ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ ആചരിച്ചു. വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ് നൂറുകണക്കിന് കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നു. ക്ലാസ് റൂം ടീച്ചിങ്ങിന്റെ ഭാഗമായി വിശുദ്ധരുടെ ജീവിതത്തെപ്പറ്റിയുള്ള പഠനങ്ങൾ നടത്തപ്പെട്ടു. തുടർന്ന് മതബോധന സ്കൂളിൽ നിന്നും ദേവാലയത്തിലേക്ക് പരേഡ് നടത്തപ്പെട്ടു.

വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികളും പ്ലാക്കാർഡുകൾ ഏന്തിയ കുട്ടികളും പരേഡിൽ പങ്കുചേർന്നു. ദേവാലയത്തിൽ കുട്ടികൾ വിശുദ്ധരുടെ ജീവിതമാതൃക പിന്തുടർന്നു കൊള്ളാം എന്നറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ എടുത്തു. തുടർന്ന് വികാരി ഫാ. തോമസ് മുളവനാലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ച വി. കുർബാനയ്ക്കുശേഷം മിഠായി വിതരണം നടത്തപ്പെട്ടു. പരിപാടികൾക്കും ക്രമീകരണങ്ങൾക്കും ചർച്ച് എക്സിക്യൂട്ടീവ്, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.