- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വിദ്യാഭ്യാസ പ്രചരണത്തിൽ തുടക്കം; മുഗൾ ഭരണ സ്മരണകളിൽ ആവേശം കൊണ്ട് പാർട്ടിയായത് 1906-ൽ; ഇന്ത്യാ വിഭജന ശേഷം കേരളത്തിൽ മാത്രം; ചത്ത കുതിരയെന്ന് നെഹ്റു വിശേഷിപ്പിച്ചവർക്ക് കരുത്തായത് കമ്മ്യുണിസ്റ്റ് പാർട്ടി; വളർത്തിയവരെ തള്ളിപ്പറഞ്ഞ് ചെന്നെത്തിയത് കോൺഗ്രസ് പാളയത്തിൽ; മുസ്ലിം ലീഗിന്റെ ചരിത്ര വഴികളിലൂടെ
കേരളത്തിൽ പ്രത്യേകിച്ച് മലബാറിലെ നിർണ്ണായക രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്. പേരിൽ മുസ്ലിം എന്ന പദമുണ്ടായിട്ടും മതേതരത്വ പാർട്ടിയെന്ന വിശേഷണമുള്ള രാഷ്ട്രീയ പരീക്ഷണം. യുഡിഎഫിനൊപ്പമാണ് ഈ പാർട്ടി ഇന്ന് കേരളത്തിൽ നിലകൊള്ളുന്നത്. വലതു പക്ഷത്തെ കരുത്ത് ചോരാത്ത പാർട്ടി. കോട്ടകൾ കാക്കാൻ കെൽപ്പുണ്ടെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന സംഘടനാ കരുത്ത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ തുടങ്ങിയ ഒരു സംഘടിത സംവിധാനമായിരുന്നില്ല ഇത്. പിന്നീട് കേരള രാഷ്ട്രീയത്തിൽ താക്കോൽ സ്ഥാനങ്ങൾ പോലും നിശ്ചയിക്കുന്ന പ്രസ്ഥാനമായി അത് മാറുകയും ചെയ്തു.
ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം അവശേഷിച്ച മുസ്ലിം ലീഗിനെ പുനരുദ്ദരിക്കാനുള്ള ശ്രമങ്ങൾ പ്രധാനമായും തുടങ്ങിയത് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. അന്ന് മദ്രാസ് മുസ്ലിം ലീഗ് പസിഡന്റ് എം മുഹമ്മദി ഇസ്മയിലിന്റെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴെ ജവഹർലാൽ നെഹ്റു പറഞ്ഞത് മുസ്ലിം ലീഗ് ഒരു ചത്ത കുതിരയാണെന്നായിരുന്നു.
ആദ്യ ലോക സഭയിൽ തന്നെ സാന്നിദ്ധ്യം ഉണ്ടാക്കാൻ അവർക്കായെങ്കിലും പിന്നീട് കാര്യമായി വളരാനായിട്ടില്ല. ഇന്ന് കേരളത്തിലെ ഒരു സംസ്ഥാന പാർട്ടിയെന്ന് മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള മുസ്ലിം ലീഗിന്റെ ചരിത്രം രസകരമായ ഒന്നാണ്.
മുസ്ലിം ലീഗിന്റെ ഉദയം
ഒന്നാം സ്വാതന്ത്ര്യ സമരം പരാജയപ്പെട്ടതോടെ മുഗൾ സാമ്രാജ്യത്തിനും അവസാനമായി. അതോടെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ സ്വാധീന ശക്തിയും കുറഞ്ഞുവന്നു. ഈ സാഹചര്യത്തിലാണ് സർ സയ്യദ് അഹമ്മദ് ഖാനേ പോലെയുള്ള നേതാക്കാൾ, സമുദായത്തിലെ യുവതലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിനെ കുറിച്ച് ആലോചിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായത്തെ മുന്നോട്ട് ഉയർത്തിക്കൊണ്ടുവരാൻ പറ്റുകയുള്ളു എന്ന് അദ്ദേഹത്തെപ്പോലുള്ളവർ ചിന്തിച്ചു. അതിന്റെ പരിണിതഫലമായിരുന്നു 1875-ൽ അലിഗഢിൽ സ്ഥാപിതമായ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ്. സർ സയ്യദ് അഹമ്മദ് ഖാൻ തന്നെയായിരുന്നു ഇതിനായി മുൻകൈ എടുത്തത്.
ആധുനിക വിദ്യാഭ്യാസത്തിൽ, പ്രത്യേകിച്ച ശാസ്ത്രീയ വിദ്യാഭാസത്തിൽ പ്രാധാന്യം നൽകിയിരുന്ന ഇവിടെ രാഷ്ട്രീയ ചർച്ചകൾ നിരോധിക്കപ്പെട്ടിരുന്നു. ആധുനിക ശാസ്ത്രവും സാഹിത്യവും മുസ്ലിം സമുദായത്തിനിടയിൽ പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു ഇവരുടെ ഉദ്ദേശം. അതുകൊണ്ടുതന്നെയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ മുന്നേറ്റങ്ങൾക്ക് വലിയൊരു പങ്ക് മുസ്ലിം ജനതയെ ആകർഷിക്കാൻ കോൺഗ്രസ്സിന് ആകാതെ പോയത്.
ഏറെക്കാലം ഇത് മുസ്ലിം ആഭിജാത്യ കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായി നിലകൊണ്ടു. എന്നാൽ, ആധുനിക വിദ്യാഭ്യാസം നേടിയവർ കൂടുതൽ കൂടുതലായി രാഷ്ട്രീയ കാര്യങ്ങൾ ചിന്തിക്കാനും ചർച്ച ചെയ്യുവാനും ആരംഭിച്ചു. ഇത് അവരിൽ പുതിയൊരു രാഷ്ട്രീയ ബോധം ഉണ്ടാക്കി. അന്നുവരെ കോൺഗ്രസ്സിൽ ഉണ്ടായിരുന്ന പ്രധാന നേതാക്കൾ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ഇത് അവരെ മറ്റൊരു വിധത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.
1901 ആകുമ്പോഴേക്കും ദേശീയാടിസ്ഥാനത്തിൽ തന്നെ മുസ്ലീങ്ങൾ ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്ന ബോധം ഈ സമുദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കളിൽ ഉദിച്ചു തുടങ്ങിയിരുന്നു. അതിന്റെ പരിണിതഫലമായിരുന്നു 1906- ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങിയ ലക്നൗ സമ്മേളനം. ദേശീയാടിസ്ഥാനത്തിൽ ഒരു പാർട്ടി രൂപീകരിക്കുന്നതിന് ആൾ ഇന്ത്യ മുഹമ്മദൻ എഡുക്കേഷണൽ കോൺഫറൻസിന്റെ അടുത്ത യോഗം വരെ കാത്തിരിക്കാനായിരുന്നു അന്ന് ധാരണയായത്. തുടർന്ന് നടന്ന സിംലാ സമ്മെളനത്തിലും രാഷ്ട്രീയ പാർട്ടി എന്ന അഭിപ്രായത്തിന് കൂടുതൽ ശക്തി ലഭിച്ചു. തുടർന്ന് 1906-ൽ ധാക്കയിൽ നടന്ന സമ്മേളനത്തിലാണ് പാർട്ടി ഔദ്യോഗികമായി രൂപം കൊള്ളുന്നത്.
പ്രത്യേക സമ്മതിദായക വൃന്ദവും സംവരണ മണ്ഡലങ്ങളും
അന്ന് നിലവിലുള്ള ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രത്യേക സമ്മതിദായകവൃന്ദവും(ഇലക്ടറേറ്റുകൾ) മുസ്ലീങ്ങൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങളും വേണമെന്നായിരുന്നു മുസ്ലിം ലീഗിന്റെ ആവശ്യം. നിരവധി പ്രതിഷേധങ്ങൾക്കും ഒപ്പം ലണ്ടനിൽ വിവിധ നേതാക്കൾ നടത്തിയ ലോബിയിംഗിനും ശേഷം ബ്രിട്ടീഷ് സർക്കാർ ഇത് അനുവദിച്ചു നൽകുകയായിരുന്നു. ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അങ്ങനെ ആദ്യമായി മതം കയറിവന്നു.
പ്രത്യേക സമ്മതിദായകവൃന്ദം എന്ന ആശയത്തെ സർക്കാർ അനുകൊലിച്ചുവെങ്കിലും സെക്രട്ടറി ഓഫ് സ്റ്റേറ്റ് അംഗീകരിച്ചില്ല. ഇത് വീണ്ടും മുസ്ലിം ലീഗിന്റെ പ്രതിഷേധത്തിനിടയാക്കി. വൈസ്റോയ് തന്ന വാക്ക് പാലിച്ചില്ലെന്ന പേരിൽ അവർ പ്രക്ഷോഭണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് മുസ്ലിം ലീഗിന്റെ പ്രത്യേക പ്രാതിനിധ്യം എന്ന ആവശ്യം വൈസ്റോയ് അംഗീകരിച്ചു. എന്നാൽ, അവരുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിച്ചില്ല.
വർഗീയത പൊട്ടിമുളയ്ക്കുന്നു
ഒന്നാം ലോക മഹായുദ്ധശേഷം ഇന്ത്യയിൽ മതസൗഹാർദ്ദം ശക്തിപ്പെട്ടു വന്നിരുന്നു. ദേശീയ പ്രസ്ഥാനവും കൂടുതൽ ശക്തിയാർജ്ജിച്ചു. എന്നാൽ 1922 ആയപ്പോഴേക്കും സ്ഥിതിഗതികളിൽ മാറ്റം വരാൻ തുടങ്ങി. ഇരു വിഭാഗങ്ങൾക്കിടയിലും സ്പർദ്ധ വളരാനും ചിലതൊക്കെ വർഗ്ഗീയ കലാപങ്ങളിൽ എത്തിച്ചേരാനും തുടങ്ങി.
1923 നും 27 നും ഇടയിൽ ഉത്തർ പ്രദേശിൽ മാത്രം 91 ലഹളകളാണ് നടന്നത്. കോൺഗ്രസ്സ് നേതൃത്വ നിരയിൽ മുസ്ലീങ്ങളുടെ അനുപാതം കുത്തനെ ഇടിഞ്ഞു. 1921-ൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിന്റെ വിവിധ തലങ്ങളിലായി 11 ശതമാനം മുസ്ലീങ്ങൾ ഉണ്ടായിരുന്നത് 1923 ആയപ്പോഴേക്കും 4 ശതമാനമായി കുറഞ്ഞു.
മുഹമ്മദലി ജിന്നയുടെ വരവും പ്രത്യേക രാഷ്ട്രമെന്ന വാദവും
1920 കളിൽ മുസ്ലിം ലീഗിനായി ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നവരിൽ പ്രധാനി ആയിരുന്നു മുഹമ്മദ് അലി ജിന്ന. 1930 ആയപ്പോൾ സർ മുഹമ്മദ് ഇക്ബാൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ എത്തി. അദ്ദേഹമാണ് ഇന്ത്യയ്ക്കകത്ത് മുസ്ലിം സ്വയം ഭരണപ്രദേശമെന്ന ആശയം ആദ്യമായി ഉയർത്തിയത്. സാവധാനം അത് രണ്ട്പ്രത്യേക രാജ്യങ്ങൾ എന്ന ആശയത്തിലേക്ക് വളരുകയായിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുമിച്ച് ജീവിക്കാനാവില്ല എന്ന തോന്നൽ മുസ്ലീങ്ങൾക്കിടയിൽ വ്യാപകമാക്കി ഉണ്ടാക്കാൻ അന്നത്തെ മുസ്ലിം ലീഗ് നേതൃത്വത്തിനായി. എന്നാൽ, കോൺഗ്രസ്സ് ഈ ആശയത്തെ അടിമുടി എതിർത്തു.
പഞ്ചാബ്, നോർത്ത്-വെസ്റ്റ് ഫ്രണ്ടിയർ പ്രൊവിൻസ്, സിന്ധ്, ബലുചിസ്ഥാൻ എന്നിവ അടങ്ങിയ മേഖല, മുസ്ലീങ്ങൾക്ക് സ്വയം ഭരണമുള്ള ഒരു പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്ന് 1930 ഡിസംബർ 29 ന് സർ മുഹമ്മദ് ഇക്ബാൽബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ എന്നൊരു പ്രത്യേക രാഷ്ട്രത്തെ പറ്റി അന്ന് മുസ്ലിം ലീഗ് ചിന്തിച്ചിരുന്നില്ല. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിൽ സ്വയം ഭരണാവകാശമുള്ള ഒരു പ്രദേശം എന്നതുമാത്രമായിരുന്നു ആവശ്യം.
പിന്നീട് പാക്കിസ്ഥാൻ നാഷണൽ പ്രസ്ഥാനം സ്ഥാപിച്ച ചൗധരി റഹമത് അലിയാണ് പാക്കിസ്ഥാൻ എന്ന ആശയംകൊണ്ടുവരുന്നത്. എന്നാൽ, ബ്രിട്ടീഷുകാരും കോൺഗ്രസ്സും അന്നത്തെ ഇന്ത്യൻ മാധ്യമങ്ങളും ഈ നീക്കത്തിനെ നിശിതമായി എതിർക്കുകയായിരുന്നു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് മുസ്ലിം ലീഗ് പാക്കിസ്ഥാൻ വാദവുമായി മുന്നോട്ട് പോയി. ഇതിനിടയിലാണ് 1939-ൽ ബ്രിട്ടീഷുകാർ ഹിറ്റ്ലർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് കോളനി എന്നനിലയിൽ ഇന്ത്യയും ജർമ്മനിക്കെതിരെ യുദ്ധത്തിനിറങ്ങുമെന്ന് ബ്രിട്ടൻ പറഞ്ഞു.
എന്നാൽ തങ്ങളോട് ആലോചിക്കാതെ എടുത്ത തീരുമാനം എന്നാരോപിച്ച് കോൺഗ്രസ്സ് നേതാക്കൾ ഇതിനെ എതിർത്തു. യുദ്ധത്തിൽ നിന്നും വിട്ടുനിൽക്കാൻ അവർ ഇന്ത്യാക്കാരെ ആഹ്വാനം ചെയ്തു. എന്നാൽ മുസ്ലിം ലീഗ് ബ്രിട്ടനെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത്. സ്വാതന്ത്ര്യാനന്തര വിലപേശലിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകും എന്ന പ്രതീക്ഷയായിരുന്നു ലീഗിനെ ഇതിനു പ്രേരിപ്പിച്ചത്. 1940 ആയതോടെ രണ്ടു രാജ്യങ്ങൾ എന്ന സിദ്ധാന്തത്തിന് പ്രചാരമേറാൻ തുടങ്ങി.
സ്വതന്ത്രാനന്തര ഇന്ത്യയും മുസ്ലിം ലീഗും
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയും പാക്കിസ്ഥാൻ മറ്റൊരു രാജ്യമാവുകയും ചെയ്തതോടെ മുസ്ലിം ലീഗ് ഇന്ത്യയിൽ ഇല്ലാതെയാവുകയായിരുന്നു. എന്നാൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്, മുസ്ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള ചില നടപടികൾ തുടങ്ങി. മദ്രാസ് മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായിരുന്ന എം മുഹമ്മദ് ഇസ്മയിലായിരുന്നു അതിന് മുൻകൈ എടുത്തത്. ഇദ്ദേഹത്തെ മുസ്ലിം ലീഗിന്റെ ഇന്ത്യൻ വിഭാഗത്തിന്റെ കൺവീനറായി തെരഞ്ഞെടുത്തു. പിന്നീട് ട്രാവൻകോർ ലീഗ് 1956 ൽ സംസ്ഥാന രൂപീകരണത്തിനു ശേഷം മലബാർ ലീഗുമായി ലയിച്ചു.
1952 ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലപ്പുറം നിയോജകമണ്ഡലത്തിൽനിന്നും വിജയിച്ച ബി . പോക്കർ പാർലമെന്റിൽ മുസ്ലിം ലീഗിന്റെ സ്ഥാനം ഉറപ്പിച്ചു. എന്നാൽ അതിൽ നിന്നും കാര്യമായ മുന്നോട്ട് പോക്ക് ഒന്നും തന്നെ ഉണ്ടായില്ല. കേരളത്തിലും, പശ്ചിമ ബംഗാളിലും, തമിഴ് നാട്ടിലും മറ്റും ഒന്നുരണ്ട് എം എൽ എ മാർ ഉണ്ടായതല്ലാതെ വലിയൊരു സ്വാധീന ശക്തിയായി മാറാൻ മുസ്ലിം ലീഗിനായില്ല. ജവഹർലാൽ നെഹ്രു വരെ ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നാണ്.
ലീഗും കേരളവും
കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ആദ്യമുണ്ടായ മന്ത്രിസഭയ്ക്ക് ദീർഘകാലം ഭരിക്കാനായില്ല. തുടർന്നു വന്ന മന്ത്രിസഭകളും കാലം തികയ്ക്കാതെ രാജിവച്ചൊഴിഞ്ഞു. പിന്നീട് ഒരു തെരെഞ്ഞെടുപ്പിൽ ആർക്കാർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതിനാൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പിരിച്ചുവിടേണ്ടതായി പോലും വന്നു. തുടർന്ന് 1967- നടന്ന തിരഞ്ഞെടുപ്പിൽ ഇടതുകക്ഷികളാണ് സഖ്യത്തിൽ ചേർത്ത് മുസ്ലിം ലീഗിന് മുഖ്യധാരാ രാഷ്ട്രീയത്തിൽ ഒരിടം നേടിക്കൊടുക്കുനന്ത്. അന്നാണ് ഭരണത്തിന്റെ രുചി മുസ്ലിം ലീഗ് അറിയുന്നതും. ആ മന്ത്രി സഭയിൽ മുസ്ലിം ലീഗിന്മന്ത്രിസ്ഥാനം ലഭിച്ചു.
സി എച്ച് മുഹമ്മദ് കോയ, എം പി എം അഹമ്മദ് കുരിക്കൾ എന്നിവരായിരുന്നു ലീഗിന്റെ മന്ത്രിമാർ. കാലിക്കറ്റ് യൂണിവേഴ്സിറ്റി രൂപീകരണം ഇക്കാലത്താണ് നടനത്. മാത്രമല്ല മലപ്പുറം ജില്ലയും രൂപീകരിച്ചു. കേരളത്തിൽ, ചില പ്രത്യേക മേഖലകളിൽ മാത്രമാണെങ്കിൽ പോലും ലീഗിന്റെ ശക്തി വർദ്ധിക്കാൻ ഇടയാക്കിയത് ഇത് രണ്ടുമായിരുന്നു എന്ന് പിൽക്കാല ചരിത്രം തെളിയിച്ചിട്ടുണ്ട്.
എന്നാൽ അധികം താമസിയാതെ, മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തങ്ങളെ കൈപ്പിടിച്ചുയർത്തിയ കമ്മ്യൂണിസ്റ്റ് ചേരിയെ തള്ളിപ്പറഞ്ഞ് ലീഗ് കോൺഗ്രസ്സ് പാളയത്തിൽ കുടിയേറി. എന്നാൽ, അപ്പോഴും പാർട്ടി പിളർത്തി ഒരു വിഭാഗം ആൾ ഇന്ത്യ മുസ്ലിം ലീഗ് ആയി ഇടതുകക്ഷികൾക്കൊപ്പം തുടർന്നു. 1985- ഈ വിഭാഗവും ഇന്ത്യൻ യൂണീയൻ മുസ്ലിം ലീഗിൽ ലയിച്ച് കോൺഗ്രസ്സ് പാളയത്തിൽ എത്തുകയായിരുന്നു.
സി എച്ച് എന്ന മുഖ്യമന്ത്രി
കൈവച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച സാധാരണക്കാരനാണ് സി.എച്ച് മുഹമ്മദ് കോയ എന്ന ചെറിയങ്കണ്ടി മുഹമ്മദ് കോയ. 1983 സെപ്റ്റംബർ 28 ന് ഹൈദരാബാദിൽ അദ്ദേഹം അന്തരിക്കുമ്പോൾ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. അതിനു മുമ്പ് അദ്ദേഹം 1979 ൽ കേരളത്തിലെ മുഖ്യമന്ത്രിയായി അൽപ ദിവസം പ്രവർത്തിച്ചു. കേരളത്തിലെ ഏറ്റവും ആദ്യത്തെ മുസ്ളീം മുഖ്യമന്ത്രി അദ്ദേഹമായിരുന്നു.
ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവർത്തകൻ, ഉന്നതനായ എഴുത്തുകാരൻ, വശ്യവചസ്സായ പ്രഭാഷകൻ, അങ്ങനെ എല്ലാ രംഗത്തും സി.എച്ച് കഴിവു തെളിയിച്ച് ഒന്നാമനായി. കോഴിക്കോട് ജില്ലയിലെ അത്തോളിയെന്ന കൊച്ചു ഗ്രാമമാണ് സി.എച്ചിന്റെ ജന്മദേശം.1957 ൽ അദ്ദേഹം നിയമസഭയിലെത്തി. പിന്നെ തുടർച്ചയായി മരണം വരെ അദ്ദേഹത്തിന്റെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങിക്കേട്ടു. ഇടയ്ക്ക് അൽപകാലം മാത്രം അദ്ദേഹം പാർലമെന്റംഗമായി മാറി നിന്നത് ഒഴിച്ചാൽ സി.എച്ച് കേരള രാഷ് ട്രീയത്തിലെ സജീവ വ്യക്തിത്വമായിരുന്നു.
പ്രതിപക്ഷത്തായാലും ഭരനപക്ഷത്തായാലും സി.എച്ചിന്റെ ശബ്ദം ആരും ശ്രദ്ധിച്ചിരുന്നു. ഭരണപക്ഷത്തിരുന്നപ്പോൾ അദ്ദേഹം ഏതാണ്ട് എല്ലാ വകുപ്പുകളും പല തവണയായി കൈയാളിയിരുന്നു. 1961 ൽ രാഷ്ട്രീയ ഗുരുവായ സീതിസാഹിബിന്റെ നിര്യാണത്തെ തുടർന്ന് സി.എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലായിരുന്നു സി.എച്ച് ഏറ്റവുമേറെ ശൃദ്ധേയനായത്. ഏറ്റവും കൂടുതൽ കാലം അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആഭ്യന്തരം, വിനോദസഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം മന്ത്രിയായിരുന്നു.
അടിയുറച്ച ലീഗുകാരനായിരുന്നിട്ടും സി.എച്ച് എല്ലാവർക്കും സമ്മതനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ സമീപനങ്ങളിൽ സാമുദായികമോ രാഷ് ട്രീയമോ ആയ ഒരു താത?ര്യങ്ങളും കടന്നുവന്നിരുന്നില്ല. മൃദുഭാഷിയും വിനയാന്വിതനുമായിട്ടാണ് എല്ലാവരും സി.എച്ചിനെ ഓർക്കുക എങ്കിലും വേണ്ടപ്പോൾ കടുത്ത വിമർശനങ്ങളുടെ കൂരമ്പെയ്യാൻ സി.എച്ച് മടിച്ചിരുന്നില്ല. പാവപ്പെട്ടവരിൽ പാവപ്പെട്ടവനായി ജനിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെയെത്തിയ സി.എച്ചിന്റെ ജീവിതഗാഥ മുസ്ലിം ലീഗിന് ഇപ്പോഴും പ്രതീക്ഷയും ആവേശവുമാണ്. മുൻ മന്ത്രി ഡോ.എം.കെ.മുനീർ അച്ഛന്റെ കാലടികൾ പിന്തുടർന്ന് ലീഗിലെ പ്രധാന നേതാക്കളായി മാറുകയും ചെയ്തു.
മതേതരത്വവും ലീഗും
ഒരു മതേതര പാർട്ടിയെന്നാണ് ലീഗ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും പാർട്ടിയിലും , ഭരണം നേടുമ്പോൾ ഭരണത്തിലും സുപ്രധാന സ്ഥാനങ്ങൾ ഒക്കെയും തന്നെ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. നിയമം അനുശാശിക്കുന്നതിനാൽ ചില സംവരണ മണ്ഡലങ്ങളിൽ സംവരണമുള്ള സമുദായത്തിൽ ഉൾപ്പെടുന്നവരെ വിജയിപ്പിച്ചിട്ടുണ്ട് എന്നു മാത്രം. ബി. രാമൻ അത്തരത്തിൽ ജയിച്ചു വന്ന ഒരു മുസ്ലിം ലീഗ് എം എൽ എ ആയിരുന്നു.
ഗൾഫ് ബൂം ആരംഭിച്ചതോടെയാണ് മുസ്ലിം ലീഗിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയരുന്നത്. ഇതോടെ സാമ്പത്തികമായും ജനപ്രീതിയുടെ കാര്യത്തിലും മുസ്ലിം ലീഗ് കാര്യമായി തന്നെ വളർന്നു. എന്നിരുന്നാലും ഇന്നും വടക്കൻ കേരളത്തിൽ മാത്രമാണ് അവർ ഒരു നിർണ്ണായക ശക്തിയായി ഉള്ളത്. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ചില പോക്കറ്റുകൾ ഒഴിച്ചാൽ അവർക്ക് കാര്യമായ സ്വാധീനമൊന്നുമില്ല. പക്ഷേ മലബാറിൽ അതിശക്തരാണ് അവർ.
എന്നാൽ, ഇപ്പോൾ അവിടേക്കും പടർന്നുകയറാൻ ഒരുങ്ങുകയാണ് ലീഗ്. മദ്ധ്യകേരളത്തിൽ നിന്നുള്ള ഇബ്രാഹിം കുഞ്ഞിനെ മന്ത്രിയാക്കിയതു തന്നെ ആ ഉദ്ദേശം മുന്നിൽ കണ്ടിട്ടായിരുന്നു. എന്നാൽ പാലാരിവട്ടം പാലത്തിലെ അഴിമതികൾ മോഹഭംഗമായി. അതുകൊണ്ട് തന്നെ എറണാകുളത്തിന് അപ്പുറത്തേക്ക് കത്തിപടരാൻ 2021ലും അവർക്ക് കഴിയുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ 27 സീറ്റിൽ മത്സരം. ഇതിൽ 23 എണ്ണം ജയിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കേരള രാഷ്ട്രീയത്തിലെ കിങ് മേക്കറാവുകയാണ് ലക്ഷ്യം.
യുഡിഎഫ് അധികാരം നേടിയാൽ ഉപമുഖ്യമന്ത്രി പദത്തിലും അവർ കണ്ണുവയ്ക്കുന്നു. ഇതിനുള്ള രാഷ്ട്രീയ കരുത്ത് ഈ തെരഞ്ഞെടുപ്പിൽ ലീഗ് നേടുമോ എന്നതാണ് നിർണ്ണായകം.
മറുനാടന് ഡെസ്ക്