മാഡ്രിഡ്: സ്‌പെയിനിലെ എല്ലാ എയർപോർട്ടുകളിലും ഇനി അൺലിമിറ്റഡ് വൈ ഫൈ സൗകര്യം ലഭ്യമാകുമെന്ന് സ്‌പെയിനിലെ എയർപോർട്ട് അഥോറിറ്റി എഇഎൻഎ വ്യക്തമാക്കി. അടുത്ത ഒക്ടോബർ മുതൽ രാജ്യത്തെ 46 എയർപോർട്ടുകളിലും സൗജന്യ വൈ ഫൈ സേവനം കിട്ടിത്തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് നടപടികൾ ത്വരിതപ്പെടുത്തുമെന്നും നിലവിലുള്ള സ്പീഡ് മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ പാസഞ്ചർ സർവീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വൈഫൈ സേവനം വ്യാപിപ്പിക്കുന്നതെന്ന് എഇഎൻഎ ചൂണ്ടിക്കാട്ടി.

കൂടുതൽ വേഗമുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ളവർക്ക് നിലവിലുള്ള പെയ്ഡ് പ്രീമിയം സർവീസുമായി ബന്ധപ്പെടുത്താമെന്ന സൗകര്യം കൂടിയുണ്ട്. നിലവിൽ 28 എയർപോർട്ടുകളിൽ മുപ്പത് മിനിട്ട് സൗജന്യ വൈഫൈ സർവീസാണ് കുബി വയർലെസ് ലഭ്യമാക്കുന്നത്. പുതിയ പദ്ധതി നടപ്പാക്കുമ്പോൾ സമയപരിധിയില്ലാതെ രാജ്യത്തെ എല്ലാ എയർപോർട്ടിലും സൗജന്യമായി വൈഫൈ സൗകര്യം ആസ്വദിക്കാൻ സാധിക്കും എന്നതാണ് മെച്ചം.