ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടേയും ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. നവംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ മതബോധന ക്ലാസുകളിൽ വിശുദ്ധരെപ്പറ്റി പ്രത്യേക ക്ലാസുകളും സ്ലൈഡ് ഷോയും പോസ്റ്റർ പ്രദർശനവും നടത്തപ്പെട്ടു. തുടർന്ന് വിശുദ്ധരുടെ ചിത്രങ്ങളുമേന്തി വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് നടത്തിയ ഘോഷയാത്രയിൽ മതബോധന സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളും എൺപതോളം അദ്ധ്യാപകരും പങ്കെടുത്തു.

പ്രൊസഷനിൽ ഉടനീളം ദേവാലയത്തിലെ ഗായകസംഘം സകല വിശുദ്ധരുടേയും ലുത്തീനിയ ആലപിച്ചു. തുടർന്ന് വിശുദ്ധരുടെ ജീവിതമാതൃക തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊള്ളാം എന്ന് പ്രഖ്യാപിക്കുന്ന സകല വിശുദ്ധരുടേയും പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. അസിസ്റ്റന്റ് ഡയറക്ടർ മനീഷ് കൈമൂലയിൽ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന വിശുദ്ധ കുർബാന മധ്യേ വികാരി ഫാ. തോമസ് മുളവനാലും, അസിസ്റ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കരയും കുട്ടികൾക്ക് സകല വിശുദ്ധരുടേയും സന്ദേശം നൽകി. വിശുദ്ധരുടെ ജീവിതം അനുകരിക്കാൻ വൈദീകർ കുട്ടികളെ ഉത്‌ബോധിപ്പിച്ചു.

വി. കുർബാനയ്ക്കുശേഷം കുട്ടികൾക്കെല്ലാവർക്കും മിഠായി വിതരണം നടത്തി. തുടർന്ന് സമാധാനത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ട് വൈദീകരുടെ നേതൃത്വത്തിൽ ബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ചടങ്ങ് നടന്നു. തിരുനാൾ ആഘോഷ പരിപാടികളിൽ ഉടനീളം ഇടവകാംഗങ്ങൾ ഒന്നടങ്കം പങ്കുചേർന്നു. സി. സേവ്യർ, സജി പുതൃക്കയിൽ, ജോണി തെക്കേപ്പറമ്പിൽ, സാലി കിഴക്കേക്കുറ്റ്, ബിജു പൂത്തറ, സണ്ണി മേലേടം, ചർച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, അദ്ധ്യാപകർ, പേരന്റ് വോളണ്ടിയേഴ്‌സ്, ഗായകസംഘം, അൾത്താര ശുശ്രൂഷികൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.  സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്.