- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിവാഹത്തേക്കാൾ ഒരു കരിയറാണ് പ്രധാനം; 21 വയസിൽ പെൺകുട്ടിക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയും; എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുത്; വിവാഹ പ്രായം ഉയർത്തുന്നതിനെ അനുകൂലിച്ച് ഉമർ അഹമ്മദ് ഇല്യാസി
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസി. എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുതെന്നും, ഇത് സ്ത്രീ ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു
21 വയസ് എന്ന് പറയുന്നത് സ്ത്രീകൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന പ്രായമാണെന്ന് മോദി സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു. ഈ സർക്കാർ നീക്കത്തെ എതിർക്കുന്നവരോട് പെൺകുട്ടികളുടെ ജീവിതം കൊണ്ട് കളിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
'ഇന്നത്തെ കാലത്ത് വിവാഹത്തേക്കാൾ ഒരു കരിയറാണ് പ്രധാനം, പെൺകുട്ടി 21 വയസിൽ കൂടുതൽ പക്വതയുള്ളവളാണെങ്കിൽ അത് നല്ലതാണ്. 21 വയസിൽ അവൾക്കും മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന്' ഇമാം പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ ബാർഖിനോടുള്ള വിയോജിപ്പും ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് വ്യക്തമാക്കി.
നേരത്തെ പലരും മുത്തലാഖ് നിയമത്തെ എതിർത്തിരുന്നുവെങ്കിലും സർക്കാർ നീക്കം നിരവധി സ്ത്രീകളുടെ വീടുകൾ രക്ഷിച്ചുവെന്നും ഇമാം അഭിപ്രായപ്പെട്ടു.ഇന്ത്യ ദരിദ്ര രാജ്യമായതിനാൽ മകളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ ബർഖ് അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ പാർലമെന്റിൽ ഈ ബില്ലിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചിരുന്നു. സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. തിങ്കളാഴ്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 2006ലെ ശൈശവ വിവാഹ നിരോധന നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ സർക്കാർ അവതരിപ്പിച്ചേക്കും.
ഡിസംബർ 15ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠിക്കാൻ സാമൂഹ്യപ്രവർത്തകയായ ജയ ജയ്റ്റ്ലിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ അദ്ധ്യക്ഷയായ കർമ സമിതി വിവാഹ പ്രായം 21 ആക്കി ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
ശൈശവ വിവാഹ നിരോധന നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.
അതേ സമയം സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള ബിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കാനും സാധ്യതയുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിപക്ഷം എതിർക്കും. രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ മൊത്തമായി ബാധിക്കുന്ന ബിൽ കൂടിയാലോചനകളോ ചർച്ചകളോ കൂടാതെ ധൃതിയിൽ നടപ്പാക്കുന്നത് ദുരുദ്ദേശപരമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള തീരുമാനത്തിൽ കോൺഗ്രസിന്റെ നിലപാട് തിങ്കളാഴ്‌ച്ച അറിയിക്കും. സിപിഎം, മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി തുടങ്ങിയവർ നിയമത്തെ എതിർത്തിരുന്നു. മുസ്ലിം വ്യക്തി നിയമങ്ങളെ ബാധിക്കുന്നതാണ് ബില്ലെന്നാണ് മുസ്ലിം സംഘടനകൾ പറയുന്നത്. മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇക്കാര്യത്തെ എതിർക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസിന്റെ നിലപാട് നിർണ്ണായകമാകും.
സ്ത്രീകളുടെ വിവാഹ പ്രായം 18 നിന്ന് 21ലേക്ക് ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ദരിദ്രരാജ്യമാണെന്നും രക്ഷിതാക്കൾ അവരുടെ കുട്ടികളെ വേഗത്തിൽ കല്ല്യാണം കഴിച്ചയക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ പറഞ്ഞു. 18 വയസ്സിൽ പെൺകുട്ടികൾക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്തുകൊണ്ട് വിവാഹം കഴിക്കാൻ പറ്റില്ലെന്നാണ് മജ്‌ലിസ് പാർട്ടി നേതാവ് ഒവൈസിയുടെ പ്രതികരണം.
ന്യൂസ് ഡെസ്ക്