിദഗ്ദ്ധർ തീരുമാനിക്കുന്ന ഓട്ടോമാറ്റിക് രീതി സ്വീകരിക്കാനും കഴിയും. ആക്റ്റീവ് ചോയ്‌സിലൂടെ സ്വയം തീരുമാനിക്കാം. ഓട്ടോ ചോയ്‌സ് നൽകി നിങ്ങളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്താം.

പ്രാൻ അഥവാ അക്കൗണ്ട് നമ്പരും നിക്ഷേപ ഓപ്ഷനുകളും

ദേശീയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (പിആർഎഎൻ) അനുവദിച്ചു നൽകും. ഇതാണ് നിങ്ങളുടെ പെൻഷൻ അക്കൗണ്ട് നമ്പർ. തുടർന്നുള്ള ഇടപാടുകൾ ഈ പ്രാൻ വഴിയാണ് നടത്തേണ്ടത്. 12 അക്ക നമ്പരായിരിക്കും ഇത്. എൻപിഎസ് അക്കൗണ്ട് സ്‌കീമിനു കീഴിൽ രണ്ടു തട്ടിൽ നിക്ഷേപം നടത്താം.

നിക്ഷേപത്തിന്റെ 25 ശതമാനം വരെ ഇടയ്ക്ക് പിൻവലിക്കാൻ അവസരം നൽകുന്നതുൾപ്പെടെ ഓരോരുത്തർക്കും സൗകര്യപ്രദമായ രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ആദ്യ തട്ട് പെൻഷൻ ആവശ്യത്തിന് മാത്രം ചേരുന്നവർക്കും രണ്ടാമത്തേത് സേവിങ്‌സ് കൂടി ഉദ്ദേശിച്ച് നിക്ഷേപം നടത്തുന്നവർക്കുമാണ്. ആദ്യ തട്ടിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നിക്ഷേപം വിപുലപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് രണ്ടാം തട്ടെന്ന് പറയാം.

പിൻവലിക്കൽ നിബന്ധനകൾ ഇങ്ങനെ

60 വയസ്സ് തികയുമ്പോൾ മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക. നിങ്ങളുടെ നിക്ഷേപത്തിനും ഇതോടൊപ്പം സർക്കാർ നിക്ഷേപിക്കുന്ന അംശാദായത്തിനും ആനുപാതികമായിരിക്കും പെൻഷൻ തുക. 60 വയസ്സ് തികയുന്നതിന് മുമ്പും ആവശ്യമെങ്കിൽ പണം പിൻവലിക്കാം. ഇങ്ങനെ പിൻവലിക്കുമ്പോൾ ഒരു ലക്ഷത്തിൽ താഴെയാണ് ആകെ നിക്ഷേപമെങ്കിൽ അത് പൂർണമായും പിൻവലിക്കാനാകും. അല്ലെങ്കിൽ 80 ശതമാനം പിൻവലിച്ച് തുടർന്നും അംശാദായം അടയ്ക്കാനാകും.

60 വയസ്സ് തികഞ്ഞവർക്ക് 40 ശതമാനം തുക നിർത്തി ബാക്കി പിൻവലിക്കാനാകും. രണ്ടുലക്ഷത്തിൽ താഴെയാണ് മൊത്തം നിക്ഷേപമെങ്കിൽ പൂർണമായും പിൻവലിക്കാം. തുടർന്ന് പെൻഷൻ വാങ്ങിക്കൊണ്ടുതന്നെ വീണ്ടും തങ്ങളാലാവുന്ന തുടർനിക്ഷേപം 70 വയസ്സുവരെ നടത്താനും കഴിയും.

എൻപിഎസിൽ ചേരുന്നതിന് എങ്ങനെ അപേക്ഷിക്കാം

നേരത്തേ പ്രത്യേക ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്ന രീതിയിൽ മാത്രമായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്. ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം പണമടച്ച് അക്കൗണ്ട് ആരംഭിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ബാങ്കുകളെ സമീപിച്ചും പിഎഫ് ആർഡിഎ, എൻപിഎസ് ട്രസ്റ്റ് വെബ്‌സൈറ്റ് എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്തും അപേക്ഷാ ഫോം നേടാൻ സൗകര്യമുണ്ട്. അപേക്ഷ നൽകാൻ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. എൻആർഐ കൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാർക്കും ഇത് ഒരു പോലെയാണ്.

1. ആധാർ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷൻ

  • ആധാർ രജിട്രേഷൻ നടത്തിയിരിക്കണം
    നിങ്ങളുടെ പെൻഷൻ അക്കൗണ്ടിന്റെ കെവൈസി ആധാറിലെ വിവരങ്ങൾ അനുസരിച്ച് ലിങ്ക് ചെയ്യും
  • ഇതിന് ആധാറുമയാി ലിങ്ക് ചെയ്ത മൊബൈലിലേക്കാണ് വൺ ടൈം പാസ് വേഡ് എത്തുക
    നിങ്ങളുടെ ഒപ്പ് സ്‌കാൻ ചെയ്ത് ജെപിജി ഫോർമാറ്റിൽ അപ് ലോഡ്് ചെയ്യണം
  • ആധാറിലെ ഫോട്ടോ അല്ല ഉപയോഗിക്കേണ്ടതെങ്കിൽ പ്രത്യേകം ഫോട്ടോ അപ് ലോഡ് ചെയ്യണം
  • ഇതിനുശേഷം ആദ്യ പേയ്‌മെന്റ് ചെയ്യാൻ ആവശ്യപ്പെടും. ഇത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ചെയ്യാം.

2. പാൻകാർഡ് ഉപയോഗിച്ചുള്ള രജിസ്‌ട്രേഷൻ

  • നിങ്ങളുടെ പാൻകാർഡ് ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് ഇതിന്റെ ഭാഗമായി വെരിഫൈ ചെയ്യും.
  • രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന ബാങ്ക് വിവരങ്ങളും പാൻ കാർഡ് വിവരങ്ങളും യോജിച്ചു പോകുന്നതാവണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കെവൈസി വിവരങ്ങൾ അക്കൗണ്ടിലുള്ളതും പാൻകാർഡിലുള്ളതും ഒരുപോലെ ആയിരിക്കണം. അങ്ങനെയല്ലാതെ വന്നാൽ അപേക്ഷ തള്ളാനും സാധ്യതയുണ്ട്.
  • സ്‌കാൻ ചെയ്ത ഫോട്ടോ അപ് ലോഡ് ചെയ്യണം
  • ഫോം സ്ബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ഓൺലൈൻ പേയ്‌മെന്റ് നടത്താം.

പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്

  • പ്രവാസികൾ എൻആർഐ, എൻആർഓ അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകണം.
  • പാസ്‌പോർട്ടിന്റെ സ്‌കാൻചെയ്ത കോപ്പി നൽകണം
  • ബന്ധപ്പെടേണ്ട വിലാസം നൽകുമ്പോഴും ശ്രദ്ധവേണം. വിദേശ അഡ്രസ് നൽകിയാൽ അവിടേക്കാണ് പിന്നീടുള്ള കത്തുകളും മറ്റും വരിക. ഇതിന് പ്രത്യേകം ചാർജ് ഈടാക്കും.
  • പിന്നീട് വിലാസം മാറ്റാനും സൗകര്യമുണ്ടാകും.

രജിസ്‌ട്രേഷൻ കഴിഞ്ഞ് ആദ്യ പേയ്‌മെന്റ് നടത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് പ്രാൻ (അക്കൗണ്ട് നമ്പർ) ലഭിക്കും. ഇതിന്റെ തുടർച്ചയായി ഒരു പ്രാൻ കിറ്റ് നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന വിലാസത്തിൽ അയച്ചുതരും. പ്രാൻ കാർഡ്, സബ്‌സ്‌ക്രൈബർ മാസ്റ്റർ റിപ്പോർട്ട്, സ്‌കീം വിവരങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റ്, വെൽക്കം ലെറ്റർ എന്നിവയാണ് കിറ്റിലുണ്ടാവുക.

ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ സമർപ്പിക്കുന്ന ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാനും മറക്കരുത്. ഇതിൽ നിങ്ങളുടെ ഫോട്ടോയും ഒപ്പും പതിച്ച് (ഒപ്പ് ഫോട്ടോയ്ക്കു കുറുകെ രേഖപ്പെടുത്തരുതെന്ന് പ്രത്യേകം പറയുന്നുണ്ട്) താഴെ നിർദിഷ്ട കോളത്തിലും ഒപ്പിട്ട ശേഷം അയച്ചുകൊടുക്കണം. നിങ്ങൾക്ക് പ്രാൻ ലഭിച്ച് 90 ദിവസത്തിനകം ഇത് സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയിൽ ലഭിച്ചില്ലെങ്കിൽ പ്രാൻ നമ്പർ താൽക്കാലികമായി മരവിപ്പിക്കും.

അയക്കേണ്ട വിലാസം:
Central Recordkeeping Agency (eNPS), NSDL e-Governance Infrastructure Limited,
1st Floor, Times Tower, Kamala Mills Compound, Senapati Bapat Marg,
Lower Parel, Mumbai - 400 013

വിശദമായ വിവരങ്ങൾക്ക്:

https://enps.nsdl.com/eNPS/NationalPensionSystem.html

ഓൺലൈൻ വഴി അപേക്ഷിക്കാൻ

ഓൺലൈൻ വഴി അപേക്ഷിക്കാൻ നാഷണൽ പെൻഷൻ ട്രസ്റ്റിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിൽ രജിസ്‌ട്രേഷൻ എന്ന ടാബിൽ കയറി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കാൻ മറക്കരുത്. പ്രിന്റ് എടുക്കാൻ പിന്നീടും അവസരം ഉണ്ട്. രജിസ്‌ട്രേഷൻ ചെയ്യുന്നതിന് മുമ്പ് സൈറ്റിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ ശ്രദ്ധിച്ചു വായിക്കണം. ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ഫോമിൽ പറഞ്ഞ നിബന്ധനകളും.

ഓൺലൈൻ രജിസ്‌ട്രേഷനുള്ള ലിങ്ക്:

https://enps.nsdl.com/eNPS/OnlineSubscriberRegistration.html?appType=main

ഓൺലൈൻവഴിയല്ലാതെ ഫോം വഴി അപേക്ഷിക്കാൻ

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോം പൂർണമായും പൂരിപ്പിച്ച് എല്ലാ വിവരങ്ങളും കൃത്യമായി ചേർത്ത് ഫോട്ടോ ഒട്ടിച്ച് (സ്റ്റാപ്പിൾ ചെയ്യരുതെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്) നിങ്ങളുടെ എൻആർഐ ബാങ്ക് ബ്രാഞ്ചിൽ സമർപ്പിക്കണം. ഇത് വെരിഫൈ ചെയ്ത ശേഷം ബാങ്ക് ഇത് സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി (സിആർഎ)യിലേക്ക് അയച്ചുകൊടുക്കും.

ആദ്യ നിക്ഷേപമായി 500 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള ചെക്ക് നൽകണം. നിങ്ങളുടെ നിക്ഷേപം കിട്ടിക്കഴിഞ്ഞാൽ സിആർഎ നിങ്ങളുടെ പ്രാൻ (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ ) തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ മൊബൈലിലും ഇ-മെയ്‌ലിലും സന്ദേശം ലഭിക്കും. തുടർന്നുള്ള ഇടപാടുകളും നിക്ഷേപങ്ങളും ഓൺലൈനിലൂടെ നടത്താം. ചെക്ക്, ഡിഡി എന്നിവയിലൂടെയും നിങ്ങൾക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ഓർക്കുക. ്അക്കൗണ്ട് സജീവമായി നിർത്തുന്നതിന് വർഷം 6000 രൂപയെങ്കിലും കുറഞ്ഞത് നിക്ഷേപിച്ചിരിക്കണം. കൂടിയ തുകയ്ക്ക് പരിധിയില്ല.

ആദ്യഘട്ടത്തിൽ സർവീസ് ചാർജും ഈടാക്കുന്നുണ്ട്. രജിസ്‌ട്രേഷൻ ചാർജായി 125 രൂപയും നിക്ഷേപത്തിന്റെ 0.25 ശതമാനം ഇനിഷ്യൽ കോൺട്രിബ്യൂഷൻ ആയും നൽകണം. അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് സിആർഎ ആദ്യ ചാർജായി 20 രൂപയും വാർഷിക ഫീസായി 190 രൂപയും ഈടാക്കും. തുടർന്നുള്ള ഓരോ ട്രാൻസാക്ഷനും നാലു രൂപവീതവും നൽകണം.

കൂടുതൽ വിവരങ്ങൾക്ക് ഈ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക

പെൻഷൻ സ്‌കീമുമായി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്ക് വഴിയോ ഓൺലൈൻ വഴിയോ മാത്രമേ അപേക്ഷിക്കാവൂ എന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. പെൻഷൻ സ്‌കീമിൽ ചേർക്കാമെന്ന് വ്യക്തമാക്കി പലരും സമീപിക്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ടെന്നും എൻപിഎസ് ട്രസ്റ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ മറ്റൊരു തരത്തിലും രജിസ്‌ട്രേഷൻ നടത്തരുത്. എൻപിഎസ് ട്രസ്റ്റിന്റെ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾ പ്രവാസിയോ, സർക്കാർ ജീവനക്കാരനോ, ബിസിനസുകാരനോ ആരുമായിക്കൊള്ളട്ടെ നിർദിഷ്ട ഫോം ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിൽ ചെന്ന് പദ്ധതിയിൽ ചേരാൻ കഴിയും.