കൊച്ചി: കെസിആർഎം മുൻകൈ എടുത്ത് എറണാകുളം ഐഎംഎ ഹാളിൽ വിളിച്ചുകൂട്ടിയ ക്രൈസ്തവരുടെ സംസ്ഥാനതല നേതൃയോഗം അഖിലകേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ (All Kerala Church Act Action Council- AKCAAC)എന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകി, ക്രൈസ്തവർക്ക് ഇന്ന് അവശ്യം ആവശ്യമായിത്തീർന്നിരിക്കുന്ന ചർച്ച് ആക്ട് എന്ന വിഷയത്തിൽ ഊന്നിനിന്ന് നിരന്തരമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.


ഭൂമി കുംഭകോണങ്ങളും മറ്റു സാമ്പത്തിക ക്രമക്കേടുകളും ബിഷപ്പുമാരുടെ നേതൃത്വത്തിൽ സഭയിൽ നടക്കുന്നതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു. ചർച്ച് ആക്ട് നടപ്പിലാക്കുവാൻ സർക്കാരിനോട് ആവശ്യപ്പെടുവാൻ ഈ അവസരം തികച്ചും അനുകൂലമാണെന്ന് യോഗം വിലയിരുത്തി.ചർച്ച് ആക്ടിന്റെ അനിവാര്യതയെ കുറിച്ച് കൺവെൻഷനുകൾ, പൊതു സമ്മേളനങ്ങൾ സംസ്ഥാനതല ജാഥ, പോസ്റ്ററിങ് മുതലായവയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനങ്ങൾ, സെക്രട്ടേറിയറ്റ് ധർണ, സത്യാഗ്രഹ സമരം മുതലായ സമരപരിപാടികളും സംഘടിപ്പിക്കുവാൻ അഖിലകേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. അഡ്വ. ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ചെയർമാൻ : കെ. ജോർജ്ജ് ജോസഫ്. (പാലാ), സെക്രട്ടറി: വി.കെ. ജോയ് (തൃശൂർ), ട്രഷറർ : എൽ. തങ്കച്ചൻ (കൊല്ലം).വൈസ് ചെയർമാന്മാരായി അഡ്വ. ബോറിസ് പോൾ (കൊല്ലം), എം. എൽ ജോർജ്ജ് (കോഴിക്കോട്), ഇ.ആർ . ജോസഫ് (കോട്ടയം), എൻ.ജെ ജോൺ (മാനനന്തവാടി), ആന്റോ കോക്കാട്ട് (തൃശൂർ), പ്രൊഫ. പി.സി. ദേവസ്യ (തൊടുപുഴ), പ്രൊഫ. ജോസഫ് വർഗ്ഗീസ് (ഇപ്പൻ - എറണാകുളം ), പ്രൊഫ. ഫിലോമിന ജോസ് (തലശ്ശേരി), അഡ്വ. പോളച്ചൻ പുതുപ്പാറ (അങ്കമാലി), അഡ്വ. സി.ജെ. ജോസ് (കോട്ടയം), ലോനൻ ജോയ് തൃശൂർ), അഡ്വ. ബൻസൻ ജെ. ലോറൻസ് (ആലപ്പുഴ), ശ്രീമതി. സിൽവി സുനിൽ (എറണാകുളം), പി.ജെ. ആന്റണി(എറണാകുളം), ബേബി മാത്യു(എറണാകുളം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ അഡ്വ. ജയിംസ് മാനുവൽ, അഡ്വ. പോളച്ചൻ പുതുപ്പാറ, ആഡ്വ. ബോറിസ് പോൾ, അഡ്വ. ഐവിൻ, അഡ്വ. ചെറിയാൻ ഗൂഡല്ലൂർ, അഡ്വ. ഇന്ദുലേഖാ ജോസഫ്, അഡ്വ. ജേക്കബ്ബ് മുണ്ടാടൻ, എന്നിവരടങ്ങുന്ന ലീഗൽ സെല്ലും, അഡ്വ. ഇന്ദുലേഖാ ജോസഫ്, പ്രൊഫ. ഫിലോമിന ജോസ്, അലോഷ്യാ ജോസഫ്, ബിജി ജയിൻ, സിൽവി സുനിൽ എന്നിവരടങ്ങുന്ന വനിതാ സെല്ലും രൂപീകരിച്ചുസോഷ്യൽ മീഡിയാ ഇന്റർ വെന്റർ ആയി ക്രിസ്റ്റഫർ ജി. യേയും 101 അംഗ കമ്മിറ്റിയെയുംതിരഞ്ഞെടുക്കപ്പെട്ടു. യോഗത്തിന്ു വരാൻ കഴിയാതെപോയ ഏതാനും പ്രവർത്തകരെക്കൂടി കോ-ഓപ്റ്റ് ചെയ്ത് 101 അംഗനിർവാഹകസമിതി രൂപീകരിക്കാൻ തീരുമാനിച്ചു.

2009 ൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ചെയർമാനായിരുന്ന കേരള നിയമ പരിഷ്‌കരണ കമ്മീഷൻ സർക്കാരിന് ശിപാർശ ചെയ്ത കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ നിയമമാക്കുന്നതിന് അഖിലകേരള അടിസ്ഥാനത്തിൽ സമാന ചിന്താഗതിയിൽ പ്രവർത്തിക്കുന്ന മറ്റു ക്രൈസ്തവസഭകളിലെ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി പ്രസ്ഥാനം വിപുലീകരിക്കാൻ ശ്രമിക്കണമെന്നും യോഗം തീരുമാനിച്ചു.

ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ഏറ്റവും അടുത്തുതന്നെ ഒരു സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തിയും മുഖ്യമന്തിക്ക് നിവേദനം സമർപ്പിച്ചും പ്രവർത്തന പപരിപാടികൾക്ക് തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു. തീയതിയും സമയവും തീരുമാനിക്കുന്നതിന് നിർവ്വാഹക സമിതിയെ യോഗം ചുമതലപ്പെടുത്തി.