കൊച്ചി: സിനിമാ സമരം പരിഹരിക്കാനുള്ള ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ എല്ലാ തിയറ്ററുകളും അടച്ചിടാൻ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. വ്യാഴാഴ്ച മുതൽ ഫെഡറേഷന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ എ ക്ലാസ് തിയറ്ററുകളും അടച്ചിടുമെന്ന് പ്രസിഡന്റ് ലിബർട്ടി ബഷീർ അറിയിച്ചു. ഇതോടെ അന്യഭാഷാ ചിത്രങ്ങളുടെയും റിലീസിങ് പ്രതിസന്ധിയിലായി.

എ ക്ലാസ് തിയറ്ററുകൾ ഒഴിവാക്കി സിനി എക്സിബിറ്റേഴ്സുമായും സംഘടനയ്ക്ക് പുറത്തുള്ള തിയറ്ററുകളുമായും സഹകരിച്ച് 12 മുതൽ മുടങ്ങിക്കിടന്ന സിനിമകൾ റിലീസ് ചെയ്യാനുള്ള നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തിന് പിന്നാലെയാണ് തിയറ്ററുടമകൾ നിലപാട് കടുപ്പിച്ചത്. 350 ലധികം തിയറ്ററുകൾ എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുണ്ട്. ഈ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്തില്ലെങ്കിൽ സിനിമാ മേഖല കനത്ത തിരിച്ചടി നേരിടും.

50-50 അനുപാതത്തിൽ തിയറ്റർ വിഹിതമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പിടിവാശിയാണ് സമരം ഇത്രയും നീളാൻ കാരണം. ഇവരുടെ പിടിവാശിക്ക് കീഴടങ്ങേണ്ടെന്നാണ് ഫെഡറേഷൻ തീരുമാനമെന്ന് ലിബർട്ടി ബഷീർ അറിയിച്ചു.സർക്കാർ വിളിച്ചാൽ ഫെഡറേഷൻ ചർച്ചയ്ക്ക് തയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ അന്യഭാഷ ചിത്രങ്ങളുടെയും റിലീസ് പ്രതിസന്ധിയിലായി. വിജയ്യുടെ ഭൈരവ ഈ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യാനിരിക്കുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങൾ, കാംബോജി, വേദം എന്നീ സിനിമകൾ ആണ് സമരം മൂലം റിലീസ് ചെയ്യാതിരിക്കുന്നത്.