ഫീനിക്‌സ്: വിശുദ്ധരുടെ ജീവിതം നമ്മുടെ അനുദിന ജീവിതത്തിൽ മാതൃകയാക്കുന്നത് അനുകരണീയമാണെനനും വിശുദ്ധരോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ നമുക്കുവേണ്ടി വിശുദ്ധ സമൂഹവും പ്രാർത്ഥിക്കുന്ന വേളയാണ് സംജാതമാകുന്നതെന്നും ഫീനിക്‌സിലെ ഹോളിഫാമിലി സീറോ മലബാർ ദേവാലയത്തിലെ ഓൾ സെയിന്റ്‌സ് ദിനാഘോഷ ചടങ്ങിൽ ഇടവക സമൂഹത്തിന് നൽകിയ സന്ദേശത്തിൽ ഫാ. മാത്യു മുഞ്ഞനാട്ട് വ്യക്തമാക്കി.

ഫാൻസിഡ്രസ്, ടാബ്ലോ എന്നീ വിഭാഗങ്ങളിലായി ഇടവകയിലെ 130-ഓളം മതബോധന വിദ്യാർത്ഥികളും മാതാപിതാക്കളും, മതാധ്യാപകരും വിവിധ വിശുദ്ധരുടെ മാതൃകയുമായി വേദിയിലെത്തി. വിശുദ്ധരുടെ ജീവിതദർശനങ്ങൾ വെളിവാക്കുന്ന പവർ പോയിന്റ് പ്രസന്റേഷനും ശബ്ദവിവരണവും, അവർ ഉയർത്തിപ്പിടിച്ച വിശ്വാസ സത്യങ്ങളുടെ ആഴം അനുഭവവേദ്യമാകുവാൻ ഉപകരിച്ചു. വി. ജിയാന്ന ബെമേറ്റ രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞുമായി വേദിയിലെത്തിയത് കൗതുകമുണർത്തി. വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ സ്‌പോട്ട് ക്വിസ് ഇടവക ജനങ്ങൾക്ക് പുത്തൻ അറിവുകൾ പ്രദാനം ചെയ്തു.

അമേരിക്കയിൽ ഹാലോവീൻ വേഷവിധാനങ്ങളുടെ അതിപ്രസരങ്ങൾക്ക് അടിമപ്പെടാതെ വിശുദ്ധ സമൂഹത്തിന്റെ വേഷവിധാനങ്ങൾ തെരഞ്ഞെടുത്ത് വേദിയിലെത്തിക്കുവാൻ പ്രയത്‌നിച്ച കുട്ടികളേയും മാതാപിതാക്കളേയും ഫാ. മാത്യു മുഞ്ഞനാട്ട് പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധരുടെ നാമകരണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

വി. അൽഫോൻസാമ്മയ്ക്കുശേഷം ഈമാസം വിശുദ്ധരായി നാമകരണം ചെയ്യപ്പെടാനിരിക്കുന്ന വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, ഏവുപ്രാസ്യാമ്മയും ഭാരത സമൂഹത്തിന് ഒരു അനുഗ്രഹമാണ്. കേരളത്തിലെ പരിതസ്ഥിതിയിൽ ജീവിച്ച് വിശുദ്ധരായിത്തീർന്ന ഈ ധന്യാത്മാക്കൾ നമുക്ക് മാതൃകയും പ്രചോദനവുമായിരിക്കണം. ആഘോഷങ്ങൾക്ക് മതബോധന ഡയറക്ടർ സാജൻ മാത്യു, അസിസ്റ്റന്റ് ഡി.ആർ.ഇ ആന്റോ യോഹന്നാൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജൂഡി റോസ് ജെയിംസ്, അവതാരകൻ ഷാജു ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി. ഷാജു നെറ്റിക്കാടൻ അറിയിച്ചതാണിത്.