ജിദ്ദ: സ്വദേശീവത്ക്കരണത്തിന്റെ ഭാഗമായി എംബസി സംബന്ധമായ എല്ലാ ജോലികളും പൂർണമായും സൗദി സ്വദേശികൾക്കു നൽകാൻ തീരുമാനമായി. സ്വദേശത്തും വിദേശത്തുമുള്ള സൗദി എംബസികളിൽ എല്ലാം തന്നെ സൗദി സ്വദേശികളായിരിക്കും ഇനി മുതൽ ജോലി ചെയ്യുക. കൂടാതെ ഇതിൽ സ്ത്രീകൾക്കുള്ള പ്രാതിനിധ്യം കൂട്ടാനും തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ചു.

എംബസി ജോലികളും സ്വദേശികൾക്കു നൽകാൻ തീരുമാനിച്ചതോടെ അറബ് രാജ്യങ്ങളിൽ ഇതുമൂലം 100 ശതമാനം സൗദി വത്ക്കരണവും അറബ് രാജ്യങ്ങളല്ലാത്തിടത്ത് 75 ശതമാനം സൗദിവത്ക്കരണവും സാധ്യമാകുമെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൗദ് വ്യക്തമാക്കി.

അതേസമയം എംബസി ജോലികളിൽ സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാനും മന്ത്രാലയം ശ്രദ്ധിച്ചിട്ടുണ്ട്. വിദേശ മന്ത്രാലയത്തിനു കീഴിലുള്ള വകുപ്പുകളിൽ സ്ത്രീ പുരുഷ ഭേദമന്യേയാണ് ജോലി നൽകാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ സ്ത്രീകൾക്കും ഉന്നത സ്ഥാനങ്ങളിൽ തൊഴിൽ ചെയ്യാൻ സാധ്യമാകുമെന്ന് മന്ത്രാലയം വക്താവ് ഉറപ്പു നൽകുന്നു. മിനിസ്ട്രിയിലെ സ്ഥാനങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി നീക്കി വച്ചിരിക്കുകയാണ്.